കോന്നി: പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റിലെ തൊഴിലാളി മേടപ്പാറ ചേന്നൻപാറ വീട്ടിൽ പി.ബി. അഭിലാഷ് (38) കടന്നൽ കുത്തേറ്റ് മരിച്ചു. എസ്റ്റേറ്റ് ബി ഡിവിഷനിലെ റബർ ടാപ്പിംഗ് തൊഴിലാളിയാണ്. അഭിലാഷിന്റെ ഒപ്പമുണ്ടായിരുന്ന ലത, സുനിൽകുമാർ, പ്രിയ, സജികുമാർ എന്നിവർക്കും കുത്തേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ പത്തിന് ജോലിക്കിടെ ചായ കുടിക്കാനായി തോട്ടത്തിലെ ഒഴിഞ്ഞ സ്ഥലത്തെത്തിയ ഇവരെ കടന്നലുകൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കൂട്ടിൽ പരുന്ത് കൊത്തിയതിനെ തുടർന്നാണ് കടന്നലുകൾ ഇളകിയത്. എല്ലാവരും ഓടിയെങ്കിലും ഏറ്റവും പിന്നിലായിരുന്ന അഭിലാഷ് നിലത്തുവീണു. ഓടി രക്ഷപ്പെട്ട മറ്റ് തൊഴിലാളികൾ അഭിലാഷിനെ കാണാതെവന്നതോടെ മടങ്ങിയെത്തിയപ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. തുടർന്ന് തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് തൊഴിലാളികൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: അനിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |