SignIn
Kerala Kaumudi Online
Saturday, 27 April 2024 12.22 AM IST

പാർട്ടി കുടുംബങ്ങളിൽ നിന്നും കൊഴിഞ്ഞുപോക്ക്,​ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണം

cpm

കോട്ടയം : പാർട്ടി കുടുംബങ്ങളിൽ നിന്നുള്ളവർ പോലും ബി.ജെ.പിയിലേയ്ക്ക് പോകുന്ന പ്രവണതയുണ്ടെന്നും പല സ്ഥലങ്ങളിലും ബി.ജെ.പി. രണ്ടാം സ്ഥാനത്തേയ്ക്ക് വരുന്നതു ഗൗരവപൂർവം കാണണമെന്നും സി.പി.എം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. പാലാ,​ കടുത്തുരുത്തി തോൽവികളെ ചുറ്റിപ്പറ്റി ഇന്നലെയും ചർച്ചകളിൽ വിമർശനമുയർന്നു. തോൽവികൾ സംബന്ധിച്ച് അതത് ഏരിയ കമ്മിറ്റികളിൽ നിന്നുള്ളവർ മൗനം പാലിച്ചപ്പോൾ തലയോലപ്പറമ്പ്, വൈക്കം ഏരിയകളിൽ നിന്നുള്ളവർ തോൽവിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിനെതിരേ രൂക്ഷ വിമർശനമുന്നയിച്ചു. മുന്നണി സ്ഥാനാർത്ഥികൾ പരാജയപ്പെട്ട സ്ഥലങ്ങളിലും വോട്ട് കുറഞ്ഞ അമ്പലപ്പുഴയിൽ പോലും നടപടിയെടുത്ത പാർട്ടി നേതൃത്വം പാലായിലും കടുത്തുരുത്തിയിലും എന്തുകൊണ്ടു മൗനം പാലിക്കുന്നുവെന്നും പ്രതിനിധികൾ വിമർശിച്ചു. അതേസമയം, പാലാ, കടുത്തുരുത്തി ഏരിയാകളിൽ നിന്നുള്ളവർ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. പാലായിലെ തോൽവിയിൽ ഘടകകക്ഷികൾക്കും പങ്കുണ്ടെന്ന് പാലാ, പൂഞ്ഞാർ ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു. സി.പി.ഐയുടെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണമുണ്ടായില്ല. മറ്റു ഘടക കക്ഷികളും കഴിവിനൊത്ത് പ്രവർത്തിച്ചില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

 പൊലീസിനെതിരെ വീണ്ടും വിമർശനം
ഓരോ ദിവസവും ഓരോ നാണക്കേടുമായി പൊലീസ് സർക്കാരിന്റെ മുഖം നശിപ്പിക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി, വാഴൂർ, ചങ്ങനാശേരി ഏരിയാകളിൽ നിന്നുള്ളവർ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പേരെടുത്തു പറയാതെയായിരുന്നു ആഭ്യന്തരവകുപ്പിനെതിരായ പരാമർശങ്ങൾ. മുൻകാലങ്ങളിൽ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്താൻ പാർട്ടിക്കും സർക്കാരിനുമായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിമാരെല്ലാം മികച്ചവരായിരുന്നുവെന്നും പലരെയും രണ്ടാം സർക്കാരിൽ നിന്ന് മാറ്റി നിറുത്തിയതും പുതിയവരെ തിരഞ്ഞെടുത്തവരിലും വീഴ്ചയുണ്ടായെന്നും വിമർശനമുണ്ടായി. പാലായിൽ ഉൾപ്പെടെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിലേയ്ക്ക് വന്നെങ്കിലും സി.പി.എമ്മിലേയ്ക്ക് എത്തുന്നവരുടെ എണ്ണം കുറവാണെന്ന് പ്രതിനിധികൾ പറഞ്ഞു.

വാസവന് കൈയടി
മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച പ്രതിനിധികൾ കെ. റെയിൽ വേണമെന്ന നിലപാടും അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ആരംഭിച്ച ചർച്ചകൾക്കു പിന്നാലെ എസ്.രാമചന്ദ്രൻ പിള്ള, എസ്. വിജയരാജഘവൻ, എ.വി. റസൽ എന്നിവർ മറുപടി പറഞ്ഞു. ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും, ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.