ആധുനിക കാലത്തും പല രാജ്യങ്ങളിലും സ്ത്രീകളുടെ കന്യകാത്വ പരിശോധനയും , ആദ്യ രാത്രിയിലെ ലൈംഗിക ബന്ധത്തിൽ രക്തപരിശോധനയും നില നിൽക്കുന്നുണ്ട്. കന്യകയാണെന്ന് തെളിയിക്കുന്നതിനായി കന്യാചർമ്മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയകളും ആശുപത്രികളിൽ നടക്കുന്നുണ്ട്. പല യുവതികളും ഇക്കാര്യത്തിനായി നിർബന്ധിക്കപ്പെടുന്നുണ്ട് എന്നാണ് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ പശ്ചാത്തലത്തിൽ ഹൈമനോപ്ലാസ്റ്റി എന്നറിയപ്പെടുന്ന 'കന്യാചര്‍മ്മം' വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നിരോധിക്കാനൊരുങ്ങുകയാണ് ബ്രിട്ടൻ. യു.കെ ഹെൽത്ത് ആന്‍ഡ് കെയർ ബില്ലിൽ തിങ്കളാഴ്ച ചേർത്ത ഭേദഗതി പ്രകാരം സമ്മതത്തോട് കൂടിയോ സമ്മതമില്ലാതെയോ കന്യാചർമ്മം തുന്നിച്ചേര്‍ക്കുന്ന എല്ലാ നടപടികളും നിയമവിരുദ്ധമാകും.
രാജ്യത്ത് ഡസൻ കണക്കിന് ക്ലിനിക്കുകളും സ്വകാര്യ ആശുപത്രികൾ ഇത്തരം ശസത്രക്രിയകൾ നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഒരു പെൺകുട്ടിയോ സ്ത്രീയോ അടുത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ രക്തസ്രാവമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കന്യാചര്‍മ്മം' തുന്നിച്ചേര്‍ത്ത് കൊടുക്കുന്നത്
കഴിഞ്ഞ ജൂലായിൽ കന്യകാത്വ പരിശോധന ക്രിമിനൽ കുറ്റമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് മുതൽ ഡോക്ടർമാരും മിഡ്‌വൈഫുമാരും ഉൾപ്പടെയുള്ളവർ ശസ്ത്രക്രിയ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളായിട്ടാണ് ഇവ കണക്കാക്കുന്നത്. പലപ്പോഴും കന്യാചര്‍മ്മത്തെ ചൊല്ലിയുള്ള ആശങ്കകള്‍ കാരണം പല കുടുംബങ്ങളും പെണ്‍കുട്ടികളെ ഹൈമനോപ്ലാസ്റ്റി ചെയ്യാന്‍ നിര്‍ബന്ധിക്കാറുണ്ട്. കുടുംബത്തിന്‍റെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പലപ്പോഴും പെണ്‍കുട്ടികള്‍ ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്. ഇങ്ങനെ കന്യാചര്‍മ്മം തുന്നിച്ചേര്‍ത്തത് കൊണ്ട് ആദ്യരാത്രികളില്‍ ലൈംഗികബന്ധത്തിനിടെ രക്തം വരണമെന്നില്ല. ഇത് പലപ്പോഴും പുരുഷന്മാരില്‍ സംശയത്തിനിട വരുത്തുകയും ദുരഭിമാനക്കൊലകളടക്കം ഉണ്ടാവുകയും ചെയ്യാറുണ്ട് എന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ എത്രയോ കാലമായി ഹൈമനോപ്ലാസ്റ്റി എന്ന ഈ സർജറിയെ എതിര്‍ക്കുന്നുണ്ട്. അത് ശസ്ത്രക്രിയയിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ മാനസികനിലയെ ബാധിക്കുകയും ട്രോമകളിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.