SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.30 PM IST

മലയാളി ചിത്രകാരിയുടെ കലാസൃഷ്ടികൾ ബഹിരാകാശത്തേക്ക്

1

തിരുവനന്തപുരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ) സ്ഥാപിക്കുന്ന മൂൺ ഗാലറിയിൽ പ്രദർശിപ്പിക്കാൻ മലയാളി ചിത്രകാരിയുടെ കലാസൃഷ്ടികളും. സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശിയും, പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ എ.പി. ഉദയഭാനുവിന്റെ പേരക്കുട്ടിയുമായ ലക്ഷ്മി മോഹൻബാബുവാണ് ഈ ചരിത്ര നേട്ടത്തിന് ഉടമയാകാൻ പോകുന്നത്.

വിക്ഷേപണം നാളെ

അമേരിക്കയിലെ വിർജീനിയയിൽ നിന്ന് നാളെ വിക്ഷേപിക്കുന്ന നാനോറാക്സിന്റെ

എൻ.ജി -17 റോക്കറ്റിലെ പേലോഡിൽ അടങ്ങിയ 64 കലാസൃഷ്ടികളിൽ രണ്ടെണ്ണം ലക്ഷ്മിയുടേതാണ്. ബഹിരാകാശത്ത് ആദ്യമായി തുടങ്ങുന്ന ഭൗമേതര ആർട് ഗാലറിയാണ് മൂൺ ഗാലറി.

ആധുനിക ചിത്രകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷ്മി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ കലാകാരിയാണ്. തന്റെ അന്താരാഷ്ട്ര ചിത്രരചനാസീരീസിൽപ്പെട്ട രണ്ട് സൃഷ്ടികളാണ് ലക്ഷ്മി ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ക്യൂബിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ത്രിമാന വ്യാപ്തിയുള്ള ഈ ചിത്രങ്ങൾ നാനാവർണങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ്. അഞ്ച് വൈവിദ്ധ്യതലങ്ങളിലുള്ള രൂപഘടനയാണ് രണ്ട് സൃഷ്ടികളിലുമായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഭംഗിയാർന്ന ഈ ചിത്ര ശില്പങ്ങളിൽ ആദ്യത്തേത് ലക്ഷ്മി തനിയെ ചെയ്തതും രണ്ടാമത്തേത് നവ്യാംഗ് സാങ്കേതിക സർവകലാശാലയിലെ പ്രൊഫസർ മട്ടാവോ സെയ്റ്റയും ചേർന്ന് തയ്യാറാക്കിയതുമാണ്. ശാസ്ത്രവും കലയും ഒത്തുചേരുന്ന സങ്കീർണമായ ചിത്ര-ശില്പകലയാണ് ലക്ഷ്മിയുടെ ശൈലി. അതിസൂക്ഷ്മമായ അളവിലാണ്

'ഘടനയും പ്രതിബിംബവും' 'ആശയവിനിമയത്തിന്റെ ക്യൂബ് ' എന്നും നാമകരണം ചെയ്തിട്ടുള്ള ഇവ രണ്ടും രൂപപ്പെടുത്തിയിട്ടുള്ളത്. പകിടയേക്കാൾ ചെറുതെന്ന് വിശേഷിപ്പിക്കാവുന്ന വലിപ്പമാണ് ഈ കലാസൃഷ്ടികൾക്കുള്ളത്. 0.98 സെന്റിമീറ്ററാണ് ഒാരോന്നിന്റെയും വലിപ്പം. ലക്ഷ്മിയുടെ ചിത്രങ്ങളിൽ നിന്നുമാണ് ക്യൂബിന്റെ പ്രതലങ്ങൾ ഡിസൈൻ ചെയ്തത്. ഒരു ട്രേ പോലെയാണ് മൂൺ ഗാലറി തയ്യാറാക്കിയിട്ടുള്ളത്. 10 സെന്റിമീറ്റർ വീതം നീളവും വീതിയും ഒരു സെന്റിമീറ്റർ വ്യാപ്തിയുമുള്ളതാണത്.

2025 ൽ ചന്ദ്രനിൽ

നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂൺ ഗാലറി ഫൗണ്ടേഷനാണ് നൂറുകണക്കിന് എൻട്രികളിൽ നിന്ന് ഇവ തിരഞ്ഞെടുത്തത്. 2025 ൽ ചന്ദ്രനിൽത്തന്നെ ഈ ഗാലറി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെറിയ ഉപഗ്രഹങ്ങൾ എത്തിക്കുന്നതിൽ വിജയിച്ച അമേരിക്കൻ സ്വകാര്യ സ്ഥാപനമാണ് നാനോറാക്സ്. ചലച്ചിത്രം ,ടെലിവിഷൻ പരമ്പരകൾ ബഹിരാകാശത്ത് ചിത്രീകരിക്കാനുള്ള പദ്ധതിയും നാനോറാക്സ് ലക്ഷ്യമിടുന്നുണ്ട്.

ചിത്രമെന്നോ ശില്പമെന്നോ ആസ്വാദകന് വിശേഷിപ്പിക്കാവും വിധം തയ്യാറാക്കിയ ചിത്രങ്ങളിലൂടെ മാനവികത ഉയർത്തിപ്പിടിക്കാനും ആഗോള മാനവരാശിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമാണ് താൻ ശ്രമിച്ചതെന്ന് സിംഗപ്പൂരിൽ നിന്ന് ടെലിഫോണിൽ സംസാരിക്കവേ ലക്ഷ്മി കേരളകൗമുദിയോട് പറഞ്ഞു.

ട്രാക്ക് ചെയ്യാം

ഇരുപത് വർഷമായി ഭർത്താവ് ഗുർതാജ് പദയോടൊപ്പം സിംഗപ്പൂരിലാണ് ലക്ഷ്മി താമസിക്കുന്നത്. പഞ്ചാബ് സ്വദേശിയായ ഗുർതാജ് ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്നു. ഇരുവരും സിംഗപ്പൂർ പൗരത്വമുള്ളവരാണ്. മണിപ്പാലിൽ നിന്ന് ആർക്കിടെക്ടിൽ ബിരുദവും ഡൽഹിയിലെ എൻ.ഐ.എഫ്.ടിയിൽ നിന്ന് ഫാഷൻ ടെക്നോളജിയും പാസായ ലക്ഷ്മി കാലക്രമേണ തന്റെ അഭിനിവേശമായ ചിത്ര-ശില്പകലയിലേക്ക് തിരിയുകയായിരുന്നു. ഉദയഭാനുവിന്റെ മകൾ പരേതയായ ആശാലതയുടെയും യു.എൻ ഉദ്യോഗസ്ഥനായിരുന്ന മോഹൻബാബുവിന്റെയും മകളാണ് ലക്ഷ്മി.

ചിത്രകലയിലെ ആധുനിക രീതിയായ എൻ.എഫ്.ടി ഡിജിറ്റൽ ഫോർമാറ്റിലുള്ള ലക്ഷ്മിയുടെ ചിത്രങ്ങൾ സ്പേസ് സ്റ്റേഷൻ (ഐ.എസ്.എസ്.) വെബിലൂടെ ഭൂമിയിൽ എവിടെ നിന്നും ട്രാക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPACE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.