SignIn
Kerala Kaumudi Online
Thursday, 19 September 2024 1.06 AM IST

നടിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി, പക്ഷേ ഞങ്ങൾ ആഗ്രഹിക്കുന്ന പിന്തുണ ഇതല്ല; മലയാള ചലച്ചിത്ര താരങ്ങളോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി ഡബ്ലിയു സി സി

Increase Font Size Decrease Font Size Print Page
wcc

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയായ നടിക്ക് പിന്തുണയുമായി നിരവധി ചലച്ചിത്രതാരങ്ങൾ ഇന്നലെ രംഗത്ത് വന്നിരുന്നു. നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തുകൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള ചലച്ചിത്രതാരങ്ങൾ ഇന്നലെ രംഗത്ത് വന്നത്. എന്നാൽ അ‌ഞ്ച് വർഷത്തിന് ശേഷം ഇപ്പോൾ നൽകുന്ന പിന്തുണ ഏത് രീതിയിൽ വ്യഖ്യാനിക്കണമെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഫോർ കളക്ടീവ് ഇൻ സിനിമ (ഡബ്ളിയു സി സി). സമൂഹമാദ്ധ്യമത്തിലാണ് ഡബ്ളിയു സി സി തങ്ങളുടെ നിലപാട് വ്യക്താമാക്കിയത്.

മലയാള സിനിമയിൽ നിന്നും, അന്യഭാഷാ സിനിമാ രംഗത്ത് നിന്നും, മറ്റ് മേഖലകളിൽ നിന്നും നടിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണെങ്കിലും അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യെന്ന് ഡബ്ളിയു സി സിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നമുക്ക് ചുറ്റുമുള്ളവർ ഭയത്താൽ തലതാഴ്ത്തി നിൽക്കുമ്പോഴും, നമുക്ക് തല ഉയർത്തി പിടിച്ച് തന്നെ നിൽക്കാൻ സാധിക്കുന്നത്, തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അസാധാരണവും, അത്യധികവുമായ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവർഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവൾ, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്.
മലയാള സിനിമയിൽ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളിൽ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണ്. എങ്കിലും അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.
ഇപ്പോൾ നൽകുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാൻ ഞങ്ങൾ ഈയവസരത്തിൽ നിർബന്ധിതരാവുകയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്യുകയല്ലാതെ, തങ്ങളുടെ തൊഴിലിടങ്ങളിൽ POSH മാർഗ്ഗനിർദ്ദേശങ്ങൾ പ്രായോഗികമാക്കാൻ, മലയാള സിനിമ നിർമ്മാതാക്കൾ തയ്യാറാകുന്നുണ്ടോ! സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യമായ അവസരങ്ങൾ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ!
നമ്മുടെ പുരുഷ സഹപ്രവർത്തകർ, നിലവിൽ അവർക്കുള്ള നിർണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകൾക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവർത്തനാന്തരീക്ഷം ഉണ്ടെന്നും, അവർ പാർശ്വവൽക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി, സ്ഥിരവും ശാശ്വതവുമായ സഖ്യം ചേരലുകൾക്ക് തയ്യാറാകുന്നുണ്ടോ! ഇതാണ് ഞങ്ങൾക്ക് വേണ്ട പിന്തുണ. ഇത്തരത്തിലുള്ള പരിഗണനയാണ് ഞങ്ങൾ അർഹിക്കുന്നത്.
ഈ കാലയളവിൽ, അതിജീവിച്ചവൾക്കൊപ്പവും, WCC.ക്കൊപ്പവും നിന്നുകൊണ്ട്, ആത്മാർത്ഥമായി നിസ്വാർത്ഥമായി പ്രവർത്തിച്ച ഓരോരുത്തരോടുമുള്ള സ്നേഹവും കൃതജ്ഞതയും വളരെ വലുതാണ്. മലയാള സിനിമാ രംഗത്ത് പുരോഗമനപരവും വ്യവസ്ഥാനുസൃതവുമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായുള്ള ഞങ്ങളുടെ പ്രയത്നത്തിൽ നിന്നും ഒരുതരത്തിലും പിന്നോട്ടു പോകാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ഈ ഒരു യാത്രയിൽ ഉള്ള നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ വളരെ വിലപ്പെട്ടതാണ്.
പക്ഷപാതപരമല്ലാത്ത, ന്യായമായ സമത്വത്തിലൂന്നി നിൽക്കുന്ന, സുരക്ഷിതമായാ ഒരു പ്രവർത്തനാന്തരീക്ഷത്തിനായുള്ള, ഞങ്ങളുടെ ഈ പോരാട്ടത്തിൽ, ഇനിയും ഒരുപാട് പേർക്ക് പങ്കുചേരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WCC, DILEEP, ACTRESS ATTACK, MAMMOOTTY, MOHANLAL, MALAYALAM MOVIE, CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.