മോസ്കോ : യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിലെ ചലചിത്ര വിതരണം താത്ക്കാലികമായി നിറുത്തിവച്ച് ഹോളിവുഡ്. സിഡ്നി, വാർണർ, ബ്രദേഴ്സ്, സോണി തുടങ്ങിയ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന സിനിമകളുടെ റിലീസുകൾ റഷ്യയിൽ നിറുത്തിവയ്ക്കുന്നതായി അറിയിച്ചത്.
ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഹോളിവുഡ് റിലീസുകളിലൊന്നായ 'ദി ബാറ്റ്മാൻ' റഷ്യയിൽ പ്രദർശിപ്പിക്കില്ലെന്ന് വാർണർ മീഡിയ അറിയിച്ചു. മാർച്ച് മൂന്നിനാണ് ബാറ്റ്മാൻ റഷ്യയിൽ പുറത്തിറങ്ങേണ്ടിയിരുന്നത്. യുദ്ധവും അതിനെതുടർന്നുണ്ടായ പ്രശ്നങ്ങൾക്കും സമാധാനമായ അന്ത്യമുണ്ടാകുന്നതു വരെ കാത്തിരിക്കാമെന്ന് വാർണർ മീഡിയ അറിയിച്ചു. തിങ്കളാഴ്ച വാൾട്ട് ഡിസ്നി കമ്പനിയും സമാനമായ തീരുമാനമെടുത്തിരുന്നു. യുക്രയിൻ പ്രതിസന്ധി കണക്കിലെടുത്ത് 'മോർബിയസി'ന്റെ വരാനിരിക്കുന്ന റിലീസ് ഉൾപ്പെടെ റഷ്യയിലെ തിയറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങിയ എല്ലാ ചിത്രങ്ങളും താത്ക്കാലികമായി നിറുത്തിവയ്ക്കുമെന്ന് സോണിയും പ്രസ്താവനയിറക്കി. നിലവിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്നാണ് വിശ്വാസമെന്ന് സോണി വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |