കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി വരാനിരിക്കെ, ഉറ്റസുഹൃത്ത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എട്ടാം പ്രതി ദിലീപിനെ പാടേ കുഴപ്പത്തിലാക്കി. വധഗൂഢാലോചനക്കേസിൽ ഇപ്പോൾ പ്രതിയാണ് ദിലീപ്.
അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യത്തേതും സമാനതകളില്ലാത്തതുമാണെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. വധഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചിരിക്കെ, ആറ് ആഘാതങ്ങൾ നിർണായകമാണ്.
1. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ഒരു വി.ഐ.പി വീട്ടിലെത്തിച്ചു . ദിലീപ് ഈ ദൃശ്യങ്ങൾ 2017 നവംബർ 15ന് സഹോദരനും സഹോദരീ ഭർത്താവിനുമൊപ്പം കണ്ടതിന് താൻ സാക്ഷിയാണെന്നുമാണ് മൊഴി.
2.2018 മേയ് ഏഴിന് ഒന്നാം പ്രതി പൾസർ സുനി അമ്മ ശോഭനയ്ക് എഴുതിയ കത്തിലെ ദിലീപിനെതിരായ ആരോപണങ്ങൾ. തന്റെ ജീവന് ഭീഷണിയുള്ളപ്പോൾ കത്ത് പുറത്തുവിടണമെന്നാണ് സുനി അമ്മ പറഞ്ഞിരുന്നത്. എന്തുകൊണ്ട് ജീവന് ഭീഷണി? കത്ത് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. സുനി ഇക്കാര്യം ആവർത്തിച്ചാൽ ദിലീപിന് കുരുക്ക് മുറുകും.
3. ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിലായിരുന്നപ്പോൾ തനിക്ക് നേരെ വധശ്രമം നടന്നെന്നും സുനി പറഞ്ഞുവെന്നാണ് അമ്മ ശോഭനയുടെ മൊഴി. ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ പേര് പറഞ്ഞതോടെയാണ് പ്രശ്നമായതെന്നും ശരത്തിനെ ദിലീപിന്റെ വീട്ടിൽ സുനി കണ്ടിട്ടുണ്ടെന്നും ശോഭന പറഞ്ഞു.
4. സഹതടവുകാരൻ ജിൻസണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് സുനി സമ്മതിക്കുന്നു. ഈ ഫോൺവിളി സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, ജിൻസൺസൺ അന്വേഷണ സംഘത്തോട് ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ ആവർത്തിച്ചാൽ ദിലീപിന് തിരിച്ചടിയാകും.
5. അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാണ്. സഹോദരനും ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റ് പ്രതികൾ. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയാണ് കേസിന് ആധാരം. ഈ കേസിൽ അറസ്റ്റിലായാൽ നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ ജാമ്യവ്യവസ്ഥ ലംഘിക്കപ്പെട്ടെന്നാണ് അർത്ഥം.
6. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ വി.ഐ.പി. ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചനക്കേസിൽ പ്രതിയായ ഇയാൾ ഒളിവിലാണ്. മാഡം എന്ന് അറിയപ്പെടുന്ന, ശബ്ദരേഖയിൽ ദിലീപ് പറയുന്ന സ്ത്രീ ആരെന്ന് കണ്ടെത്തിയാൽ ഇതും തിരിച്ചടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |