SignIn
Kerala Kaumudi Online
Friday, 26 April 2024 1.46 PM IST

മാൻ; പഞ്ചാബിന്റെ ദേശീയമുഖം

caricature

ഡൽഹിയിൽ നിന്ന് നിർണായകമായ പഞ്ചാബ് രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ച ആംആദ്മി പാർട്ടിയിലേക്കാണ് ഇപ്പോൾ രാജ്യശ്രദ്ധ. ദേശീയ പാർട്ടിയായുള്ള ആംആദ്മി പാർട്ടിയുടെ വളർച്ചയുടെ ആദ്യപടിയെന്നാണ്, കോൺഗ്രസിനെയും ബി.ജെ.പിയെയും ഒതുക്കി പഞ്ചാബിൽ ഭരണം പിടിച്ചതിനെക്കുറിച്ച് രാഷ്ട്രീയ വിലയിരുത്തൽ. പഞ്ചാബിനെ നയിക്കാൻ ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കേജ്‌രിവാൾ തിരഞ്ഞെടുത്ത ഭഗവന്ത് സിംഗ് മാൻ ആകട്ടെ,​ ഒരു ജയന്റ് കില്ലർ പരിവേഷത്തിലാണ് നില്പ്. ആംആദ്മി വിജയത്തിനു പിന്നാലെ സംസ്ഥാനത്ത് മാനിനു കൈവന്നത് സൂപ്പർമാൻ റോൾ!

പഞ്ചാബികൾക്ക് അത്ര അപരിചിതനല്ല,​ രാഷ്ട്രീയക്കാരന്റെ കുപ്പായമണിയുന്നതിനു മുൻപ് ഹാസ്യനടനായി തിളങ്ങിയ മാൻ. അഭിനയിച്ചു ഫലിപ്പിക്കാൻ ബുദ്ധിമുട്ടേറിയ വേഷമാണ് ഹാസ്യം. ആ കൈത്തഴക്കം ഇനി രാഷ്ട്രീയത്തിൽ പ്രതീക്ഷിക്കുകയാണ് പഞ്ചാബും രാജ്യവും.

1973 ൽ ജാട്ട് സിഖ് കുടുംബത്തിൽ ജനിച്ച മാൻ പഠനകാലത്തു തന്നെ ഹാസ്യ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. കലാവേദികളിൽ നിന്ന് ടെലിവിഷനിൻ സ്ക്രീനിലേക്കായിരുന്നു അടുത്ത സഞ്ചാരം. രാഷ്ട്രീയം ഉൾപ്പെടെ ഒരുവിധം എല്ലാ മേഖലകളെയും മിനിസ്ക്രീൻ പരിപാടികളുടെ വിഷയമാക്കി മാൻ മാറ്റി. രാഷ്ട്രീയ ആക്ഷേപഹാസ്യം തന്നെയാണ് മാനിനെ വേറിട്ട താരമാക്കിയത്. ജുഗ്‌നു (മിന്നാമിനുങ്ങ് ) എന്നാണ് മാന്റെ വിളിപ്പേരുകളിൽ ഒന്ന്. അവതരിപ്പിച്ചിരുന്ന കോമഡി പരിപാടികളിൽ നിന്നുതന്നെ ചാർത്തിക്കിട്ടിയ പേര്!

2008- ൽ സ്റ്റാർ പ്ലസിൽ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്- ഷോയിലൂടെയാണ് മാൻ സുപരിചിത മുഖമായി മാറിയത്. അതിനു മുൻപ് സിനിമയിൽ ചെറിയ വേഷങ്ങൾ. ചില ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഒരു ഡസനോളം സിനിമകളിൽ മാൻ അഭിനയിച്ചു. രസകരമായൊരു കാര്യമുണ്ട്: ഇത്തവണ അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തിൽ പരാജയപ്പെട്ട പഞ്ചാബ് പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു അന്ന് മാൻ പങ്കെടുത്ത ഷോയിൽ വിധികർത്താവായിട്ടുണ്ട്! രാഷ്ട്രീയത്തിൽ വിധി വിജയം കാത്തുവച്ചിരുന്നത് ഭഗവന്ത് സിംഗിനാണെന്നു മാത്രം.

രാഷ്ട്രീയത്തിലെ ആദ്യമത്സരത്തിൽ പരാജയമായിരുന്നു ഫലം. പീപ്പിൾസ് പാർട്ടി ഒഫ് പഞ്ചാബിൽ ചേർന്ന മാൻ 2012 നിയമസഭാ തിരഞ്ഞെടുപ്പിൽ ലെഹ്റയിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2014ൽ ആംആദ്മിയിൽ ചേരുകയും അതേ വർഷം സംഗ്രൂ‌ർ ലോ‌ക്‌സഭാ സീറ്റിൽ വിജയിക്കുകയും ചെയ്തു. 2017 നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ജലാലാബാദിൽ ഒരുകൈ നോക്കിയെങ്കിലും സുഖ്ബിർസിംഗ് ബാദലിനും രവ്നീത് സിംഗ് ബിട്ടുവിനും മുന്നിൽ പിടിച്ചുനില്ക്കാനായില്ല. . ആ ക്ഷീണം മാറിയത് 2019ൽ. ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തോടെ സംഗ്രൂരിൽ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് എൻട്രി ലഭിച്ചു. വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത മാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത് പഞ്ചാബിലെ ജനങ്ങൾ തന്നെയാണ്. പാർട്ടി നടത്തിയ പൊതു വോട്ടെടുപ്പിലൂടെയായിരുന്നു അത്.

കർഷക സമരത്തിന്റെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ ബി.ജെ.പിയോടും, കൊഴിഞ്ഞുപോക്കും തർക്കവും പുകഞ്ഞ കോൺഗ്രസിനോടുമുള്ള കടുത്ത അതൃപ്തിയാണ് പഞ്ചാബി ജനത ആംആദ്മിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതിനു പിന്നിൽ. അതുകൊണ്ടു തന്നെ, പഞ്ചാബിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുപോകുമെന്ന വാക്കാണ് മാൻ ജനങ്ങൾക്കു നല്കുന്നത്. പഞ്ചാബിൽ ആംആദ്മിയും അവരുടെ ആദ്യത്തെ മുഖ്യമന്ത്രിയായ മാനും മാറ്റങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കുമോ എന്ന് കൗതുകത്തോടെ ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം.

അമ്മയോടു ചെയ്ത ശപഥം

ഭഗവന്ത് മാനിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നെഗറ്റീവ് അദ്ധ്യായങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ മദ്യപാന സ്വഭാവം. പാർലമെന്റിൽ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ മദ്യപിച്ചെത്തിയെന്ന ആരോപണം തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മാനെ വേട്ടയാടി. ഇത് പല വിവാദങ്ങളും സൃഷ്ടിച്ചു. ‘പെഗ്‌’വന്ത് മാൻ എന്ന് മാനിനെ പലരും പരിഹാസത്തോടെ വിളിച്ചു. പക്ഷേ, 2019ൽ ഒരു പ്രചാരണ റാലിയ്ക്കിടെ അമ്മ ഹർപൽ കൗറിനു മുന്നിൽ മാൻ ശപഥം ചെയ്തു: ഇനി മദ്യം തൊടില്ല. മാനും ഭാര്യ ഇന്ദർജീത് കൗറും 2015 ൽ വേർപിരിഞ്ഞിരുന്നു. ഇവർക്ക് ഒരു മകനും മകളും. മക്കൾ ഇപ്പോൾ കാനഡയിൽ.

പഞ്ചാബിനെ പഴയ പഞ്ചാബ് ആക്കും

പഞ്ചാബിനെ പാരീസോ ലണ്ടനോ കാലിഫോർണിയയോ ഒക്കെ ആക്കാമെന്ന് കോൺഗ്രസും ബി.ജെ.പിയും പറഞ്ഞത് അവരുടെ സ്വപ്നമാണ്. ഞാൻ ജനങ്ങളുടെ സ്വപ്നത്തിനൊപ്പമാണ്. പഞ്ചാബിനെ ഞാൻ പഴയ പഞ്ചാബ് ആക്കും.

- ഭഗവന്ത് സിംഗ് മാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAGAVANT SIGH MAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.