ലഖ്നൗ: സൗദി അറേബ്യയിൽ തടവിൽ കഴിയുന്ന 850 ഇന്ത്യക്കാർ ഉടൻ മോചിതരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തടവുകാരായ ഇന്ത്യക്കാരെ മോചിപ്പിക്കണെമെന്ന് താൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോട് അഭ്യർഥിച്ചിരുന്നുവെന്നും, തന്റെ അഭ്യർത്ഥന അദ്ദേഹം സ്വീകരിച്ചുവെന്നും മോദി പറഞ്ഞു. റംസാന് മുമ്പ് എല്ലാവരും മോചിതരാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ബദോഹിയിൽ ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന പിന്തുടരുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ ആരുടെയും മതവിശ്വാസത്തെ ബി.ജെ.പി. സർക്കാർ നിന്ദിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യഅവകാശങ്ങൾ നൽകുന്നതാണ് നമ്മുടെ ഭരണഘടന. അനേകം രാജ്യങ്ങളിൽ മുത്തലാഖിന് അനുമതിയില്ല. മുസ്ലീം സ്ത്രീകൾക്കുള്ള അതേ അവകാശം രാജ്യത്തു കൊണ്ടുവരികയാണ് തന്റെ സർക്കാർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതി കൊണ്ടുമൂടിയ ആകെ കുഴഞ്ഞുമറിഞ്ഞ നിലയിലാണ് പ്രതിപക്ഷമഹാസഖ്യം. അതിനാൽ ബി.ജെ.പിക്ക് മാത്രമേ രാജ്യത്തെ സേവിക്കാനാവൂ. ഒരു ഭീകരാക്രമണം ഉണ്ടായാലും സൈനികരുടെ മൃതദേഹം ദേശീയപതാകയിൽ പൊതിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോളും രാജ്യം ദു:ഖിക്കും. പക്ഷേ അതിന് പ്രതികാരമായി മിന്നലാക്രമണം നടത്തുമ്പോൾ രാജ്യത്തെ ജനങ്ങൾക്ക് അഭിമാനം തോന്നുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |