SignIn
Kerala Kaumudi Online
Friday, 26 April 2024 8.50 PM IST

യു.പി തിരഞ്ഞെടുപ്പിന്റെ ഫലശ്രുതി

yogi-adithyanath

അഭിപ്രായ സർവേകളെയും എക്സിറ്റ് പോൾ സൂചനകളെയും സാധൂകരിക്കുന്ന ജനവിധിയാണ് അഞ്ചു സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായത്. രാജ്യം ഉറ്റുനോക്കിയ പഞ്ചാബിൽ കോൺഗ്രസിന്റെയും അകാലിദളിന്റെയും അടിത്തറ തകർന്നു. പ്രകാശ് സിംഗ് ബാദൽ, മകൻ സുഖ്ബീന്ദർ സിംഗ് ബാദൽ, മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി, ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു, മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരൊക്കെ ദയനീയമായി തോറ്റു. അമരീന്ദർ സിംഗിന്റെ പാർട്ടിയുമായി കൂട്ടുചേർന്ന ബി.ജെ.പിയും നിലംപരിശായി. ബദൽ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ആം ആദ്‌മി പാർട്ടിയെ ജനം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഡൽഹിയിൽ വിജയിച്ച പരീക്ഷണം പഞ്ചാബിലേക്കും വ്യാപിക്കുകയാണ്. അഴിമതിയില്ലാത്ത, കാര്യക്ഷമത കൂടുതലുള്ള സർക്കാർ അവിടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കർഷക സമരം ഉഴുതു മറിച്ച പഞ്ചാബിൽ വിഘടനവാദത്തിന്റെയും വിഭജന വാദത്തിന്റെയും വിത്തുകൾ മുളയ്ക്കുകയില്ല എന്നും പ്രത്യാശിക്കാം.

മുഖ്യമന്ത്രിമാരെ മാറിമാറി പരീക്ഷിച്ച ഉത്തരാഖണ്ഡിൽ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തി. വമ്പിച്ച വിജയത്തിനിടയിലും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തോറ്റു. മണിപ്പൂരിലും കനത്ത ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണം നിലനിറുത്തി. വടക്കു കിഴക്കൻ മേഖലയിലും തങ്ങൾ വൻശക്തിയായി മാറിയെന്ന് തെളിയിച്ചു. ഗോവയിൽ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഭരണം ഉറപ്പിച്ചു.

തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ഏറ്റവും പ്രധാനം ഉത്തർപ്രദേശായിരുന്നു. രാജ്യത്തെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം. ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാർ പ്രതിനിധീകരിക്കുന്ന പ്രദേശം. അവിടെ പ്രധാനമത്സരം ബി.ജെ.പിയും എസ്.പിയും തമ്മിലാണെന്നും മുൻതൂക്കം ബി.ജെ.പിക്കാണെന്നും പകൽപോലെ വ്യക്തമായിരുന്നു. നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വം, അമിത് ഷായുടെ പിഴയ്ക്കാത്ത തന്ത്രങ്ങൾ, യോഗി ആദിത്യനാഥിന്റെ അഴിമതി വിരുദ്ധ പ്രതിഛായ, ജാതിയും ഉപജാതിയും കണക്കു കൂട്ടിയുള്ള സ്ഥാനാർത്ഥി നിർണയം, പണത്തിന്റെ ധാരാളിത്തം, എല്ലാത്തിനുമുപരി തീവ്രഹിന്ദുത്വം. 20 ശതമാനം 80 ശതമാനത്തെ ഭരിക്കാൻ പോകുന്നുവെന്ന ആശങ്ക; അതോടൊപ്പം ഉത്തർപ്രദേശിനെ കാശ്മീരോ ബംഗാളോ കേരളമോ ആക്കി മാറ്റാതിരിക്കാൻ ശ്രദ്ധിക്കണമെന്ന ഉപദേശം. മേൽപറഞ്ഞ എല്ലാ ചേരുവകളും വളരെ കൃത്യമായിരുന്നു. അങ്ങനെ ബി.ജെ.പിക്ക് വലിയ മുൻകൈ കിട്ടി.

യോഗി ആദിത്യനാഥിന് ഒത്ത എതിരാളിയല്ല അഖിലേഷ് യാദവ്. അദ്ദേഹത്തിന്റെ പാർട്ടി പ്രധാനമായും യാദവരുടെയും മുസ്ളിങ്ങളുടെയും കൂട്ടുകൃഷിയാണ്. കൂടെ പടിഞ്ഞാറൻ യു.പി.യിലെ ജാട്ടുകളുടെ പാർട്ടിയായ രാഷ്ട്രീയ ലോക്‌ദളിനെയും മറ്റേതാനും ചെറു കക്ഷികളെയും ചേർത്ത് മഴവിൽ മുന്നണിയുണ്ടാക്കി ബി.ജെ.പിയെ നേരിടാനാണ് ഉദ്ദേശിച്ചത്. പക്ഷേ, തീവ്ര ഹിന്ദുത്വം അതിലുപരി മുസ്ളിംവിരുദ്ധ വികാരം ഈ കൂട്ടുകെട്ടിനെ തീർത്തും നിഷ്പ്രഭമാക്കി. മുലായംസിംഗ് യാദവിനെപ്പോലും വെറുപ്പിച്ച 2012 - 2017 കാലത്തെ അഖിലേഷിന്റെ ഭരണം വോട്ടർമാർ ഓർമ്മിച്ചിരിക്കാം. പ്രത്യേകിച്ച് അക്കാലത്തെ അതിരൂക്ഷമായ ക്രമസമാധാനത്തകർച്ചയും യാദവേതര സമുദായങ്ങൾ അനുഭവിച്ച വിവേചനവും. അസദുദ്ദീൻ ഓവൈസിയുടെ മുസ്ളിം മജ്‌ലിസ് നൂറിലധികം സ്ഥാനാർത്ഥികളെ നിറുത്തിയത് ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയാണെങ്കിലും അല്ലെങ്കിലും എസ്.പിയുടെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കി. കർഷക സമരം ആളിക്കത്തിയ പശ്ചിമ യു.പിയിലെ ജാട്ട് മേഖലയിൽപോലും സമാജ്‌വാദി പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ലഖിംപൂർഖേരിയിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി വിജയിച്ചു. നാല് എം.എൽ.എമാർക്കൊപ്പം ബി.ജെ.പി വിട്ട് എസ്.പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യ സ്വന്തം മണ്ഡലത്തിൽ പരാജിതനായി. മുസ്ളിം വോട്ടുകൾ എസ്.പിയിൽ കേന്ദ്രീകരിച്ചത് ബി.ജെ.പിയുടെ ജോലി എളുപ്പമാക്കി. ബഹുജൻ സമാജ് പാർട്ടിയുടെ ദളിത് വോട്ടുബാങ്ക് വളരെ ശുഷ്‌കിച്ചു. പട്ടികജാതി പട്ടിക വിഭാഗക്കാരുടെ വോട്ടുകൾ മൊത്തം ബി.ജെ.പിയിലേക്ക് ഒഴുകി. മായാവതിക്കാണെങ്കിൽ ബി.ജെ.പി ജയിച്ചാലും എസ്.പി ജയിക്കരുതെന്നേ നിർബന്ധമുണ്ടായിരുന്നുള്ളൂ. ഗംഗാ സമതലത്തിലെമ്പാടും കോൺഗ്രസ് പാർട്ടി അപ്രസക്തമാണ്. യു.പിയിലെ കഥ പറയാനുമില്ല. പ്രിയങ്ക ഗാന്ധി ഒട്ടേറെ റാലികളും റോഡ് ഷോയും നടത്തിയത് വെറുതേയായി. 2012 ൽ രാഹുൽ ഗാന്ധി നേരിട്ട അതേ തിരിച്ചടി ഇത്തവണ പ്രിയങ്ക ഏറ്റുവാങ്ങി. റായ്ബറേലിയിലും അമേഠിയിലും വരെ ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചു. അങ്ങനെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഉത്തർപ്രദേശിൽ വീണ്ടും കാവിക്കൊടി പാറി.

അഞ്ചിൽ നാലു സംസ്ഥാനങ്ങളിലും നേടിയ വമ്പിച്ച വിജയം ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്തും. പ്രതിപക്ഷ പാർട്ടികൾ പൊതുവിലും കോൺഗ്രസ് പ്രത്യേകിച്ചും നിഷ്പ്രഭമായിരിക്കുന്നു. അതിന്റെ പ്രതിദ്ധ്വനി പാർലമെന്റിനകത്തും പുറത്തുമുണ്ടാകും. സുപ്രീം കോടതിയും തിരഞ്ഞെടുപ്പു കമ്മിഷനും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പോലും കാവിരാഷ്ട്രീയത്തോടു കൂടുതൽ വിധേയത്വം പ്രകടിപ്പിക്കാനാണ് സാദ്ധ്യത. ഭാരതീയ ജനതാ പാർട്ടിക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെയും നേരിടാൻ കഴിയും. രാജ്യസഭയിലും അവരുടെ അംഗബലം വർദ്ധിക്കും.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ ദേശീയ രാഷ്ട്രീയത്തിലെ സെമിഫൈനലായാണ് കണക്കാക്കുന്നത്. 2012 ൽ യു.പി. പിടിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. 2014 ൽ ആ പാർട്ടി രാജ്യത്തെമ്പാടും കടപുഴകി. 2017 ൽ യു.പിയിൽ ബി.ജെ.പി ഭൂരിപക്ഷം നേടി. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും അവർ ഭൂരിപക്ഷം നിലനിറുത്തി. 2022 ൽ ഇതാ വീണ്ടും ബി.ജെ.പി യു.പി നിലനിറുത്തിയിരിക്കുന്നു. അതേ അവസ്ഥ 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. ബി.ജെ.പി ജയിക്കുന്നു എന്നതിനേക്കാൾ പ്രതിപക്ഷകക്ഷികൾ തകരുന്നു എന്നതാണ് പ്രസക്തവും പ്രധാനവും. ഗംഗാ സമതലത്തിൽ നിന്ന് കോൺഗ്രസ് കുടിയൊഴിഞ്ഞിട്ട് ഏറെക്കാലമായി. എസ്.പി, ബി.എസ്.പി, ആർ.ജെ.ഡി, ആർ.എൽ.ഡി മുതലായ പ്രാദേശിക കക്ഷികൾക്ക് ഒറ്റയ്‌ക്കോ കൂട്ടായോ ബി.ജെ.പിയെ നേരിടാൻ ശക്തിയില്ലതാനും. ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ്, തെലുങ്കാന രാഷ്ട്രസമിതി എന്നിങ്ങനെ ബി.ജെ.പിയെ വെറുപ്പിക്കാതെ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്ന പ്രാദേശിക കക്ഷികൾ വേറെയുമുണ്ട്. ബദൽ രാഷ്ട്രീയം മുന്നോട്ടുവയ്‌ക്കുന്ന ആം ആദ്‌മി പാർട്ടി ഉത്തരേന്ത്യയിലെ ചില പോക്കറ്റുകൾക്കപ്പുറം വളർന്നിട്ടുമില്ല. ഒരുകാലത്ത് ശക്തമായിരുന്ന ഇടതുപക്ഷ പ്രസ്ഥാനം ഇന്ന് സഹ്യപർവതത്തിനിപ്പുറം ചെറിയൊരു ഭൂപ്രദേശത്ത് ഒതുങ്ങിയിരിക്കുന്നു. ബി.ജെ.പിയുടെ ശക്തിയേക്കാൾ പ്രതിപക്ഷത്തിന്റെ ശിഥിലീകരണമാണ് വിജയത്തുടർച്ചയ്ക്ക് നിദാനമാകുന്നത്.

2002 ലും 2007 ലും 2012 ലും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ വമ്പിച്ച വിജയമാണ് നരേന്ദ്രമോദിയെ ബി.ജെ.പിയിൽ അജയ്യനാക്കിയത്. ഗുജറാത്തിനേക്കാൾ എത്രയോ വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഈ വിജയത്തോടെ യോഗി ആദിത്യനാഥ് മോദിയുടെ പിൻഗാമിയാകുമെന്ന വിശ്വാസം കൂടുതൽ ശക്തമായി. അദ്ദേഹത്തിന് 49 വയസേ പ്രായമുള്ളൂ. ഉത്തർപ്രദേശിൽ ഒരുതവണ കൂടി വിജയം വരിക്കാൻ കഴിഞ്ഞാൽ യോഗി പിടിച്ചാൽ കിട്ടാത്ത നിലയിലെത്തും. ആ സാദ്ധ്യത തള്ളിക്കളയാനും വയ്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.