SignIn
Kerala Kaumudi Online
Sunday, 22 May 2022 6.01 AM IST

കോവളത്തെ വിദേശിക്ക് സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാം, മദ്യം കൈവശം വയ്ക്കാൻ ബില്ല് വേണോ? അറിയാം കുറച്ച് നിയമ വശങ്ങൾ

foreigner-

മദ്യവുമായെത്തിയതിന് പൊലീസ് തടഞ്ഞ വിദേശിയായ സ്റ്റിഗ് സ്റ്റീഫൻ ആസ്‌ബെർഗിന് മദ്യം ഒഴുക്കി കളയേണ്ടി വന്നിരുന്നു. പിന്നാലെ പൊലീസ് നടപടിയുടെ വീഡിയോ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി തെറിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായില്ലെന്നും, ബിൽ സൂക്ഷിക്കാത്ത വിദേശയുടെ ഭാഗത്താണ് തെറ്റെന്നും അഭിപ്രായവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. മദ്യം കൈവശം വെക്കാനും, വാഹനത്തിൽ സൂക്ഷിക്കാനും ബില്ല് വേണോ? നിയമം എന്താണ് ഇതിനെ കുറിച്ച് പറയുന്നതെന്ന് വിശദമാക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ. അറിവ് പകരുന്ന ഈ കുറിപ്പ് വായിച്ചാൽ പൊലീസിനോട് നിയമം അറിയില്ലെങ്കിൽ പഠിക്കണം സാറേ എന്ന സിനിമ ഡയലോഗ് പരിശോധന സമയത്ത് പറയാൻ ആർക്കും കഴിയുമെന്ന് ഉറപ്പാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മദ്യം കൈവശം വെക്കാനും, വാഹനത്തിൽ സൂക്ഷിക്കാനും ബില്ല് വേണോ? നിയമം എന്ത്?

കോവളത്ത് വിദേശ പൗരൻ കൈവശം വെച്ച കേരള സർക്കാർ നികുതിയടച്ച മദ്യം നശിപ്പിച്ച പോലീസ് നടപടിയിൽ പോലീസുകാരെ സസ്പെന്റ് ചെയ്ത സാഹചര്യത്തിൽ നിരവധി സുഹൃത്തുക്കൾ ഉന്നയിച്ച മേൽ സംശയത്തിലെ വസ്തുതകൾ ഇങ്ങനെയാണ്.

ബില്ല് മദ്യത്തിന്റെത് മാത്രമല്ല എല്ലാ സാധനങ്ങളുടെയും സൂക്ഷിക്കണം. ബില്ല് അത് നാരങ്ങാമുട്ടായിട്ടുടേത് ആണെങ്കിൽ പോലും അത് നമ്മുടെ അവകാശമാണ്. നല്ല തെളിഞ്ഞു കാണുന്ന മാഷിയോടുകൂടിയതും, ക്വാളിറ്റിയുള്ള പേപ്പറിലുമായൊരിക്കണം എന്നും നമ്മുടെ നാട്ടിൽ പ്രത്യേക നിയമമുണ്ട്.

നാം മേടിച്ച സാധനങ്ങളോ, സ്വീകരിച്ച സേവനങ്ങളോ പണം നൽകിയിട്ടുള്ളതാണെങ്കിൽ അവയ്ക്ക് ഉണ്ടാകുന്ന അല്ലെങ്കിൽ അവയുടെ ഉപയോഗത്തിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക്, ഡാമേജുകൾക്ക് പരിഹാരം കാണാൻ ബില്ലുകൾ നിർബന്ധമാണ്.

എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ബില്ല് നഷ്ടപ്പെട്ടാലും യാതൊരു പ്രശ്നവുമില്ല അത് പരിഹരിക്കാനുള്ള അതിനുള്ള നിരവധിനവധി നിയമ മാർഗ്ഗങ്ങളുണ്ട്.

സർക്കാർ നൽകുന്ന മദ്യം അനധികൃതമാണോ, വ്യാജനാണോ, ടാക്സ് അടക്കാത്തതാണോ എന്നൊക്കെ തെളിയിക്കാൻ നിയമപരമായ നിരവധി മാർഗ്ഗങ്ങളുണ്ട്. ബില്ലില്ല എന്നപേരിൽ നിയമനുസൃതമായി മദ്യം കൈവശം വെച്ച വ്യക്തിയെ (സ്വാദേശിയോ വിദേശിയോ ആകട്ടെ ) റോഡിൽ വെച്ച് ഭീഷണിപ്പെടുത്താനോ, മദ്യം നശിപ്പിക്കാനോ, നശിപ്പിക്കാൻ ആവശ്യപ്പെടാനോ പോലീസിനോ എക്സൈസിനോ അധികാരമോ അവകാശമോ ഇല്ല എന്നതാണ് നിയമം.

മദ്യ കുപ്പിയിൽ തന്നെ എല്ലാവിധ സെക്കുരിറ്റിയും ഹോളോഗ്രാമും, ബാർ കോഡും, സെക്കുരിറ്റി സീരിയൽ നമ്പറുകളും ഉൾപ്പെടെയുണ്ട്.

അതുകൊണ്ടുതന്നെയാണ് ബില്ലിൽ ഉപഭോക്താവിന്റെ പേരോ, നാളോ, വിലാസമോ പ്രിന്റ് ചെയ്യാതെ മദ്യത്തിന്റെ വിവരങ്ങൾ മാത്രം പ്രിന്റ് ചെയ്ത് നൽകുന്നതും. മദ്യക്കുപ്പിയിൽ ആവശ്യത്തിന് എല്ലാ രേഖകളും സെക്കുരിറ്റിയും ഉണ്ട് എന്നതിനാലാണ്. ഏത് ഔട്ട്ലെറ്റിൽ നിന്നാണ് മദ്യം മേടിച്ചത് എന്നതും ഏത് ബാച്ചിൽ ഉള്ള മദ്യമാണ് എന്നതുവരെ ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കും.

അതുകൊണ്ട് മദ്യം കൊണ്ടുപോകുന്നവർ ബില്ല് കൈവശം വെക്കുന്നില്ല എന്നതിന് പരസ്യവിചാരണയും ശിക്ഷാവിധിയും നടപ്പിലാക്കാൻ ഒരു നിയമപാലകർക്കും അധികാരമോ അവകാശമോ ഇല്ല.

നിയമനുസൃത അളവിലാണ് മദ്യം കയ്യിൽ ഉള്ളത് എങ്കിൽ, കേരളത്തിൽ വില്പന നടത്താവുന്ന നികുതി അടച്ച മദ്യമാണെങ്കിൽ ബോട്ടിലുകളിൽ നിന്നുതന്നെ വില്പന നടത്തിയ ഔട്ട്ലെറ്റിന്റെ ഉൾപ്പെടെ എല്ലാ വിവരങ്ങളും നിയമപാലകർക്കും, വ്യക്തികൾക്കും ലഭ്യമാകും. അതുകൊണ്ടുതന്നെ വില്പനക്കുള്ള അളവിലല്ലെങ്കിൽ, വില്പന നടത്തുകയല്ലെങ്കിൽ, പബ്ലിക്കായി മദ്യപിക്കുകയോ, മദ്യപിച്ച് വാഹനമോടിക്കുകയോ ചെയ്തില്ലെങ്കിൽ ഏതൊരാളെയും മദ്യം നശിപ്പിക്കാനോ, ഭീഷണിപ്പെടുത്താനോ കേസെടുക്കാനോ പാടുള്ളതല്ല.

വാഹന പരിശോധനക്കിടെ ഒരാളുടെ കൈവശം അളവിൽ കൂടുതൽ മദ്യമുണ്ടോ എന്നും അനധികൃത മദ്യമാണോ എന്നന്വേഷിക്കാനും നടപടി എടുക്കാനും പൊലീസിന് അധികാരമുണ്ട്. ബിലില്ലാതെ കൊണ്ടുവരുന്ന മദ്യം വ്യാജമാണോ എന്ന് സംശയം തോന്നി എങ്കിൽ പരിശോധനക്കായി പിടിച്ചെടുക്കാനും ലാബിൽ അയച്ച് പരിശോധിക്കാനും കേസ് രജിസ്റ്റർ ചെയ്യാനും സാധിക്കും.

അത്തരം സാഹചര്യങ്ങളിൽ അനധികൃത മദ്യമാണ് എങ്കിൽ അബ്കാരി നിയമം 55(a), അളവിൽ കൂടുതൽ മദ്യം കൈവശം വച്ചു എങ്കിൽ 63 തുടങ്ങി അബ്കാരി നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുക്കാം എന്നാൽ കേസ് തെളിയിക്കേണ്ട ബാധ്യത പോലീസിന്റെയും എക്സൈസിന്റെയും പ്രോസിക്കൂഷ്യന്റെയുമാണ്.

WPC No. 17383/2017 എന്ന കേസിൽ അലക്സ് വി ചാക്കോ നൽകിയ ഹർജ്ജിയിൽ ബഹു ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഇക്കാര്യം വ്യക്തമായി വിധിച്ചിട്ടിട്ടുണ്ട്.

കൂടാതെ Sabu vs State Of Kerala 2003 കേസിലും സമാന കാര്യങ്ങളാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

അഡ്വ ശ്രീജിത്ത്‌ പെരുമന

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FOREIGNER, LIQUOR, KOVALAM, NEWYEAR, FACEBOOK POST, POLICE, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.