SignIn
Kerala Kaumudi Online
Friday, 26 April 2024 12.39 PM IST

കുംഭ ചൂടിൽ കത്തിയെരിഞ്ഞ് പാലക്കാട്

photo

പകൽ തിളച്ചുമറിയുന്ന താപനിലയ്ക്കൊപ്പം രാത്രികാലങ്ങളിലും ചൂട് ഏറിയതോടെ കേരളം പുതപ്പ്​ കുടഞ്ഞെറിയുകയാണ്​. ഈ മാസം 12ന് പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സി.യിലെ താപമാപിനിയിൽ രേഖപ്പെടുത്തിയത് 42 ഡിഗ്രി ചൂടാണ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനിലയും ഇതുതന്നെ. വേനൽക്കാലം ആദ്യ രണ്ടാഴ്ച പിന്നിടുമ്പോൾ ചൂടിൽ വെന്തുരുകുകയാണ് പാലക്കാട്. സാധാരണ തണുപ്പ് അനുഭവപ്പെടുന്ന പുലർച്ചകളിൽ പോലും ഉഷ്ണമാണ്. ഫാനും എ.സിയുമില്ലാതെ കഴിയാനാവില്ലെന്നാണ് സ്ഥതി. പാലക്കാടിന് പുറമേ പുനലൂർ, വെള്ളാനിക്കര എന്നിവിടങ്ങളിലും പകൽ ഇപ്പോൾ കൂടിയ താപനില 38 ഡിഗ്രിക്ക് മുകളിലാണ്. ഓരോ സ്ഥലത്തെ താപനിലയും അവിടുത്തെ ആർദ്രതയും വിലയിരുത്തി കൃത്യമായ ചൂട് കണക്കാക്കാൻ താപ സൂചകം (ഹീറ്റ് ഇൻഡക്‌സ്) എന്ന പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. കുസാറ്റിലെ അസി. പ്രൊഫ. ഡോ. എസ്.അഭിലാഷിന്റെ നേതൃത്വത്തിലാണിത്. ഹൈറേഞ്ചിൽ ആർദ്രത കുറവായതിനാൽ ഇവിടെ ഈ പ്രശ്‌നം ഒരുപരിധിവരെ ഉണ്ടാകില്ല. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നത് വിയർക്കൽ പ്രക്രിയയാണ്. ശരീരം വിയർക്കുമ്പോൾ, വിയർപ്പ് അതേ വേഗത്തിൽ ബാഷ്പീകരിക്കും. അതിനാൽ ശരീരത്തിന് തണുപ്പ് അനുഭവപ്പെടും. എന്നാൽ ആർദ്രത കൂടിയാൽ ബാഷ്പീകരണം വൈകും. അതിനാൽ ശരീരം വിയർത്തൊലിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

വരൾച്ച നിശ്ചയിക്കും

വേനൽമഴ

കഴിഞ്ഞ രണ്ടുവർഷത്തിന്​​ സമാനമായി ഇക്കുറി ജനുവരിയിൽ മഴ കേരളത്തിന്​ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ 105.5 മി.മീ അപൂർവ മഴ അടക്കം ലഭിച്ചിരുന്നു. അന്തരീക്ഷം കൂടുതൽ ചൂടുപിടിക്കുന്നതോടെ മാത്രമേ വേനൽമഴ ലഭിക്കാനുള്ള സാഹചര്യമുണ്ടാകൂ. അടുത്ത അഞ്ചുദിവസം കേരളത്തിൽ മഴയ്ക്ക് സാദ്ധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ ആശ്വാസത്തിലാണ് മലയാളികൾ. മഴ ലഭിക്കാതിരുന്നാൽ​ ചൂട്​ പാരമ്യത്തിലെത്താൻ ഇടയാക്കും. അതേസമയം, തിമിർത്തു പെയ്ത തുലാമഴയും ശരാശരി ലഭിച്ച കാലവർഷവും കേരളത്തെ തൽക്കാലം വരൾച്ചയിലേക്ക്​ തള്ളിവിടാനുള്ള സാദ്ധ്യതയില്ലെന്നാണ് സൂചന. പക്ഷേ, വേനൽമഴ ഏപ്രിൽ, മേയ്​ മാസങ്ങളിലേക്ക്​ നീണ്ടുപോയാൽ കാര്യങ്ങൾ തകിടംമറിയുമെന്നും വിദഗ്ദ്ധർ പറയുന്നു.

42 ഡിഗ്രിയിൽ തിളച്ച് മറിഞ്ഞ്

12 വർഷത്തിനു ശേഷം പാലക്കാട് ജില്ലയിൽ ചൂട് 42 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ മുണ്ടൂർ ഐ.ഐ.ആർ.ടി.സിയിലാണ് 42 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്.
2010 മാർച്ച് 13ന് 42.5 ഡിഗ്രി രേഖപ്പെടുത്തിയതിനു ശേഷം ഇതാദ്യമായാണ് താപനില ഇത്രയും ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് മുണ്ടൂരിൽ രേഖപ്പെടുത്തുന്ന ചൂട്.

ചൂട് കൂടുമ്പോൾ മഴ പെയ്യുന്നതാണ് കണ്ടുവന്നിരുന്ന രീതി. എന്നാൽ ഈ വർഷം ജില്ലയിൽ വേനൽമഴ ലഭിച്ചിട്ടില്ല. രണ്ടു ദിവസത്തിനകം അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത വേനലിൽ ശരാശരി 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില ഉയരുന്നതാണ് ജില്ലയിലെ പതിവെങ്കിലും ഇത്ര കൂടിയ ചൂട് അപൂർവമായേ അനുഭവപ്പെടാറുള്ളൂ.
2010 നു പുറമേ 2006 ൽ മാത്രമാണ് ഈ സഹസ്രാബ്ധത്തിൽ താപനില 42 ഡിഗ്രിയിലെത്തിയിട്ടുള്ളത്. മുണ്ടൂരിനു പുറമേ മലമ്പുഴയിലും പട്ടാമ്പിയിലുമാണ് സർക്കാർ അംഗീകൃത താപമാപിനികളുള്ളത്. മുണ്ടൂരുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരി രണ്ട് ഡിഗ്രി സെൽഷ്യസിന്റെ കുറവ് പടിഞ്ഞാറൻ മേഖലയായ പട്ടാമ്പിയിൽ അനുഭവപ്പെടാറുണ്ട്. പട്ടാമ്പിയിൽ ഇക്കുറി ഇതുവരെ ചൂട് 40 ഡിഗ്രിയിലെത്തിയിട്ടില്ല.
ചൂട് കൂടിയ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ പതിനൊന്നു മുതൽ ഉച്ചതിരിഞ്ഞ് മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളുന്ന തരത്തിൽ ജോലി ചെയ്യരുതെന്നാണ് നിർദേശം. തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ജോലികൾ അതു പ്രകാരം ക്രമീകരിച്ചിട്ടുണ്ട്.

നെൽകൃഷി വിളവെടുപ്പ് ആരംഭിച്ചതോടെ കാർഷികാവശ്യങ്ങൾക്ക് മലമ്പുഴ ഡാമിൽനിന്ന് ജലസേചനം അവസാനിപ്പിച്ചു. വയൽ, കുളങ്ങൾ, തോടുകൾ എന്നിവടങ്ങളിലെ വെള്ളം വറ്റുന്നതോടെ ചൂടിന്റെ കാഠിന്യം ഇനിയും ഉയരാനാണ് സാദ്ധ്യത. ഇതോടെ കിണറുകളിലെ വെള്ളം വറ്റാനും ചിലയിടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാനും കാരണമാകും. വേനൽക്കാല പച്ചക്കറി കൃഷിയെ ചൂട് കാര്യമായി ബാധിക്കുന്നതായും കർഷകർ പറയുന്നു. ഉച്ചവെയിലിൽ ചെടികൾക്ക് കരിച്ചിൽ തട്ടുകയും പച്ചക്കറികൾ പൂർണ വളർച്ചയെത്താതെ കൊഴിഞ്ഞുവീഴുന്നതായും പറയുന്നു.

കരകയറുന്നു ചിറ്റൂർ

അനിയന്ത്രിത ജലചൂഷണത്തെത്തുടർന്നു 15 വർഷമായി ഭൂഗർഭ ജലനിരപ്പ് അതീവ ഗുരുതരാവസ്ഥയിൽ താഴ്ന്നിരുന്ന ചിറ്റൂർ ബ്ലോക്ക് അപകടനിലയിൽ നിന്നു കരകയറുന്നു. രണ്ടു വർഷത്തിനിടെ മേഖലയിലെ ഭൂഗർഭജലനിരപ്പ് ഉയർന്നതായാണ് കേന്ദ്ര ഗ്രൗണ്ട് വാട്ടർ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ വിലയിരുത്തൽ. രണ്ടു പ്രളയവും മേഖലയിലെ ജലസംരക്ഷണ, സംഭരണ നടപടികളും കുളങ്ങളുടെ നവീകരണവുമാണു മാറ്റത്തിനു പിന്നിൽ.

സംസ്ഥാനത്ത് കൂടുതൽ നെല്ലും പാലും പയറുവർഗങ്ങളും പച്ചക്കറിയും ഉത്‌പാദിപ്പിക്കുന്ന ചിറ്റൂരിലെ വരൾച്ച സംസ്ഥാനതലത്തിൽ ചർച്ചയായിരുന്നു. കെ.കൃഷ്ണൻകുട്ടി ജലവിഭവ മന്ത്രിയായിരിക്കേ നടപ്പാക്കിയ ജലകേന്ദ്രീകൃത പദ്ധതികളും റീചാർജിംഗും പറമ്പിക്കുളം–ആളിയാർ കരാർ വ്യവസ്ഥയനുസരിച്ച് മുഴുവൻ വെള്ളവും ലഭ്യമാക്കിയതും സഹായകമായതായി വിശകലനത്തിൽ കണ്ടെത്തി.

ജലസംരക്ഷണത്തിനൊപ്പം ജലചൂഷണം കുറച്ചു കൊണ്ടുവന്നതോടെ ചിറ്റൂർ ഓവർ എക്സ്‌പ്ലോയിറ്റഡ് എന്ന വിഭാഗത്തിൽ നിന്ന് ക്രിട്ടിക്കൽ എന്ന വിഭാഗത്തിലേക്ക് നില മെച്ചപ്പെടുത്തി. ജലസംരക്ഷണം തുടർന്നാൽ സെമിക്രിട്ടിക്കൽ എന്ന തലത്തിലേക്കു മാറാം.

മലമ്പുഴയുടെ കാര്യം ക്രിട്ടിക്കലാണ്

മലമ്പുഴ ബ്ലോക്കിനെ ക്രിട്ടിക്കൽ വിഭാഗത്തിലേക്കു മാറ്റി. അമിത ജലചൂഷണത്തിനൊപ്പം മണ്ണൊലിപ്പ്, വ്യാപകമായ കൈയ്യേറ്റം, മണ്ണിന്റെ ഘടന താറുമാറാക്കുന്ന കൃഷികൾ, വാളയാർ ചുരം എന്നിവയാണ് മലമ്പുഴയെ ക്രിട്ടിക്കലാക്കിയത്. കർശന നിയന്ത്രണങ്ങളുണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DROUGHT IN PALAKKAD DISTRICT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.