SignIn
Kerala Kaumudi Online
Saturday, 27 April 2024 5.02 AM IST

ഗണേശ്‌കുമാറിന്റെ ആശുപത്രി ശുചീകരണം

kk

എം.എൽ.എ ഗണേശ്‌കുമാർ ആശുപത്രി മന്ദിരം തൂത്തുവൃത്തിയാക്കിയ അപൂർവ സംഭവം മാദ്ധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റിയതിൽ അത്ഭുതമില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പൊതുവായ സ്ഥിതിയിലേക്കുള്ള ഒരെത്തിനോട്ടം മാത്രമായി ഗണേശ്‌കുമാറിന്റെ പ്രവൃത്തിയെ വിശേഷിപ്പിക്കാം. ആശുപത്രി സന്ദർശനത്തിനിടെ ചൂലെടുത്ത ജനപ്രതിനിധിയുടെ നടപടിക്കെതിരെ ഡോക്ടർമാർ ഉൾപ്പെടെ സംഘടിത ശക്തികൾ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും പൊതുജനം അഭിനന്ദന പൂച്ചെണ്ടുകളുമായിട്ടാകും മുന്നോട്ടുവരിക. തന്റെ മണ്ഡലമായ പത്തനാപുരത്തെ തലവൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിക്കുവേണ്ടിയുള്ള പുതിയ മന്ദിരം എം.എൽ.എയുടെ പ്രാദേശികഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചതാണ്. ഔപചാരിക ഉദ്ഘാടനം ഈ മാസം 14 നു നടക്കാനിരിക്കുന്നതേയുള്ളൂ. എങ്കിലും ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് പുതിയ ആശുപത്രി മന്ദിരം ഇതിനകം രോഗികൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ഉദ്ഘാടനത്തിനു മുന്നോടിയായി ആശുപത്രിയിലെ സൗകര്യങ്ങൾ നേരിൽ കാണാനെത്തിയ എം.എൽ.എ അവിടത്തെ വൃത്തിഹീനമായ അവസ്ഥ കണ്ട് പൊട്ടിത്തെറിച്ചതിൽ അത്ഭുതമില്ല. ആശുപത്രിയുടെ കോലം കണ്ട് ജനപ്രതിനിധിയുടെ മനസിൽ ഉരുണ്ടുകൂടിയ അമർഷമാണ് ചൂലെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മൂന്നുകോടി രൂപ മുടക്കി നിർമ്മിച്ച ആശുപത്രി മന്ദിരം വൃത്തിയായും വെടിപ്പായും സൂക്ഷിക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ പ്രാഥമിക ചുമതലയാണ്. രോഗികളെ പരിശോധിക്കലും മരുന്നു കുറിച്ചുകൊടുക്കലും മാത്രമാണ് തങ്ങളുടെ ചുമതലയെന്ന് ഡോക്ടർമാരും ശുശ്രൂഷയും മരുന്നു നൽകലും മാത്രമാണ് തങ്ങളുടെ ജോലിയെന്ന് ജീവനക്കാരും കരുതുന്നതുകൊണ്ടാണ് ആശുപത്രിമന്ദിരവും ചുറ്റുപാടുമൊക്കെ അലങ്കോലമായി കിടക്കുന്നത്. ആശുപത്രി ജീവനക്കാർക്ക് പറയാൻ ഒരുപാട് ന്യായങ്ങളുണ്ടാവും. ജീവനക്കാരുടെ കുറവും ക്ളീനിംഗ് സ്റ്റാഫിനെ പ്രത്യേകം നിയമിക്കാത്തതും മറ്റും ഇക്കൂട്ടത്തിലുണ്ടാകും. ജീവനക്കാർ കുറവാണെങ്കിൽ അക്കാര്യം മേലധികാരികളെ അറിയിച്ച് പരിഹാരം തേടണം. ഹീറോ ചമയാനോ നാട്ടുകാർക്കിടയിൽ ഇമേജ് വളർത്താനോ ആയിരുന്നില്ല തന്റെ ശ്രമമെന്ന് ഗണേശ്‌കുമാർ പറഞ്ഞിട്ടുണ്ട്. ആശുപത്രി ജീവനക്കാർക്ക് നാണക്കേടു തോന്നാൻ വേണ്ടി മാത്രമാണ് ഇതിനു തുനിഞ്ഞതെന്നും വിശദീകരണമുണ്ട്.

ഓർക്കാപ്പുറത്ത് വാർത്തയിലിടം നേടിയ തലവൂർ ആയുർവേദ ആശുപത്രിയിലേത് ഒറ്റപ്പെട്ട കാര്യമൊന്നുമല്ല. സർക്കാരിനു കീഴിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ വരെ നിലനിൽക്കുന്ന അരാജക സ്ഥിതിയാണിത്. ശുചീകരണ പ്രവൃത്തികൾക്ക് മതിയായ ജീവനക്കാരുള്ള സർക്കാർ ആശുപത്രികളുടെ സ്ഥിതിയും ഒട്ടുംതന്നെ അഭിമാനകരമല്ല. സർക്കാർ ആശുപത്രികളായാൽ ഇങ്ങനെയൊക്കെയേ ആകാവൂ എന്നൊരു ചിന്തയുള്ളതു കൊണ്ടാവാം ഇത്. അവിടെയെത്തുന്ന പൊതുജനങ്ങൾക്കും ഇതിൽ പങ്കുണ്ടെന്ന കാര്യം വിസ്മരിക്കരുത്. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്ന സ്വകാര്യ ആശുപത്രികളിൽ പരമാവധി ശുചിത്വം പാലിക്കാൻ ജനങ്ങൾക്കു ഒരു മടിയുമില്ല. ഈ നല്ല ശീലം സർക്കാർ ആശുപത്രിയിലും കാണിച്ചാൽ അവയുടെ നിലവാരം ഉയരും. അതിന് അവരെ പ്രേരിപ്പിക്കാൻ കഴിയണം. പരാധീനതകൾ പറഞ്ഞ് ഒഴിയുകയല്ല വേണ്ടത്. മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ വല്ലപ്പോഴുമെങ്കിലും ആശുപത്രികൾ സന്ദർശിച്ച് ശുചിത്വ നിലവാരം ഉറപ്പാക്കിയാൽ തീർച്ചയായും ഗുണമുണ്ടാകും. മൂക്കുപൊത്താതെയും മലീമസമായ കാഴ്ചകൾ കാണാതെയും സർക്കാർ ആശുപത്രികളിലും കടന്നുചെല്ലാനാകണം. ഏതായാലും ഗണേശ്‌‌കുമാറിന്റെ ആശുപത്രി സന്ദർശനവും ശുചീകരണയജ്ഞവും നല്ല തുടക്കമാകട്ടെയെന്ന് പ്രാർത്ഥിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.