SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.10 PM IST

നാട്ടുകാർക്ക് ഇളവില്ല, പക്ഷേ ഭരണപക്ഷത്തെങ്കിൽ ലഭിക്കും; കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും കുടുംബശ്രീ തിരഞ്ഞെടുപ്പിന് അനുമതി

Increase Font Size Decrease Font Size Print Page
kudumbasree

തിരുവന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സംസ്ഥാനത്ത് കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്താൻ അനുവദിച്ച് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ഇളവ് നൽകിയിട്ടുണ്ട്. കുടുംബശ്രീ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഇളവുകൾ നൽകിയിട്ടുള്ളത്. കഴിഞ്ഞ പത്താം തീയതി ചേർന്ന ദുരന്തനിവാരണ വകുപ്പിന്റെ അവലോകനയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്താൻ ഇളവുകൾ നൽകി ഉത്തരവായത്.

അതേസമയം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യർത്ഥിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്മസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കൊവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ദ്ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കൊവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളില്‍ ഏകദേശം 60,161 വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐ.സിയുവിലെ രോഗികള്‍ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികള്‍ 6 ശതമാനവും, ഓക്‌സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.

TAGS: KUDUMBASREE, ELECTION, KERALA, DISASTER, COVID, VEENA GEORGE, OMICRON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY