SignIn
Kerala Kaumudi Online
Friday, 26 April 2024 10.14 AM IST

ജി. ഹരിഹരൻ ; ലയൺസ് പ്രസ്ഥാനത്തിന്റെ രാജകീയ മുഖം

hariharan

കണ്ടുംകേട്ടും കൂട്ടുകൂടിയും കഴിയുന്നവരുടെ വേർപാട് നമ്മെ വല്ലാതെ ഉലച്ചു കളയാറുണ്ട്. അങ്ങനെയുള്ള ഒരു ഉലച്ചിലിന്റെ ചുഴിയിലേക്കു അറിയാവുന്ന എല്ലാപേരെയും ആഴ്‌ത്തിക്കളയുന്ന വേർപാടാണ് ലയൺ ജി. ഹരിഹരന്റേത്.

ഇരുപത്തിയേഴ് വർഷം ലോകത്തിന്റെ പലയിടങ്ങളിലും കർത്തവ്യനിർവഹണത്തിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം. അതും ഉയർന്ന പദവിയിലിരുന്നുകൊണ്ട്. നൂറ്റിയമ്പതിലധികം ശാഖകളുള്ള 'മാറുബനി കോർപ്പറേഷൻ" എന്ന ജപ്പാൻ കമ്പനിയിൽ ബിസിനസ് എക്സിക്യൂട്ടീവ് ആയി തുടങ്ങി ഉയർന്ന സ്ഥാനങ്ങളിലെത്തുകയും ഭരണമികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇടപെടുന്ന കാര്യങ്ങളിൽ ക്ളിപ്തതയും കൃത്യനിഷ്ഠയും ജന്മസിദ്ധമായി അദ്ദേഹത്തിനുണ്ടായിരുന്നു.

തിരുവനന്തപുരം നഗരം ഹരിക്ക് അപരിചിതമായിരുന്നു. നഗരത്തിനു ഹരിയേയും പരിചയമുണ്ടായിരുന്നില്ല. ലയൺസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടപ്പോഴാണ് ഹരിഹരൻ സംശുദ്ധമായ നേതൃപരിവേഷത്തിന് ഉടമയാകാൻ പറ്റിയ വ്യക്തിത്വമാണെന്ന് പലർക്കും ബോദ്ധ്യമായത്. ട്രിവാൻഡ്രം ടവേഴ്‌സ് ലയൺസ് ക്ളബിൽ അംഗത്വം നേടിയെടുത്തുകൊണ്ടാണ് ഈ അന്താരാഷ്ട്ര പ്രസ്ഥാനത്തിലേക്ക് അദ്ദേഹം കടന്നുവന്നത്. ഒട്ടും അന്തർമുഖനല്ലാത്ത ഹരിഹരൻ ലയൺസ് പ്രസ്ഥാനത്തിന്റെ ഔന്നത്യത്തിൽ എത്താൻ ഏറെ കാലമെടുത്തില്ല. ലയൺസ് ക്ളബ്സ‌് ഇന്റർനാഷണലിൽ ഒരു ലയൺസ് ഡിസ്ട്രിക്ടിന്റെ സാരഥ്യത്തിലേക്ക് മറ്റ് ക്ളബ് അംഗങ്ങൾ ഒത്തുചേർന്നാണ് ലയൺ ജി. ഹരിഹരനെ തിരഞ്ഞെടുത്തത്. ഗ്രാമഗ്രാമാന്തരങ്ങളിലേക്കു ലയൺസ് പ്രസ്ഥാനത്തെ കൊണ്ടെത്തിക്കാനും സേവന പ്രവർത്തനങ്ങളിൽ അവരെ ഉത്സുകരാക്കാനും ഹരിഹരന്റെ സ്വയം സമർപ്പണവും നേതൃത്വ വൈഭവവും സംഘടനയുടെ പ്രവർത്തന വ്യാപന തൃഷ്ണയും പദ്ധതികളുടെ ഉൽകൃഷ്ടതകളും ഒക്കെ കാരണമായിരുന്നു. ഡിസ്ട്രിക്ട് ഗവർണർ പദവി വിപുലമാക്കിയതിനെ തുടർന്ന് ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറാൻ ലയൺസ് പ്രസ്ഥാനം അദ്ദേഹത്തെ മുന്നിൽ നിറുത്തി.

അനന്യസാധാരണമായ പ്രവർത്തനമികവോടെയാണ് ഹരിഹരൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനായത്. ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ റീജിയണൽ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

അമ്പതിലധികം രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിദേശിയരുടെ പാരിസ്ഥിതിക ബോധത്തെയും അതിന്റെ മേന്മകളെയും ഹരിഹരൻ സ്വജീവിതത്തിൽ പകർത്തിയതിന്റെ ഉദാഹരണം അദ്ദേഹത്തിന്റെ വീടും പരിസരവും തന്നെയാണ്. ഗേറ്റ് കടന്ന് 'വൈശാഖ് " എന്ന വീടിന്റെ മുന്നിലേക്കുള്ള വഴിയെ സർഗാത്മകതയുടെ അക്ഷീണ പഥമെന്നു വിളിക്കാം. ഹരിഹരന്റെ പാരിസ്ഥിതിക സൗഹൃദം നിലനിറുത്താനും നിറവേറ്റാനും മറ്റെല്ലാകാര്യങ്ങളിലും എന്നപോലെ അദ്ദേഹത്തിന്റെ സഹധർമ്മിണി സരോജം ഒപ്പമുണ്ടായിരുന്നു. അവരുടെ പുണ്യമായി മക്കളും ചെറുമക്കളും ഒപ്പം കൂടി.

മാനുഷികതയ്ക്ക് അനശ്വരമായ മിഴിവും നിർവചനവും നൽകിയ ശ്രീനാരായണ തൃപ്പാദങ്ങളുടെ മുമ്പിൽ കൈകൂപ്പി ഭക്തിനിർഭരനായി നില്ക്കുന്ന ഹരിഹരനെ കണ്ടിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവ പാദസ്പർശം ഏറ്റിട്ടുള്ള മിക്കയിടങ്ങളും ഹരി സന്ദർശിച്ചിട്ടുണ്ട്. മഹത് ഗുരുവിന്റെ നാമത്തിലുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ആവുന്നത്ര എല്ലാ സഹായങ്ങളും നല്കിയിട്ടുണ്ട്.

ഒരിടത്തും ഒരിക്കലും കാലുകളും പദങ്ങളും ഇടറിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ കാലുകൾ അന്നൊന്നു തെന്നിപ്പോയി. അതോടെ സംഭവിച്ച നിശബ്ദതയും ചലനശേഷിക്കുറവും ഹരിഹരന്റെ ജീവിതത്തിലെ പരമപുണ്യങ്ങളെ നിശ്ചലതയിലേക്കാഴ്‌ത്തി. ഈ വേർപാട് വരുത്തുന്ന വേദനയുടെ കടലാഴങ്ങൾ തരണം ചെയ്യാൻ ഹരിയുടെ കുടുംബത്തോടൊപ്പം ലയൺസ് പ്രസ്ഥാനവും കൂടെ ബന്ധുമിത്രാദികളും ഉണ്ടെന്നറിയുക.

ലേഖകന്റെ ഫോൺ: 9447555055

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G HARIHARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.