SignIn
Kerala Kaumudi Online
Friday, 26 April 2024 11.32 PM IST

തൊഴിലില്ലായ്‌മയും സിൽവർ ലൈനും

silver-line

തൊഴിലില്ലായ്‌മ കേരളത്തിൽ നാൾക്കുനാൾ കൂടിവരികയാണെന്ന് കണക്ക് സഹിതം സമർത്ഥിക്കുന്നവർ പോലും തൊഴിലവസരം കൂട്ടാനുതകുന്ന ഒരു പദ്ധതി വരുമ്പോൾ തടയുന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പി.എസ്.സി, റാങ്ക് ലിസ്റ്റ് നീട്ടുന്നതിനും കൂടുതൽ പേരെ നിയമിക്കുന്നതിനും നടപടിയെടുക്കുന്നില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ കക്ഷികൾ നിരവധി തവണ സമരം നടത്തിയിട്ടുണ്ട്. ജനസംഖ്യയുടെ നേരിയ ശതമാനം പേർക്കേ സർക്കാർ ജോലികളും അദ്ധ്യാപക ജോലികളും ലഭിക്കുകയുള്ളൂ. ഇതറിയാത്തവരല്ല രാഷ്ട്രീയക്കാർ. പക്ഷേ യുവാക്കളുടെ ശ്രദ്ധ പി.എസ്.സിയിലേക്ക് മാത്രം തിരിച്ചുവിടാൻ അവർ പല അഭ്യാസങ്ങളും കാണിക്കും. അതേസമയം 11,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സിൽവർ ലൈൻ സെമി - ഹൈസ്‌പീഡ് റെയിൽ വരുന്നതിനെ പ്രതിപക്ഷം എതിർക്കുകയും ചെയ്യുന്നു. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നഷ്ടപരിഹാര പാക്കേജിന്റെ പ്രസക്തി. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിൽ അർഹരായവർക്ക് സിൽവർ ലൈനിൽ ജോലി നല്‌കുമെന്ന പ്രഖ്യാപനം ഒന്നുമാത്രം മതി ഈ പദ്ധതി ഇവിടെ നടപ്പാകുമെന്ന് ഉറപ്പാക്കാൻ. എല്ലാ വീട്ടിലും വളർന്നുവരുന്ന കുട്ടികളുണ്ട്. എല്ലാ കുടുംബക്കാരും കാംക്ഷിക്കുന്നത് മക്കൾക്കും ചെറുമക്കൾക്കും മറ്റും നാട്ടിൽ ഒരു ജോലിയാണ്. ഇപ്പോൾ ഭൂരിപക്ഷം ജോലികൾക്കും നാട്ടിൽ മാന്യമായി ജീവിച്ചുപോകാൻ കഴിയുന്ന ശമ്പളം ലഭിക്കുന്നുണ്ട്. ആ നിലയിൽ ഈ പദ്ധതിക്ക് ഭൂമി എടുക്കണേ എന്ന് പ്രാർത്ഥിക്കുന്ന നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ടാകും. ജീവിതപ്രശ്നം കഴിഞ്ഞേ തത്വചിന്തയും പരിസ്ഥിതിപ്രശ്നവുമൊക്കെ കടന്നുവരുന്നുള്ളൂ. അതിനാൽ പദ്ധതി നടപ്പാകുന്ന മുറയ്ക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള തൊഴിലവസരങ്ങളെക്കുറിച്ച് ഭൂമി നഷ്ടപ്പെടുന്നവരെ ബോധവത്‌ക്കരിക്കാനും അതിന് ഉതകുന്ന കോഴ്സുകളിലേക്ക് അവരെ തിരിച്ചുവിടാനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ ഇപ്പോഴേ തുടങ്ങണം.

ജനം ഭൂമി വിട്ടുകൊടുക്കാൻ മടിക്കുകയും എതിർക്കുകയും ചെയ്യുന്നത് പഴയകാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. സർക്കാരിന് ഏത് ഭൂമിയും പിടിച്ചെടുക്കാനുള്ള അധികാരം ഭരണഘടന നല്‌കുന്നുണ്ട്. ഇതുപയോഗിച്ച് ഭൂമി അക്വയർ ചെയ്യുകയും പിന്നീട് അതിന്റെ നഷ്ടപരിഹാരം വർഷങ്ങളോളം കൊടുക്കാതിരിക്കുകയും ചെയ്ത ചരിത്രം എല്ലാ സർക്കാരിന്റെയും ഭാണ്ഡത്തിലുണ്ട്. ആ കാലം മാറി. വിപണി വിലയുടെ മൂന്നിരട്ടി വരെ നഷ്ടപരിഹാരം നല്‌കണമെന്ന് പാർലമെന്റിൽ തന്നെ നിയമം പാസാക്കി. നഷ്ടപരിഹാരത്തുക കൈപ്പറ്റിയതിനുശേഷം ഭൂമി വിട്ടുകൊടുത്താൽ മതിയെന്നും മറ്റുമുള്ള വ്യവസ്ഥകൾ ഭൂമി നഷ്ടപ്പെടുന്നവർക്ക് അനുകൂലമായി എഴുതിചേർക്കപ്പെട്ടിരിക്കുന്ന കാലമാണിത്. സിൽവർ ലൈൻ കടന്നുപോകുന്ന ഗ്രാമപ്രദേശങ്ങളിൽ ചിന്തിക്കാൻപോലും കഴിയാത്ത നഷ്ടപരിഹാരത്തുകയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമങ്ങളിൽ ഭൂമിക്ക് വിപണി വിലയുടെ നാല് മടങ്ങ് വരെയും നഗരങ്ങളിൽ രണ്ട് മടങ്ങുവരെയുമാണ് നഷ്ടപരിഹാരം ലഭിക്കുക. വീട് നഷ്ടപ്പെടുന്നവർക്ക് വീടും ആവശ്യപ്പെട്ടാൽ നൽകും. നഷ്ടപരിഹാരത്തുക കുറഞ്ഞുപോയെന്ന് ഒരാൾക്ക് പോലും പറയാൻ കഴിയാത്ത രീതിയിലുള്ള പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഫാക്ടിന് വേണ്ടി എം.കെ.കെ. നായർ ആയിരം ഏക്കറോളം എറണാകുളം ജില്ലയിൽ ഏറ്റെടുത്തപ്പോൾ അവിടെ പ്രധാനമായും അധിവസിച്ചിരുന്ന ദളിത് വിഭാഗക്കാരിൽ അർഹരായവർക്കെല്ലാം ജോലി നല്കിയിരുന്നു. അവരുടെ മൂന്നാം തലമുറ ഇന്ന് എങ്ങനെയാണ് ജീവിക്കുന്നതെന്ന് മനസിലാക്കുമ്പോഴാണ് പുരോഗതി വരുന്ന വഴി മനസിലാവുക. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ വീറോടെ എതിർക്കട്ടെ.

പദ്ധതി നടപ്പാവുമെന്ന് ഒരർത്ഥത്തിൽ ഉറപ്പാക്കുന്നതും ഈ എതിർപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVER LINE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.