SignIn
Kerala Kaumudi Online
Friday, 26 April 2024 9.37 AM IST

പാരമ്പര്യത്തിന്റെ ശബ്‌ദം ; പുതുമകളുടെയും

s-sugathan

നാല് പതിറ്റാണ്ട് മുമ്പ് കൊല്ലത്ത് സായാഹ്നശബ്ദമെന്ന പേരിൽ ഒരു പത്രം തുടങ്ങുകയും അതിനെ നഗരത്തിന്റെ സ്പന്ദനമായി മാറ്റിയെടുക്കുകയും ചെയ്ത ഒരു പത്രാധിപർ. ഒപ്പം വിവിധ കർമ്മപഥങ്ങളിലൂടെ സഞ്ചരിച്ച പൊതുപ്രവർത്തകൻ. എസ്.സുഗതൻ എന്ന പ്രതിഭാശാലിയായ വ്യക്തിയെക്കുറിച്ച് പറയാൻ വിശേഷണങ്ങൾ ഏറെയുണ്ട് . തലയെടുപ്പോടെയുള്ള നടപ്പ്. ഏത് കാര്യങ്ങൾക്കും മുന്നിട്ടിറങ്ങാനുള്ള ചങ്കൂറ്റം. ഒരിക്കൽ പരിചയപ്പെടുന്നവരെപ്പോലും തന്നിലേക്ക് ആകർഷിക്കുന്ന സൗഹൃദഭാവം. സുഗതൻ എന്നും വേറിട്ടുനിന്നു. കൊല്ലത്തിന്റെ വികസനം ഇന്നത്തെ നിലയിൽ എത്തുംമുമ്പ് നാടിന്റെ ഭാവിയെ ദീർഘദർശനം ചെയ്യാൻ തന്റെ പത്രത്തെ സുഗതൻ പ്രയോജനപ്പെടുത്തി. നഗരത്തിന്റെ വളർച്ചയിൽ തന്റേതായ പങ്കുവഹിച്ചു. മികച്ച സംഘാടകനായും ഏഴ് പതിറ്റാണ്ടു കാലം സാമൂഹിക ജീവിതത്തിൽ അദേഹം നിറഞ്ഞുനിന്നു. കൊല്ലത്തിന് പുതുമയായിരുന്ന പല ആശയങ്ങൾക്കും രൂപം നൽകി.

എസ്. സുഗതൻ മാനേജിംഗ് എഡിറ്ററായി 1981ൽ നഗരഹൃദയത്തിൽ നിന്നും സായാഹ്നശബ്ദം എന്ന പത്രം പിറന്നുവീഴുമ്പോൾ കൊല്ലത്തിന് അന്ന് അതൊരു അപൂർവ കാഴ്ചയായിരുന്നു. പ്രഭാതപത്രമല്ലെങ്കിലും നഗരത്തിന്റെ മുക്കിലും മൂലയിലും പത്രം ചർച്ചാവിഷയമായി. ചുരുങ്ങിയ കാലം കൊണ്ടാണ് കൊല്ലത്തിന്റെ മനസായി സായാഹ്നശബ്ദം മാറിയത് . കൊല്ലത്തിന്റെ ചരിത്രത്തിൽ ചെറുതല്ലാത്ത സ്ഥാനം സ്വന്തമാക്കാൻ പത്രത്തിന് കഴിഞ്ഞു.

കൊല്ലത്ത് പരസ്യ ഏജൻസികൾ വിരളമായിരുന്ന കാലത്താണ് സുഗതന്റെ

നേതൃത്വത്തിൽ നവജീവൻ പരസ്യക്കമ്പനി രൂപം കൊണ്ടത്.

കൊല്ലത്തെ മനോഹരമായ ബീച്ചിനെ സംരക്ഷിക്കാൻ തന്റെ സുഹൃത്തുക്കളോടൊപ്പം സുഗതൻ എന്നും മുന്നിൽനിന്നു. അതിനായി കടൽത്തീര നടത്തക്കാരുടെ അസോസിയേഷൻ രൂപീകരിച്ചു. ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യത്തേതാകാം അങ്ങനെയൊരു സംഘടന. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുകയും ഒപ്പം നൂതനമായ ലക്ഷ്യങ്ങൾക്കായി മുമ്പേ നടക്കുകയും ചെയ്തു. കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായി.

സുഗതന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ കുടുംബത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യം വലിയ സ്വാധീനമായി. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ജീവിതത്തിന് എന്നും വഴികാട്ടിയായി.

പ്രതിഭകൾക്ക് ജന്മം നൽകിയ കൊല്ലം മയ്യനാട്ടെ പ്രസിദ്ധമായ പാട്ടത്തിൽ കുടുംബപാരമ്പര്യം സുഗതന്റെ ചിന്തകളും കാഴ്ചപ്പാടുകളും സാമൂഹ്യബന്ധങ്ങളും വിശാലമാക്കാൻ വലിയ പങ്കുവഹിച്ചു. സാമൂഹിക പരിഷ്‌കർത്താവും തിരു -കൊച്ചി മുഖ്യമന്ത്രിയുമായ സി. കേശവൻ, കേരളകൗമുദി സ്ഥാപകൻ സി. വി. കുഞ്ഞുരാമൻ, പത്രാധിപർ കെ. സുകുമാരൻ, വനസഞ്ചാര സാഹിത്യകാരൻ കെ.സി എന്നറിയപ്പെടുന്ന എൻ. പരമേശ്വരൻ തുടങ്ങിയവരുടെ ജീവിതവും അവർ പ്രസരിപ്പിച്ച ദർശനങ്ങളും സുഗതന്റെ കുഞ്ഞുമനസിനെ മാറ്റിമറിച്ചു. കേരളകൗമുദി സ്ഥാപകൻ സി.വി. കുഞ്ഞുരാമൻ സുഗതന്റെ വല്യമ്മാവനാണ്. പത്രാധിപർ കെ. സുകുമാരന്റെ പത്‌നി മാധവി സുകുമാരന്റെ സഹോദരൻ സി. എൻ. സോമനാഥനാണ് സുഗതന്റെ പിതാവ്. സുഗതൻ എന്ന പ്രതിഭാധനനെ സൃഷ്ടിക്കാൻ ഈ ബന്ധങ്ങളെല്ലാം ഏറെ സഹായകരമായി.

കൊല്ലത്തെ ബിസിനസ് ലോകം നിയന്ത്രിച്ചിരുന്ന കല്ലുപാലം സോംസൺ കമ്പനി ഉടമയായിരുന്ന സി.എൻ. സോമനാഥന്റെയും സുശീലയുടെയും ആറുമക്കളിൽ രണ്ടാമനായാണ് എസ് .സുഗതന്റെ ജനനം. കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന പരേതനായ എം. എസ്. രവിയുടെ ഭാര്യ ഷൈലജ, സുമംഗല, വിജയലക്ഷ്മി( കുഞ്ഞുമോൾ) പരേതരായ വിമല, മോഹൻ എന്നിവരാണ് സഹോദരങ്ങൾ. പള്ളിത്തോട്ടം ഇൻഫെന്റ് ജീസസ് സ്‌കൂളിൽ പ്രൈമറിവിദ്യാഭ്യാസവും സെന്റ് അലോഷ്യസ് സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസം സമ്പാദിച്ച് പിതാവിനോടൊപ്പം ബിസിനസിൽ പങ്കാളിയായി. സോംസൺ കമ്പനിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അഡ്വർടൈസിംഗ് കമ്പനി പിന്നീട് നവജീവൻ എന്ന പേര് സ്വീകരിച്ചു. ചലച്ചിത്ര മേഖലയിൽ ആകൃഷ്ടനായ അദ്ദേഹം പ്രേംനസീറിന്റെ നിരവധി സിനിമകളിൽ നിർമ്മാണരംഗത്ത് പ്രവർത്തിച്ചു. പ്രേംനസീറുമായി ഉറ്റ ബന്ധമുണ്ടായിരുന്നു.

ചെറുപ്പത്തിൽ യുവജന രാഷ്ടീയത്തിൽ സുഗതൻ സജീവമായിരുന്നു. എ.ഐ.വൈ.എഫ് പള്ളിത്തോട്ടം യൂണിറ്റ് രൂപീകരണത്തിന് നേതൃത്വം വഹിച്ചു. സംഘടനയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച മാഗസിൻ പ്രകാശനം ചെയ്തത് അന്നത്തെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന പി. എസ്. ശ്രീനിവാസനായിരുന്നു. എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം, ചേംബർ ഒഫ് കോമേഴ്‌സ് , മർച്ചന്റ് അസോസിയേഷൻ ഭാരവാഹി, കൗമുദി നഗർ രക്ഷാധികാരി, ഫൈൻ ആർട്ട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങി വിവിധ മേഖലകളിൽ എസ്. സുഗതൻ തന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാക്കി. അനവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ജീവിതത്തിൽ കാത്തുസൂക്ഷിച്ച ലാളിത്യവും നർമ്മഭാഷണവും പ്രതിസന്ധികൾക്കു മുന്നിൽ തളരാത്ത കരുത്തും സുഹൃത്തുക്കളുടെ മനസ്സിൽ മാന്യമായ സ്ഥാനം നേടിക്കൊടുത്തു. കൊല്ലത്തിന്റെ ഹൃദയത്തുടിപ്പുകൾ തിരിച്ചറിഞ്ഞ വലിയൊരു വ്യക്തിത്വമാണ് സുഗതന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. കൊല്ലത്തെ സ്നേഹിക്കുന്നവരുടെ മനസിൽ

എന്നും സുഗതന്റെ ഓർമ്മകൾ ഉണ്ടാകും. മരണത്തിനും മായ്ക്കാനാവാതെ .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: S SUGATHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.