SignIn
Kerala Kaumudi Online
Friday, 26 April 2024 12.25 PM IST

നവതിയിലെത്തുന്ന സത്യസഞ്ചാരി

brp

" ഒരു ദിവസം പേട്രിയറ്റിന്റെ പത്രാധിപർ എടത്തട്ട നാരായണൻ ഒരു ഇംഗ്ളീഷ് കവിതാസമാഹാരം റിവ്യു ചെയ്യാനായി എനിക്കു തന്നു. വായ്പയ്ക്ക് പേട്രിയറ്റ് ആശ്രയിക്കുന്ന ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥന്റേതാണെന്ന കാര്യം എഴുതുമ്പോൾ ഓർമ്മയിലുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. വായിച്ചപ്പോൾ നല്ലതെന്ന് എഴുതാൻ കഴിയുന്നവയല്ലെന്ന് എനിക്കു തോന്നി. പുസ്തകത്തിന്റെ തുടക്കത്തിൽ ചേർത്തിരുന്ന രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ കത്ത് എനിക്കൊരു രക്ഷാമാർഗം തുറന്നുതന്നു. അവതാരിക എഴുതാൻ അഭ്യർത്ഥിച്ച് കവി എഴുതിയ കത്തിനുള്ള മറുപടിയായിരുന്നു അത്. ഈ കവിതകൾക്ക് അവതാരികയുടെ ആവശ്യമില്ലെന്നാണ് അദ്ദേഹം എഴുതിയിരുന്നത്. അതൊരു വിപരീതാർത്ഥ പ്രയോഗമാണെന്ന് മനസിലാക്കാൻ കവിക്കായില്ല. അതേരീതിയിലുള്ള സാമാന്യം നീണ്ട റിവ്യു ഞാനെഴുതി. കവിക്ക് അർത്ഥം മനസിലാകില്ലെന്നും ലേഖനത്തിന്റെ നീളം അദ്ദേഹത്തെ സന്തോഷിപ്പിക്കുമെന്നും ഞാൻ കണക്കാക്കി. ഞായറാഴ്ച മാഗസീൻ രണ്ട് ദിവസം മുൻപേയാണ് അച്ചടിക്കുന്നത്. റിവ്യു കണ്ടശേഷം നാരായണൻ പറഞ്ഞു." അങ്ങേർക്ക് മനസിലാകില്ലെന്നു കരുതുന്നു."അക്കാര്യത്തിൽ ഒട്ടും ആകാംക്ഷ വേണ്ടെന്നു ഞാൻ പറഞ്ഞു. കവി ഞായറാഴ്ച രാവിലെതന്നെ നാരായണനെ വിളിച്ച് നല്ല റിവ്യു എഴുതിയതിനു നന്ദി അറിയിച്ചു. റിവ്യുവിൽ ഞാൻ പേരു വച്ചിരുന്നില്ല. അതിനു പകരം ബി.എസ്. എന്ന ഇനിഷ്യലുകൾ കൊടുത്തതിന്റെ കാരണം നാരായണൻ ചോദിച്ചു. " അത് ബുൾ ഷിറ്റിന്റെ (അസംബന്ധം )ചുരുക്കെഴുത്താണ്. ഞാൻ പറഞ്ഞു." -തന്റെ അനുഭവക്കുറിപ്പുകളിൽ പ്രശസ്ത പത്രപ്രവർത്തകനായ ബാബു രാജേന്ദ്രപ്രസാദ് ഭാസ്ക്കർ എന്ന ബി.ആർ.പി ഭാസ്ക്കർ എഴുതിയതാണിത്.

ഏഴുപതിറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ മാദ്ധ്യമ പ്രവർത്തനത്തിൽ ഈ സംഭവത്തിന് ഒരു രസകരമായ വിഷയമെന്ന പ്രസക്തി മാത്രമേയുള്ളൂവെങ്കിലും ബി.ആർ.പി.ഭാസ്ക്കർ എന്ന വിശ്വസനീയ തൂലികക്കു പിന്നിലെ സ്വഭാവദാർഢ്യം അതിൽ പ്രതിഫലിച്ചിട്ടുണ്ടെന്നു പറയാം. പത്രത്തിന്റെ താത്പര്യം സംരക്ഷിക്കുകയും എന്നാൽ തന്റെ ക്രെഡിബിലിറ്റിയിൽ വെള്ളം ചേർക്കാതിരിക്കുകയും ചെയ്യുകയെന്ന സമീപനമാണ് അദ്ദേഹം അപ്പോൾ സ്വീകരിച്ചത്. പത്രപ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ, പരിസ്ഥിതിവാദി എന്നിങ്ങനെ ഏറെ വിശേഷണങ്ങളുള്ള, ഇപ്പോൾ ജീവിച്ചിരിക്കുന്ന പത്രപ്രവർത്തകരുടെ തലമുറയിലെ ഏറ്റവും പ്രഗത്ഭരിലൊരാളുമായ ബി.ആർ.പിക്ക് വരുന്ന ശനിയാഴ്ച തൊണ്ണൂറ് വയസ് തികയുകയാണ്.

" നവതി ആഘോഷമൊന്നുമില്ല. എന്നാൽ 'ഈ മനോഹര തീരമായ... ' കേരളത്തിൽ ഒന്നുവന്നുപോകണമെന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം അതിന് അനുവദിക്കുന്നില്ലെങ്കിലും."

ഭാര്യ രമയ്ക്കും മകൾ പരേതയായ ബിന്ദുവിന്റെ ഭർത്താവ് ഡോ.കെ.എസ്.ബാലാജിക്കുമൊപ്പം ചെന്നൈയിൽ കഴിയുന്ന അദ്ദേഹം പറഞ്ഞു.

മകൻ ഒരു എൻജിനീയറാവുകയോ, സിവിൽ സർവീസെഴുതി ഐ.എ.എസു കാരനോ മറ്റോ ആകണമെന്നൊക്കെയായിരുന്നു ബി.ആർ.പിയുടെ അച്ഛൻ എ.കെ.ഭാസ്ക്കറിന്റെ ആഗ്രഹം. എന്നാൽ പൊതുപ്രവർത്തകനും പത്ര ഉടമയുമായ അച്ഛന്റെ പത്രത്തിന്റെ പാതയിലേക്കായിരുന്നു ബി.ആർ.പിയുടെ നോട്ടം ചെന്നെത്തിയത്. നവഭാരതം എന്നായിരുന്നു എ.കെ.ഭാസ്ക്കർ നടത്തിയിരുന്ന പത്രത്തിന്റെ പേര്. പ്രഗത്ഭരായ പത്രാധിപന്മാരാണ് നവഭാരതത്തിന്റെ പ്രതാപകാലത്ത് അവിടെ പ്രവർത്തിച്ചിരുന്നത്. പത്രമോഫീസിന്റെ കൗതുകം പഠിക്കുന്ന കാലത്ത് ബി.ആർ.പിയെ ആകർഷിച്ചിരുന്നു. ഒരിക്കൽ നവഭാരതത്തിലെ പംക്തികാരൻ വാരഫലം മുടക്കിയപ്പോൾ ആ പംക്തി എഴുതുകയും ചെയ്തു.

വേണാട് കരുണാകരനായിരുന്നു നവഭാരതത്തിന്റെ തിരുവനന്തപുരം ലേഖകൻ. ജവഹർലാൽ നെഹ്റു വന്നപ്പോൾ വിമാനത്താവളത്തിലാരുക്കിയ സ്വീകരണച്ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ പോരുന്നോയെന്ന് വേണാട് കരുണാകരൻ ബി.ആർ.പിയോട് ചോദിച്ചു. മടികൂടാതെ ഒപ്പംചെന്ന ബി.ആർ.പിയോട് അതെഴുതാനും പറഞ്ഞു.

പത്രപ്രവർത്തനം തിരഞ്ഞെടുത്തപ്പോൾ ഇംഗ്ളിഷ് പത്രങ്ങളിൽ പ്രവർത്തിക്കാനായിരുന്നു ബി.ആർ.പിയുടെ താത്പ്പര്യം. അതിനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. പ്രധാനമായും വിശാലമായ ഒരു സ്പേസും റീച്ചും കിട്ടുമെന്നത്. രണ്ടാമത് കേരളത്തിൽ നിന്നാൽ രാഷ്ട്രീയത്തിലേക്ക് മുഴുവൻ സമയവും ആകർഷിക്കപ്പെടുന്ന ഒരു സാഹചര്യം അന്നുണ്ടായിരുന്നു. അതൊഴിവാകാൻ കൂടിയാണ് കേരളം വിട്ടത്. ചെന്നൈയിൽ ഹിന്ദുവിലായിരുന്നു തുടക്കം. പിൽക്കാലത്ത് സ്റ്റേറ്റ്സ്മാൻ,പേട്രിയറ്റ് ,ഡെക്കാൻ ഹെറാൾഡ് എന്നീ പത്രങ്ങളിലും ദേശീയ വാർത്താ ഏജൻസിയായ യു.എൻ.ഐയിൽ ദീർഘകാലവും പ്രവർത്തിച്ചു. ഫിലിപ്പൈൻസിൽ പരിശീലനം നേടിയിട്ടുണ്ട്. കാശ്മീരിലും കൊൽക്കത്തയിലുമടക്കം യു.എൻ.ഐയുടെ ബ്യൂറോചീഫായിരുന്നു. ജവഹർലാൽ നെഹ്റു മരിച്ചപ്പോൾ പത്രം തയ്യാറാക്കുന്നതിലും അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ റിപ്പോർട്ടും ചെയ്യുന്നതിലും പങ്കെടുത്തു.

വിക്രം സാരാഭായിയുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇന്ത്യ ഉപഗ്രഹവിക്ഷേപണം ആരംഭിക്കുന്ന വിവരം ബി.ആർ.പി.അറിഞ്ഞിരുന്നു. ഒരുദിവസം സാരാഭായി നേരിൽക്കാണണം എന്നാവശ്യപ്പെട്ടു. തന്റെ പദ്ധതിയെക്കുറിച്ച് വിശദമായി ബി.ആർ.പിയോട് സാരാഭായി സംസാരിച്ചു. നല്ലൊരു സ്കൂപ്പ് കിട്ടിയ സന്തോഷത്തിലായിരുന്നു ബി.ആർ.പി. പക്ഷേ അവസാനം സാരാഭായ് പറഞ്ഞു അത് റിപ്പോർട്ട് ചെയ്യരുതെന്ന്. അന്ന് എഴുതില്ലെന്ന് വാക്കുപറഞ്ഞാൽ അത് പാലിക്കുന്ന പത്രപ്രവർത്തകരുടെ കാലമായിരുന്നുവെന്ന് ബി.ആർ.പി ഒാർക്കുന്നു. പിന്നീട് സാരാഭായിയെയും ഇന്ദിരാഗാന്ധിയെയും ഇന്റർവ്യൂ ചെയ്യാനും അവസരം ലഭിച്ചു. ഏഴുപതിറ്റാണ്ട് നീളുന്ന പത്രപ്രവർത്തനത്തിൽ പത്രം ചെയ്യുന്നതിലും ഓഫ്ബീറ്റ് സ്റ്റോറികൾ ചെയ്യുന്നതിലും അവിസ്മരണീയമായ അവസരങ്ങളാണ് ബി.ആർ.പിക്കു ലഭിച്ചത്.

ഏഷ്യാനെറ്റ് തുടങ്ങിയപ്പോൾ വാർത്താവിഭാഗം ഉപദേഷ്ടാവായിരുന്നു. പത്രപ്രവർത്തനത്തിൽ നിന്ന് വിരമിച്ചശേഷം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ വ്യാപൃതനായി.

" പത്രപ്രവർത്തനത്തിൽ മാറ്റങ്ങളുണ്ടാകുന്നതിൽ അതിശയോക്തിയില്ല. നല്ല മാറ്റമാണോ ചീത്ത മാറ്റമാണോയെന്ന് വിലയിരുത്തണമെന്നുമാത്രം. പത്രപ്രവർത്തനകാലം തികഞ്ഞ സംതൃപ്തിയാണ് നൽകിയത്. പത്രപ്രവർത്തനത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഇല്ലെന്നും " അദ്ദേഹം പറഞ്ഞു. ന്യൂസ് റൂം എന്ന അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകൾ ഒരു വലിയ കാലഘട്ടത്തിന്റെ ചരിത്രമാണ്. പത്രപ്രവർത്തനം പഠിക്കുന്നവർ മാത്രമല്ല ഇപ്പോൾ പ്രവർത്തിക്കുന്നവരും വായിച്ചിരിക്കേണ്ടതാണ്.

വലിയ കാലങ്ങൾ കണ്ട പത്രപ്രവർത്തകനാണ് ബി.ആർ.പി. സാമൂഹിക പ്രതിബദ്ധതയും ധിഷണയുമുള്ള ഒരു തലമുറയിലെ കണ്ണിയാണ്. എന്നും മനുഷ്യപ്പറ്റുള്ള പത്രപ്രവർത്തനത്തിന്റെ പാതയിലാണ് ബി.ആർ.പി ഭാസ്ക്കർ സഞ്ചരിച്ചത്. സത്യത്തിന്റെ പാതയിൽ നിന്ന് ഒരിക്കലും വഴിമാറിനടന്നതുമില്ല. നവതി ആശംസകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRP BHASKAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.