SignIn
Kerala Kaumudi Online
Saturday, 27 April 2024 10.15 AM IST

ശ്രീനാരായണദർശനവും സംഘപരിവാറും

guru-01

ആധുനിക കേരളത്തിന് അടിത്തറയിട്ട സാമൂഹ്യ മുന്നേറ്റത്തിൽ സുപ്രധാന സ്ഥാനമാണ് നവോത്ഥാന പ്രസ്ഥാനങ്ങൾക്കുള്ളത്. അത്തരം നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചത് ശ്രീനാരായണഗുരുവാണെന്ന് നിസംശയം പറയാം. കേരളീയ സമൂഹത്തിൽ രൂപപ്പെട്ടുവന്ന നവോത്ഥാന ചലനങ്ങൾ ഒരു മഹാപ്രവാഹമാക്കി വികസിപ്പിച്ചു എന്നതുകൊണ്ടാണ് നവോത്ഥാനത്തിന്റെ പതാകവാഹകനായി ശ്രീനാരായണ ഗുരുവിനെ ലോകം വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ കേരളീയ സമൂഹത്തിന്റെ വികാസത്തെ സംബന്ധിച്ച ചർച്ചകളിൽ എന്നും ശ്രീനാരായണ ഗുരുവിന് സുപ്രധാന സ്ഥാനം ലഭിച്ചു. വരുന്ന റിപ്പബ്ലിക്ക് ദിനത്തിൽ കേരളം അവതരിപ്പിക്കാൻ നിശ്ചയിച്ച നിശ്ചലദൃശ്യത്തിൽ അതുകൊണ്ട് തന്നെ ശ്രീനാരായണ ഗുരുവിനെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിക്കുന്ന ദൃശ്യമാണ് സംസ്ഥാനം മുന്നോട്ടുവച്ചത്. ഈ നിശ്ചലദൃശ്യം സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര സർക്കാർ ഇടപെട്ട് ഈ നിശ്ചലദൃശ്യം അവതരിപ്പിക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മനസിലാവണമെങ്കിൽ സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന രാഷട്രീയവും ശ്രീനാരായണ ദർശനവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനാവണം. സംഘപരിവാറിന്റെ രാഷ്ട്രീയം എന്തെന്ന് അവരുടെ താത്വിക ഗ്രന്ഥമായ വിചാരധാരയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജാതിചാതുർവർണ്യ സമ്പ്രദായത്തെ സംബന്ധിച്ച കാഴ്ചപ്പാടാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. 'വിചാരധാര'യിൽ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. ബ്രാഹ്മണൻ തലയാണ്. രാജാവ് ബാഹുക്കളും. വൈശ്യൻ ഊരുക്കളും ശൂദ്രൻ പാദങ്ങളുമാണ്'' .
അതായത് ഓരോ വർണവും രൂപപ്പെട്ടത് വ്യത്യസ്തമായ രീതിയിലാണെന്ന് വ്യക്തമാക്കുന്നതിലൂടെ ചാതുർവർണ്യ വ്യവസ്ഥയെ ന്യായീകരിക്കുകയും അതിൽ ഓരോ വിഭാഗവും ഏതൊക്കെ വിഭാഗങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കണമെന്ന് പ്രഖ്യാപിക്കുകയുമാണ് . അതോടൊപ്പംതന്നെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ മനുഷ്യരായിപ്പോലും അംഗീകരിക്കാൻ തയാറാവാത്ത കാഴ്ചപ്പാടുമാണ് ഗോൾവാൾക്കർ പിൻപറ്റുന്നത്.
ചാതുർവർണ്യത്തെ സംബന്ധിച്ച ഈ കാഴ്ചപ്പാടിനെ പിൻപറ്റി പിന്നീട് രൂപംകൊണ്ട ജാതിവ്യവസ്ഥയെയും ന്യായീകരിക്കുന്നതിന് 'വിചാരധാര' തയ്യാറാവുന്നുണ്ട്. അതിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു. നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷ മേന്മ വർണവ്യവസ്ഥയാണ്. എന്നാൽ, അതിനെ ജാതീയത എന്ന് മുദ്രകുത്തി പുച്ഛിച്ച് തള്ളുകയാണ്. വർണ്ണവ്യവസ്ഥ എന്ന് പരാമർശിക്കുന്നതു തന്നെ അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആളുകൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അതിലടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യ വിവേചനമായി അവർ പലപ്പോഴും തെറ്റിദ്ധരിക്കുന്നു'' . ജാതീയമായ വിവേചനം സാമൂഹ്യമായ വിവേചനമാണെന്ന് അംഗീകരിക്കാൻ സംഘപരിവാർ തയ്യാറാവുന്നില്ല. മാത്രമല്ല, അത് ഇന്ത്യൻ സമൂഹത്തിന്റെ കരുത്തായിരുന്നുവെന്നും എടുത്തുപറയുന്നുണ്ട്. ഇത്തരമൊരു സമീപനം സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി എന്നത് സ്വാഭാവികമായും കടന്നുവരില്ല. ജാതീയമായ അടിച്ചമർത്തലിന്റെയും പട്ടികജാതി, പട്ടികവർഗക്കാർ നിരന്തരം ആക്രമിക്കപ്പെടുന്ന സംഘപരിവാറിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളതും ഈ രാഷ്ട്രീയ നിലപാടുകളാണ്. രാജ്യത്തിന്റെ 'ആഭ്യന്തര ഭീഷണികൾ' എന്ന വിഭാഗത്തിലാണ് 'വിചാരധാര'യിൽ മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവർ ഉൾപ്പെടുന്നത്. 'വിചാരധാര'യിൽ ഓരോ അദ്ധ്യായങ്ങൾ ഇതിനായി നീക്കിവെച്ചിട്ടുമുണ്ട്. മറ്റു മതവിശ്വാസങ്ങളെ ഉൾക്കൊള്ളാതെ ഹിന്ദുവിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് ആക്രമിക്കുന്നതിനുള്ള സൈദ്ധാന്തിക അടിത്തറയാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഗാന്ധിജിയെ ഉൾപ്പെടെ തീവ്രമായ ഭാഷയിലാണ് ഇതിൽ വിമർശിച്ചിട്ടുള്ളത്. ജനാധിപത്യവാദികളോടും ഇതേ സമീപനമാണ് 'വിചാരധാര' പുലർത്തുന്നത്. ന്യൂനപക്ഷ പീഡനത്തിന്റെയും കമ്മ്യൂണിസ്റ്റുകാർക്കെതിരായ ആക്രമണത്തിന്റെയും ജനാധിപത്യവാദികളെ കൊന്നൊടുക്കുന്നതിന്റെയും പിന്നിലെ രാഷ്ട്രീയ അടിത്തറ ഇതാണ്. ഗാന്ധിജിയെ മാറ്റിനിറുത്തി ഗോഡ്സയെ മുന്നോട്ട് കൊണ്ടുവരാനുള്ള പരിശ്രമങ്ങളുടെയും പിന്നിലുള്ളത് ഇതുതന്നെയാണ്.
ശ്രീനാരായണ ദർശനം സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന ഈ രാഷ്ട്രീയവുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. തികച്ചും വ്യത്യസ്തമായ സമീപനമാണ് അതിനുള്ളത്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്', 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' തുടങ്ങിയ കാഴ്ചപ്പാടാണല്ലോ ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാനം.
ചാതുർവർണ്യവ്യവസ്ഥയെയും ജാതീയതയെയും തന്റെ ജീവിതം കൊണ്ട് പ്രതിരോധിച്ച ശ്രീനാരായണ ഗുരുവിനെ അതിന്റെ വക്താക്കൾക്ക് അംഗീകരിക്കാനാവാത്തതിൽ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ല. ജാതീയതയും അടിമത്തവുമാണ് ഇന്ത്യൻ സമൂഹത്തിന്റെ പ്രധാന ദൗർബല്യമെന്ന് 1857 ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിശകലനം ചെയ്യുമ്പോൾ മാർക്സും നിരീക്ഷിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. 'ജാതി വ്യത്യാസങ്ങളും അടിമത്തവും കൊച്ചുകൊച്ച് സമുദായങ്ങളുടെ തീരാശാപമായിരുന്നുവെന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിന് പകരം അവ അവനെ ബാഹ്യസാഹചര്യങ്ങളുടെ ദാസനാക്കുകയാണ് ചെയ്തതെന്നും സ്വയം വികസിതമായ ഒരു സാമൂഹ്യ അവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത ഒരു സ്വഭാവിക തലയിലെഴുത്താക്കി മാറ്റി.'' എന്നും എടുത്ത് പറയുന്നുണ്ട്.

ഇന്ത്യൻ സമൂഹത്തിന്റെ ശാപമായി ജാതി വ്യവസ്ഥയെയും അടിമത്വത്തെയും കാണുന്ന സമീപനമാണ് മാർക്സ് സ്വീകരിച്ചത് എന്ന് കാണാം. ശ്രീനാരായണ ദർശനം മതസൗഹാർദ്ദത്തിന്റെ അടിത്തറയിൽ രൂപപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 1924 ൽ ആലുവയിൽ ഒരു സർവമത സമ്മേളനം ശ്രീനാരായണ ഗുരു വിളിച്ച് ചേർക്കുന്നത്. അതിൽ ശ്രീനാരായണ ഗുരു നൽകിയ ആഹ്വാനം ഇങ്ങനെയാണ്.
'സർവമത സമ്മേളന സന്ദേശം, എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികൾ തമ്മിൽ കലഹിച്ചിട്ടാവശ്യമില്ലെന്നും ഈ മതമഹാ സമ്മേളനത്തിൽ നടന്ന പ്രസംഗത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതിനാൽ നാം ശിവഗിരിയിൽ സ്ഥാപിക്കാൻ വിചാരിക്കുന്ന മഹാപാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാകണമെന്നു വിചാരിക്കുന്നു.'' എല്ലാ മതങ്ങളുടെയും സാരാംശങ്ങൾ ഉൾക്കൊള്ളണമെന്നുള്ള കാഴ്ചപ്പാടായിരുന്നു ശ്രീനാരായണ ഗുരുവിന്റേത് എന്ന് വ്യക്തം. ആരൊക്കെ ഏച്ചു കൂട്ടാൻ ശ്രമിച്ചാലും ഒരിക്കലും പൊരുത്തപ്പെടാത്ത ഒന്നാണ് സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടും ശ്രീനാരായണ ദർശനവുമെന്ന് വെളിപ്പെടുത്തുന്നതാണ് ഇപ്പോഴുണ്ടായ സംഭവങ്ങൾ. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികമാചരിക്കുന്ന ഈ ഘട്ടത്തിൽ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചു എന്നതിന്റെ പേരിൽ കേരളം മാറ്റിനിറുത്തപ്പെട്ടിരിക്കുകയാണ്. സംഘപരിവാർ ആശയങ്ങൾക്ക് കീഴ്‌പ്പെടാൻ തയ്യാറാവാത്ത കേരളത്തോടുള്ള പ്രതികാരം കൂടിയായി ഈ സംഭവത്തെ കാണേണ്ടതുണ്ട്. റിപ്പബ്ലിക്ക് ദിനാചരണ ആഘോഷങ്ങളുടെ ചരിത്രത്തിൽ ഇതൊരു തീരാ കളങ്കമായി എന്നും അവശേഷിക്കും.

(സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREE NARAYANA GURU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.