മെൽബൺ : ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പങ്കെടുക്കാനെത്തിയ ചെക്ക് റിപ്പബ്ളിക്കിന്റെ വനിതാ ടെന്നിസ് താരം റെനാറ്റ വരാകോവയുടെ വിസയും ആസ്ട്രേലിയൻ അതിർത്തി രക്ഷാ സേന റദ്ദാക്കി. വാക്സിനേഷൻ പൂർത്തിയാക്കാത്തതിനാൽ നൊവാക്ക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയതിന് സമാനമായ നടപടിയാണിത്. നേരത്തേ മെൽബണിലെത്തിയിരുന്ന റെനാറ്റ മെൽബൺ ഓപ്പണിൽ കളിച്ചിരുന്നു.തുടർന്ന് ആസ്ട്രേലിയൻ ഓപ്പണിനായി തയ്യാറെടുക്കവേയാണ് വിസ റദ്ദാക്കിയത്. നൊവാക്കിനെ താമസിപ്പിച്ചിരിക്കുന്ന എമിഗ്രേഷൻ ഹോട്ടലിലാണ് റെനാറ്റയെയും താമസിപ്പിച്ചിരിക്കുന്നത്. നൊവാക്ക് തന്റെ വിസ റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റിയ കോടതി അതുവരെ താരത്തെ തിരിച്ച് നാട്ടിലേക്ക് അയക്കരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്.
നൊവാക്കിനെ തടഞ്ഞതിൽ പ്രതിഷേധം വ്യാപകം
അതേസമയം നൊവാക്കിനെ തടഞ്ഞുവച്ചതിൽ ടെന്നിസ് ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. റാഫൽ നദാൽ,നിക്ക് കിർഗിയാക്കോസ് തുടങ്ങിയ മുൻ നിര താരങ്ങൾ ആസ്ട്രേലിയൻ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധമറിയിച്ചു. സെർബിയൻ സർക്കാരും നൊവാക്കിന്റെ കുടുംബവും കഴിഞ്ഞ ദിവസം ആസ്ട്രേലിയയുടെ നടപടിയെ പരസ്യമായി വിമർശിച്ചിരുന്നു. അതേസമയം നൊവാക്കിനെ തടഞ്ഞുവച്ചിട്ടില്ലെന്നും എമിഗ്രേഷൻ ഹോട്ടലിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും ആസ്ട്രേലിയൻ സർക്കാർ വിശദീകരണവുമായി എത്തിയിട്ടുണ്ട്.
ഫ്രഞ്ച് ഓപ്പണിലേക്ക് സ്വാഗതം
ആസ്ട്രേലിയ തടഞ്ഞ നൊവാക്കിനെ ഫ്രഞ്ച് ഓപ്പണിലേക്ക് സ്വാഗതം ചെയ്ത് ഫ്രഞ്ച് സർക്കാർ. വാക്സിൻ എടുത്താലും ഇല്ലെങ്കിലും നൊവാക്കിനെ ഫ്രഞ്ച് ഓപ്പണിൽ കളിപ്പിക്കുമെന്ന് ഫ്രഞ്ച് കായിക മന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാണ് നൊവാക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |