SignIn
Kerala Kaumudi Online
Saturday, 04 May 2024 9.00 PM IST

അധികമാരെയും നുള്ളി നോവിക്കാതെ

kk

സ്വന്തമായി ഭൂമിയും വാഹനവും ഉള്ളവരെ ചെറുതായൊന്നു നുള്ളിയതൊഴികെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ രണ്ടാമത്തെ ബഡ്‌ജറ്റ് നിരുപദ്രവമാണ്. ചെലവുകൾ പെരുകുകയും വരുമാനം വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഏതൊരു ഗൃഹനാഥനും കൈയിലുള്ളതു വലിയ പരാതികൾക്കിട നൽകാത്തവിധം വീതിച്ചുകൊടുക്കാനാവും ശ്രമിക്കുക. ധനമന്ത്രിയും അത്തരത്തിലൊരു അഭ്യാസത്തിനു മുതിർന്നതായിട്ടാണ് ബഡ്‌ജറ്റ് പ്രസംഗത്തിലൂടെ കടന്നുപോയപ്പോൾ തോന്നിയത്. പുതുതായി ചില നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നും നിലവിലുള്ള ചിലതെല്ലാം വർദ്ധിക്കുമെന്നും നേരത്തെ സൂചന വന്നിരുന്നു. എന്നാൽ മന്ത്രി അതിലേക്കൊന്നും അധികം കടന്നില്ല. ആകെ 602 കോടി രൂപയുടെ അധികനികുതി വരുമാനത്തിനുള്ള നിർദ്ദേശങ്ങളേ ബഡ്‌ജറ്റിലുള്ളൂ. ഭൂനികുതിയിൽ പത്തുശതമാനം വർദ്ധന വരും. മോട്ടോർ സൈക്കിളുകളുടെ നികുതിയിൽ ഒരു ശതമാനം വർദ്ധനയാണ് നിർദ്ദേശിച്ചിരിക്കുന്നത്. പഴയ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനയുണ്ട്. ഭൂനികുതി നിർണയത്തിന് പുതിയ സ്ളാബുകൾ ഏർപ്പെടുത്തും. ഭൂമിയുടെ ന്യായവില പുനർനിർണയിക്കുന്നതിനൊപ്പം രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി ഇനങ്ങളിലും വർദ്ധനയുണ്ടാകും. മറ്റു മേഖലകളിലൊന്നും നികുതി വർദ്ധന ശുപാർശ ചെയ്യപ്പെട്ടിട്ടില്ല. അധിക വരുമാനം നേടാൻ സേവന മേഖലകളിലുൾപ്പെടെ അവസരങ്ങൾ അനവധി ഉണ്ടായിട്ടും അതിലേക്കൊന്നും കടന്നില്ല. ആ നിലയ്ക്ക് ബഡ്‌ജറ്റിനോട് പൊതുവേ തൃപ്‌തികരമായ പ്രതികരണമാകും സാമാന്യജനങ്ങളിൽ നിന്നുണ്ടാകുക. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ ഒരുവിധ വർദ്ധനയും വരുത്താത്തതിൽ ആ വിഭാഗക്കാർക്ക് നിരാശയുണ്ടാവുക സ്വാഭാവികം. എന്നാൽ കടഭാരത്താൽ നട്ടം തിരിയുന്ന സർക്കാരിന് അധികച്ചെലവിനെക്കുറിച്ച് ആലോചിക്കാൻ പോലുമാകാത്ത സ്ഥിതിയാണിപ്പോൾ.

നവകേരള നിർമ്മിതി ലക്ഷ്യമിടുന്ന നയരേഖയുമായി ഏറെ ഒത്തുപോകുന്ന ധാരാളം നിർദ്ദേശങ്ങൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം, പൊതുജനാരോഗ്യം, കൃഷി, ടൂറിസം, വ്യവസായ മേഖലകളിൽ ഉണർവുണ്ടാക്കാൻ ഉതകുന്ന പുതിയ പദ്ധതികൾക്ക് കാര്യമായ തോതിൽ വിഹിതം മാറ്റിവച്ചിട്ടുണ്ട്. ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി കുട്ടികളെ പറഞ്ഞുവിടാതെ പഠനവുമായി ഒത്തുപോകുന്ന തൊഴിൽ നൈപുണ്യം കൂടി നേടുന്നതിന് സർവകലാശാല കാമ്പസുകളോടനുബന്ധിച്ച് സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം ബഡ്‌ജറ്റിലെ നവീന ആശയമാണ്. പത്ത് സർവകലാശാലകൾക്കായി 200 കോടി രൂപയാകും ഇതിനായി നൽകുക. അതുപോലെ 14 ജില്ലകളിലും സാങ്കേതിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പുകൾ തുടങ്ങും. യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം നൽകാൻ എല്ലാ ജില്ലകളിലും സ്‌കിൽ പാർക്ക് സ്ഥാപിക്കാൻ 350 കോടി രൂപ ചെലവഴിക്കും. തിരുവനന്തപുരത്ത് മെഡിക്കൽ ഇന്നവേഷൻ പാർക്കാണ് ഉദ്ദേശിച്ചിട്ടുള്ളത്. 100 കോടി രൂപ ചെലവിലായിരിക്കും ഇത്. കണ്ണൂരിലും കൊല്ലത്തും ഐ.ടി പാർക്കുകൾ, നിലവിലുള്ള ഐ.ടി പാർക്കുകളുടെ അനുബന്ധമെന്നവണ്ണം ഉപഗ്രഹ ഐ.ടി കേന്ദ്രങ്ങൾ, 5000 വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനത്തിനുള്ള പ്രത്യേക പദ്ധതി, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ഉത‌്‌പാദന യൂണിറ്റുകൾ തുടങ്ങിയവ ആകർഷക പദ്ധതികളാണ്.

ഐ.ടി പാർക്കുകൾക്ക് പുറമെ സയൻസ് പാർക്കുകളും ആരംഭിക്കാനുള്ള നിർദ്ദേശം ബഡ്‌ജറ്റിലുണ്ട്. സംരംഭകർക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നതിനു പുറമേ വായ്‌പയും സബ്സിഡിയുമൊക്കെ ലഭ്യമാക്കും. പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെയെല്ലാം പിന്നിലുള്ള ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ വലിയ ഐ.ടിപാർക്കുകളെ ബന്ധപ്പെടുത്തി നാല് ഐ.ടി ഇടനാഴികൾ വികസിപ്പിക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശം നൂതന ആശയമാണ്. ഐ.ടി സ്ഥാപനങ്ങളെ ബന്ധപ്പെടുത്തിയുള്ള ഉപഗ്രഹ പാർക്കുകൾക്കായി 15 ഏക്കർ സ്ഥലം വീതം സർക്കാർ ഏറ്റെടുത്ത് നൽകും. ഉപഭോക്തൃ സംസ്ഥാനമായ കേരളം നേരിടേണ്ടിവരുന്ന വിലക്കയറ്റ ഭീഷണിയിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാനുള്ള വിപണി ഇടപെടലിനും മറ്റുമായി 2000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പൊതുവിതരണ ശൃംഖല കുറ്റമറ്റതാക്കുന്നതിനൊപ്പം സിവിൽ സപ്ലൈസ് വകുപ്പിനെ ശക്തിപ്പെടുത്താനുള്ള നടപടികളുമുണ്ടാകും. റേഷൻ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കാനുള്ള സംവിധാനം ഉടനെ പ്രയോഗത്തിൽ വരും. വിദേശങ്ങളിലെ യന്ത്രവത്കൃത കൃഷിരീതികൾ നേരിൽക്കണ്ട് മനസിലാക്കാൻ കൃഷിക്കാരുടെ പ്രതിനിധികളെ അങ്ങോട്ട് അയയ്ക്കും. കാർഷിക മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്ന 881 കോടി രൂപ തൃപ്തികരമെന്നു പറയാനാവില്ല. നെൽക്കൃഷി വികസനത്തിന് 76 കോടിയും പച്ചക്കറി കൃഷിക്ക് 26 കോടിയും നെല്ലിന് താങ്ങുവില കൂട്ടാൻ 28 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്.

ജലസ്രോതസുകളുടെ മലിനീകരണം തടയാനുള്ള പദ്ധതികൾക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ട്. അഷ്ടമുടി, വേമ്പനാട് കായലുകളിലെ നവീകരണത്തിന് 20 കോടി രൂപയും ജലാശയങ്ങളിലെ പ്ളാസ്റ്റിക് നീക്കാൻ 10 കോടി രൂപയും വിനിയോഗിക്കും. എത്രയോ വർഷമായി പറഞ്ഞുകേൾക്കുന്ന അണക്കെട്ടുകളിലെ മണൽവാരൽ പദ്ധതിയെക്കുറിച്ചും ഈ ബഡ്ജറ്റിൽ പരാമർശമുണ്ട്. പുതിയൊരു വരുമാന സ്രോതസുകൂടിയായ ഈ പദ്ധതി ഇനിയെങ്കിലും ഗൗരവമായി എടുക്കണം.

പുതിയ ആറ് ബൈപാസുകൾ, ജംഗ്ഷനുകളുടെ വികസനം, തിരുവനന്തപുരത്ത് ഔട്ടർ റിംഗ് റോഡ്, എം.സി റോഡ് വികസനം, ദേശീയപാത വികസനം തുടങ്ങി അടിസ്ഥാന വികസന മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന വിഹിതമാണ് നീക്കിവച്ചിരിക്കുന്നത്. കെ-റെയിലിന് ഭൂമി ഏറ്റെടുക്കാൻ ആദ്യഘട്ടമായി 2000 കോടി രൂപ കിഫ‌്‌ബിക്കും നീക്കിവച്ചിട്ടുണ്ട്.

ആരോഗ്യമേഖലയുടെ നവീകരണത്തിന് തുക എത്ര കിട്ടിയാലും മതിയാകാത്ത സ്ഥിതിയാണ്. പുതുതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിലധികം മുൻകാലത്തെപ്പോലെ കിഫ്‌ബിയുടെ നേതൃത്വത്തിലാകും നടപ്പിലാക്കുക.

അധിക വിഭവ സമാഹരണത്തിന് കാര്യമായ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നതാണ് പ്രധാന പോരായ്മ. സമ്പദ്‌രംഗത്തെ ഉത്തേജിപ്പിക്കാനുള്ള വഴികളാണ് തേടേണ്ടിയിരുന്നത്. വരുമാനം കൂട്ടുക എന്നത് നികുതി പിരിവിലൂടെ മാത്രമാകുമ്പോൾ അതിനുള്ള മേഖലകൾ കണ്ടെത്തിയേ മതിയാകൂ. എന്നാൽ ഒരുവിഭാഗത്തെയും പിണക്കാതിരിക്കാനാണ് ധനമന്ത്രി ശ്രമിച്ചിട്ടുള്ളത്.

എല്ലാ ബഡ്‌ജറ്റിലും ലക്ഷ്യമിടുന്നത് വളർച്ചയും അതിലൂടെ ജനങ്ങളുടെ പുരോഗതിയുമാണ്. ഉത്‌പാദന മേഖലകൾ ഉണരുകയും സജീവമാവുകയും ചെയ്യുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വർദ്ധിക്കും. ബഡ്‌ജറ്റിലെ പുതിയ ആശയങ്ങൾ പ്രാവർത്തികമായാൽ ഭാവികേരളത്തിന്റെ അടിത്തറയ്ക്ക് അത് കൂടുതൽ ശക്തിപകരും. നിർഭാഗ്യവശാൽ ബഡ്‌ജറ്റ് വിഹിതം പൂർണമായും ചെലവഴിക്കാനാകാതെ സാമ്പത്തികവർഷം കടന്നുപോകുന്ന ദുരവസ്ഥയാണ് കണ്ടുവരുന്നത്. ബഡ്‌ജറ്റിലെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനുള്ള ഉറച്ച തീരുമാനം കൂടി കൈക്കൊള്ളേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.