മുക്കം: തോട്ടിൽ പെയിന്റ് കലർത്തി വെള്ളം മലിനമാക്കിയവർക്കെതിരെ നടപടിയുമായി മുക്കം നഗരസഭ. മാമ്പറ്റ- അഗസ്ത്യമുഴി തോട്ടിലാണ് പെയിന്റ് കലർത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് തോട് വെളുത്ത നിറത്തിൽ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞെത്തിയ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിലാണ് തോട്ടിലേക്ക് വൻതോതിൽ പഴകിയ പെയിന്റ് ഒഴുക്കി വിട്ടതായി കണ്ടെത്തിയത്. നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ഇരുവഞ്ഞിപ്പുഴയിലേക്കാണ് തോട് ഒഴുകിയെത്തുന്നത്. കുറ്റക്കാർക്കെതിരെ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പരിസ്ഥിതി മലിനീകരണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി എൻ.കെ.ഹരീഷ് അറിയിച്ചു. ചെയർമാൻ പി.ടി.ബാബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, കൗൺസിലർ പി.ജോഷില, ഹെൽത്ത് ഇൻസ്പെക്ടർ റോഷൻ ലാൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |