SignIn
Kerala Kaumudi Online
Friday, 26 April 2024 11.46 PM IST

സമൂഹത്തെ ഞെട്ടിച്ച വിധി

bishio-franco-mulakkal

മനസാക്ഷിയെ പിടിച്ചുകുലുക്കിയ കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതേവിട്ട കോട്ടയം അഡിഷണൽ സെഷൻസ് കോടതിയുടെ വിധി നീതിയിലും നിയമത്തിലും വിശ്വാസമർപ്പിച്ചു കഴിയുന്നവരെ ഒന്നടങ്കം ഞെട്ടിക്കുക തന്നെ ചെയ്തു. ബിഷപ്പിനും സഭയ്ക്കും ആശ്വസിക്കാനും ആഹ്ളാദിക്കാനും വിധി ഉപകരിക്കും. എന്നാൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെയും അവർ ചെന്നുപെട്ട സമാനതകളില്ലാത്ത ദുരന്ത സാഹചര്യങ്ങളിൽ ആദ്യവസാനം ഒപ്പം നിന്നവരുടെയും ഭാഗത്തുനിന്ന് ആലോചിക്കുമ്പോൾ ഇരകൾക്കു തുണയാകാത്ത നിയമസംവിധാനങ്ങളുടെ നിസ്സഹായത ഓർത്തു തലകുമ്പിട്ടിരിക്കാനേ കഴിയൂ. അടിച്ചമർത്തപ്പെട്ടവരുടെ മേൽ കൈയൂക്കും സമ്പദ് ബലവുമുള്ളവർ പുലർത്തുന്ന അധീശത്വം വെളിപ്പെടുത്തുന്ന രംഗങ്ങളാണ് വിധി പ്രസ്താവത്തിനുശേഷം കോടതിക്കു പുറത്തു കണ്ടത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ഏഴു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. അന്യായമായി തടഞ്ഞുവയ്ക്കൽ, ബിഷപ്പ് എന്ന അധികാര പദവി ഉപയോഗിച്ച് കന്യാസ്ത്രീയെ പീഡനത്തിനിരയാക്കൽ, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തൽ, തുടർച്ചയായ പീഡനം തുടങ്ങിയവയായിരുന്നു കുറ്റങ്ങൾ. ഇവയിൽ ഒന്നിൽപോലും ബിഷപ്പ് കുറ്റക്കാരനല്ലെന്ന കോടതിയുടെ കണ്ടെത്തൽ നിയമവൃത്തങ്ങളെ മാത്രമല്ല സാമാന്യബുദ്ധിയുള്ളവരെപ്പോലും അമ്പരപ്പിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരും നിയമജ്ഞരും ഒരുപോലെ ഞെട്ടിയ ഇത്തരമൊരു വിധി സമൂഹത്തിനു നല്‌കുന്ന സന്ദേശം ഒട്ടും തന്നെ ആഹ്ലാദകരമല്ല .

ബിഷപ്പായിരിക്കെ തന്റെ കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന കന്യാസ്ത്രീയെ 2014-നും 2016-നുമിടയ്ക്ക് പതിമൂന്ന് തവണ ബലാത്സംഗത്തിനു വിധേയയാക്കി എന്ന പരാതിയിലാണ് ബിഷപ്പിനെതിരെ കേസെടുത്തത്. താൻ തുടർച്ചയായി ബലാൽസംഗത്തിനിരയാക്കപ്പെട്ടു എന്നു കന്യാസ്ത്രീ നേരിൽ പരാതിപ്പെട്ടിട്ടും ആദ്യമൊന്നും പൊലീസ് അനങ്ങിയില്ല. കന്യാസ്ത്രീകൾ സമരവുമായി തെരുവിലിറങ്ങിയപ്പോഴാണ് പൊലീസ് ബിഷപ്പിനെതിരെ നടപടി എടുത്തതും അറസ്റ്റ് ചെയ്തതും. അന്ന് കോട്ടയം പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന്റെ നേതൃത്വത്തിൽ സമർത്ഥരായ ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥർ എല്ലാവിധ സമ്മർദ്ദങ്ങളെയും അതിജീവിച്ചാണ് മുന്നോട്ടുപോയത്. കുറ്റകൃത്യം നടന്ന് രണ്ടുവർഷം കഴിഞ്ഞാണ് കന്യാസ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചതെങ്കിലും പ്രതിക്കെതിരെ ശക്തമായ സാഹചര്യത്തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നു. രഹസ്യവിചാരണയായിരുന്നതിനാൽ കോടതിയിൽ നടന്ന വാദപ്രതിവാദങ്ങളുടെ സ്വഭാവം അജ്ഞാതമാണ്. താൻ പതിമൂന്നുവട്ടം ബലാത്സംഗത്തിനിരയായി എന്നാണ് കന്യാസ്ത്രീ നേരിട്ട് പൊലീസിനു നല്‌കിയ പരാതി. ബിഷപ്പ് എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഈ കുറ്റകൃത്യത്തിനു മുതിർന്നതെന്നത് അതീവ ഗൗരവമർഹിക്കുന്നു. ബലാത്സംഗ കേസുകളിൽ സ്ത്രീകളുടെ പരാതികൾ പരിഗണിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിർഭയ കേസിൽ സുപ്രീംകോടതി മുന്നോട്ടുവച്ചിട്ടുള്ളതാണ്. സംഭവം നടന്ന് രണ്ടുവർഷം കഴിഞ്ഞാണ് പരാതി നല്‌കിയതെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഒട്ടും തന്നെ കുറയ്ക്കുന്നില്ല. എന്തുവിലകൊടുത്തും ബിഷപ്പിനെ നിയമത്തിന്റെ കരങ്ങളിൽ പെടാതെ രക്ഷിക്കാൻ അണിയറയിൽ നടന്ന ശ്രമങ്ങളും നാട്ടുകാർ ശ്രദ്ധിച്ചതാണ്. എന്തായാലും അവരുടെ ശ്രമങ്ങൾ ആത്യന്തികമായി വിജയം കണ്ടെന്നുവേണം കരുതാൻ. വിചാരണക്കോടതി വിധിയ്‌ക്കെതിരെ സർക്കാർ അപ്പീൽ പോകണം. പൊതുസമൂഹത്തിന്റെ താത്‌‌‌പര്യമാണത്. ഏറ്റവും പ്രഗത്ഭരായ അഭിഭാഷകരെ വച്ച് കേസ് വാദിക്കുകയും വേണം. നിയമയുദ്ധത്തിൽ തോറ്റുപോയ പാവം ഒരു കന്യാസ്ത്രീക്കു വേണ്ടി ചെയ്യുന്ന ഔദാര്യം എന്നതിനുപരി സ്ത്രീസമൂഹത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BISHOP FRANCO MULAKKAL ACQUITTED
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.