കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുകളുമായി കൊയിലാണ്ടി തുറയൂർ സ്വദേശി നടക്കൽ ഹൗസിൽ സുഹൈലിനെ (25) കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എം.ജിജിൽ കുമാറും സംഘവും അറസ്റ്റു ചെയ്തു. വാഹന പരിശോധനക്കിടെ ബല്ലാർഡ് മൂന്നാംപീടികക്ക് സമീപത്ത് വച്ചാണ് 335 ഗ്രാം എൽ.എസ്.ഡിയും 15.37 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായത്.
കണ്ണൂർ ഭാഗത്ത് വിൽപനക്കെത്തിച്ചതാണ് മയക്കുമരുന്ന്. പ്രതിയിൽ നിന്ന് ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ ഫോണും 1000 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സി വി.ദിലീപിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ഈയാൾ സഞ്ചരിച്ച ടയോട്ട കാറും അധികൃതർ കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ പ്രിവന്റിവ് ഓഫിസർമാരായ കെ.പി.വിജയൻ, കെ.സി ഷിബു, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ പുരുഷോത്തമൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പങ്കജാക്ഷൻ, സുജിത്ത്, പ്രവീൺ ഷിബു എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |