SignIn
Kerala Kaumudi Online
Friday, 26 April 2024 11.49 AM IST

റെയിൽവേ രാത്രി നിയന്ത്രണം മാറ്റണം

photo

കൊവിഡ് നിയന്ത്രണങ്ങൾ ഒന്നൊന്നായി പിൻവലിക്കെ ഗതാഗതം ഏതാണ്ട് പൂർവസ്ഥിതിയിലായിരിക്കുകയാണ്. എന്നാൽ രാത്രികാല യാത്രകളിൽ ജനറൽ ടിക്കറ്റും റിസർവേഷനില്ലാത്ത കോച്ചുകളും റെയിൽവേ പുനഃസ്ഥാപിച്ചിട്ടില്ല. കൊവിഡിന്റെ വരവോടെ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനോടൊപ്പം പല സൗജന്യങ്ങളും പിൻവലിച്ചിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ടിക്കറ്റ് നിരക്കിലെ ഇളവ്. എന്നാൽ നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ ആ സൗജന്യം എന്നെന്നേക്കുമായി നിറുത്തലാക്കുന്ന സമീപനമാണ് റെയിൽവേ കൈക്കൊണ്ടത്. ഈ സൗജന്യം ഇനി അനുവദിക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേമന്ത്രി പാർലമെന്റിനെ അറിയിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധമുയർന്നെങ്കിലും റെയിൽവേ അതെല്ലാം അവഗണിക്കുകയാണ്.

കൊവിഡ് കാലത്ത് വരുമാനം പല വിഭാഗങ്ങൾക്കും കുറഞ്ഞപ്പോഴും റെയിൽവേയുടെ വരുമാനത്തിൽ വലിയ കുറവുണ്ടായില്ല. ചരക്ക് ഗതാഗതത്തിലൂടെയും ചെറിയ യാത്രയ്ക്ക് പോലും റിസർവേഷൻ നിർബന്ധമാക്കിയതിലൂടെയും റെയിൽവേ വരുമാനം വർദ്ധിപ്പിക്കുകയായിരുന്നു. ട്രാൻസ്‌പോർട്ട് സർവീസുകളൊക്കെ സാധാരണ നിലയിലായിട്ടും തുടക്കത്തിൽ സീസൺ ടിക്കറ്റ് യാത്രയും ജനറൽ കോച്ചുകളും പുനഃസ്ഥാപിക്കാൻ റെയിൽവേ മടിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നപ്പോഴാണ് പകൽ സമയങ്ങളിൽ ജനറൽ കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിച്ചത്. എന്നാൽ അതിലും ഒരു കള്ളക്കളി തുടർന്നു. രാത്രികാല യാത്രകൾക്ക് ജനറൽ കമ്പാർട്ടുമെന്റുകൾ ഏർപ്പെടുത്താതെ 'കൊവിഡ് പരിഷ്കാരം" തുടരുകയാണ് ചെയ്തത്. അവസാന നിമിഷങ്ങളിൽ ഓടിക്കിതച്ചെത്തുന്ന യാത്രക്കാർക്ക് രാത്രിയിൽ ടിക്കറ്റ് എടുക്കാനാവാതെ പ്ളാറ്റ്‌ഫോമിലും മറ്റും കിടന്ന് നേരം വെളുപ്പിക്കേണ്ട അവസ്ഥയാണുള്ളത്. രോഗികളെയും കൊണ്ട് ദൂരസ്ഥലങ്ങളിൽ നിന്ന് രാവിലെ ആശുപത്രിയിൽ എത്താൻ പാകത്തിന് തിരിക്കുന്ന പലരെയും ഇത് വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. രാത്രി തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വളരെ തിരക്കുള്ള അമൃത, മംഗലാപുരം എക്സ്‌പ്രസ്, കൊച്ചുവേളിയിൽ നിന്നുള്ള നിലമ്പൂർ എക്സ്‌പ്രസ് എന്നിവയിൽ അടക്കം ജനറൽ ടിക്കറ്റോ അൺ റിസർവ്‌ഡ് കോച്ചുകളോ ഇല്ല. മലബാർ മേഖലയിൽ നിന്നടക്കം ആർ.സി.സിയിലും ശ്രീചിത്രയിലുമൊക്കെ തുടർ ചികിത്സയ്ക്കും മറ്റുമൊക്കെ വരുന്ന പാവപ്പെട്ട രോഗികൾ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളാണിവ. പകൽ സമയങ്ങളിൽ പോലും എല്ലാ ട്രെയിനുകളിലും ജനറൽ കമ്പാർട്ടുമെന്റുകൾ പ്രദാനം ചെയ്തിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ എല്ലാം പഴയപടി തിരിച്ചുകൊണ്ടുവരുന്നതിൽ ഒരു അമാന്തവും കാണിച്ചിട്ടില്ല. ഇതിനെതിരെ ഇവിടത്തെ രാഷ്ട്രീയ നേതൃത്വവും എം.പിമാരും ഇതുവരെ കാര്യമായ നിലയിൽ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ പോലും രാത്രികാല ട്രെയിനുകളിൽ കൂടുതൽ യാത്രാസൗകര്യം ഒരുക്കാനുള്ള ഒരു നിർദ്ദേശവും ആരിൽ നിന്നും ഉയർന്നുവന്നില്ല. അതിനാൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ഇത്തരം പ്രശ്നങ്ങൾ റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണം. റെയിൽവേ സ്വന്തം നിലയിൽ ചെയ്യേണ്ടതാണ് ഇതൊക്കെ. നിർഭാഗ്യവശാൽ കൊവിഡ് ദുരിതകാലം ഒരു അവസരമാക്കി മാറ്റാനുള്ള ദുഷ്ടലാക്കോടെയാണ് റെയിൽവേയുടെ തലപ്പത്തുള്ളവർ പ്രവർത്തിച്ചുവരുന്നത്. ഇത് അനുവദിക്കുന്നത് ഭാവിയിൽ ജനവിരുദ്ധമായ പല നടപടികളുമായി മുന്നോട്ടുവരാൻ അവർക്ക് ബലം നൽകും.സംസ്ഥാന സർക്കാർ ശക്തമായ പ്രതിഷേധം ബന്ധപ്പെട്ടവരെ രേഖാമൂലവും അല്ലാതെയും അറിയിച്ചാൽ നല്ല മാറ്റം ഉണ്ടാകാതിരിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID RULES FOR TRAIN TRAVEL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.