SignIn
Kerala Kaumudi Online
Friday, 26 April 2024 1.42 PM IST

എരിതീയിൽ എണ്ണയൊഴിക്കരുതേ...

photo

നാൽപത് ഡിഗ്രി സെൽഷ്യസിനപ്പുറം ചൂട് ഉയരുന്നുവെന്ന വാർത്തകൾ മുൻകാലങ്ങളിൽ ഉത്തരേന്ത്യയിൽ നിന്നുമാണ് കേട്ടിരുന്നത്. പ്രളയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായിരുന്നു. എന്നാൽ ഈ രണ്ടുപ്രകൃതിദുരന്തങ്ങളും കേരളത്തിലുമായി. പാലക്കാട് കഴിഞ്ഞദിവസങ്ങളിൽ നാൽപത് ഡിഗ്രി സെൽഷ്യസ് ചൂട് കടന്നു. പുനലൂരും തൊട്ടുപിന്നാലെയുണ്ട്. തൃശൂരും കോട്ടയവുമെല്ലാം പുനലൂരിനൊപ്പമാകാൻ തുടങ്ങി. മഴക്കാലത്ത് പ്രളയവും വേനൽക്കാലത്ത് വരൾച്ചയും സാധാരണമാകുന്നുവെന്ന് ചുരുക്കം. പ്രകൃതിദുരന്തം എന്ന് പറയുമെങ്കിലും പ്രകൃതിയിൽ മനുഷ്യർ നടത്തുന്ന ദുരന്തങ്ങളാണിതെന്ന് ആർക്കാണ് അറിയാത്തത്. കഴിഞ്ഞദിവസങ്ങളിൽ തൃശൂരിലെ വനമേഖലയിലും നഗരത്തിലും വരെ വൻ തീപ്പിടിത്തങ്ങളുണ്ടായി. എല്ലാം മനുഷ്യനിർമ്മിതമാണെന്നതിൽ തർക്കമില്ല. അറിഞ്ഞും അറിയാതെയും വിളിച്ചുവരുത്തുന്ന കെണികൾ.

ചാലക്കുടി കോർമലയിലും വടക്കാഞ്ചേരി, മച്ചാട് റേഞ്ചിലുമെല്ലാം കാട്ടുതീ ഭീതി പടർന്നു. വനമേഖലയിലെ യൂക്കാലിപ്റ്റസ് അടക്കമുള്ള പ്‌ളാന്റേഷനുകളും എരിതീയിൽ എണ്ണയാകുന്നുണ്ട്. സംസ്ഥാനത്തെ മിക്ക കാടുകളിലും യൂക്കാലിപ്റ്റസിന്റെ സാന്നിദ്ധ്യമുണ്ട്. എണ്ണയുടെ സാന്നിദ്ധ്യമുള്ള മരമായതിനാൽ യൂക്കാലിപ്റ്റസ് പച്ചയ്ക്ക് പോലും കത്തും. മറ്റ് മരങ്ങളിലേക്കും ഉടനെ തീപടർത്തും.
മൂന്നാർ വന്യജീവി ഡിവിഷനിലെ ഷോല നാഷണൽ പാർക്കിൽപെട്ട കുറിഞ്ഞിമല സാംഗ്ച്വറിയിൽ 2016-17 വർഷത്തിൽ എട്ടിടങ്ങളിലായി 180 ഹെക്ടർ വനത്തിലാണ് തീ പടർന്നത്. യൂക്കാലിപ്റ്റസിന്റെ സാന്നിദ്ധ്യമുള്ള പ്‌ളാന്റേഷനുകളാണ് ആ പ്രദേശങ്ങളെന്ന് അന്നത്തെ വനം മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

വനത്തിനകത്ത് ഒരു കാലത്ത് പേപ്പർ നിർമ്മാണത്തിനും മറ്റ് വാണിജ്യാവശ്യങ്ങൾക്കുമായി സർക്കാർ തന്നെ വച്ചുപിടിപ്പിച്ച അക്കേഷ്യയും യൂക്കാലിപ്റ്റസുമെല്ലാം സ്വാഭാവിക വനങ്ങളുടെ വളർച്ചയ്ക്കും ജലസംഭരണത്തിനും വലിയ തടസമായെന്ന് മന്ത്രി തന്നെ സമ്മതിച്ചിരുന്നു. യൂക്കാലിപ്റ്റസിന്റെ നാടായ ആസ്‌ട്രേലിയയിൽ കഴിഞ്ഞവർഷം ദിവസങ്ങൾ നീണ്ട കാട്ടുതീയിൽ നിരവധി കാടുകളാണ് നശിച്ചത്. ഈ വലിയമരങ്ങളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന എണ്ണ തീകത്തുന്നതിന് ആക്കം കൂട്ടി. കൊടുംചൂടും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് ഇത്തവണ തൃശൂർ അടക്കമുള്ള ജില്ലകളിൽ. ഉച്ചയ്ക്ക് ശേഷമുള്ള വരണ്ട കാറ്റും ചൂടുപിടിച്ച് മുകളിലേക്ക് ഉയരുന്ന ചെറുചുഴലികളും വഴിയാത്രക്കാരെ ഉൾപ്പെടെ വലയ്ക്കുന്നുണ്ട്.

കത്തിയമർന്നതിന് കണക്കില്ല

മനുഷ്യനിർമ്മിതമാണ് ഭൂരിഭാഗം കാട്ടുതീയും. ഇതിൽ നാമാവശേഷമാകുന്ന ജന്തുസസ്യജാലങ്ങളുടെ കൃത്യമായ കണക്കോ യഥാർത്ഥ വിവരങ്ങളോ വനംവകുപ്പിന് പോലും ലഭ്യമല്ല. നൂറ്റാണ്ടുകളാൽ രൂപപ്പെട്ട കാട്ടിലെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് നാമാവശേഷമാകുന്നത്. രണ്ട് വർഷം മുമ്പാണ് ദേശമംഗലം കൊറ്റമ്പത്തൂർ വനമേഖലയിൽ മൂന്ന് വനപാലകരുടെ ജീവൻ കാട്ടുതീ കവർന്നത്. റെക്കാഡ് കടന്ന് മഴപെയ്തിട്ടും പ്രളയക്കെടുതികളാൽ വലഞ്ഞിട്ടും ഫെബ്രുവരി പാതിമുതൽ കടുത്ത ചൂടിലേക്കും തീപിടിത്തത്തിലേക്കും നീങ്ങുന്നത് പരിസ്ഥിതി വിരുദ്ധമായ നടപടികളുടെ ഭാഗമാണെന്ന് ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുന്നുണ്ട്.

ജാഗ്രത വേണം

മലയോര മേഖലയിലെ റബർ തോട്ടങ്ങളിലും തരിശായ പാടങ്ങളിലും തീ പടരാനുള്ള സാദ്ധ്യത ഏറെയാണ്. തോട്ടങ്ങളിൽ ഇലകൾ വീണ് കരിഞ്ഞുണങ്ങി കിടക്കുന്നതിനാൽ വേഗത്തിൽ തീ പടരും. കാട്ടുതീ പ്രതിരോധത്തിന് വനം, ഫയർഫോഴ്‌സ്, റവന്യൂ, പൊലീസ് വകുപ്പുകളുടെ ഏകോപനം വേണമെന്ന ആവശ്യവും ശക്തമാണ്. തീ പിടിത്തത്തിന് സാദ്ധ്യതയുണ്ടെങ്കിൽ പുല്ലും കുറ്റിച്ചെടികളും നീക്കി ഫയർലൈൻ ഒരുക്കണമെന്നാണ് നിർദ്ദേശമെങ്കിലും പൂർണ്ണമായും നടപ്പാകുന്നില്ലെന്നതാണ് സത്യം. നിയന്ത്രണമാർഗങ്ങൾ വളരെ കുറച്ചുമാത്രമാണ് നമ്മുടെ വനംവകുപ്പിനും ഫയർഫോഴ്സിനുമെല്ലാമുള്ളത്. കാറ്റുകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ബ്‌ളോവർ, നിയന്ത്രിതമായി കത്തിക്കൽ, ബോധവത്കരണം, ഫയർ എൻജിൻ.... അത്രയൊക്കെ മാത്രം.

ഫയർ ഹൈഡ്രന്റിന്റെയും ആധുനിക ഉപകരണങ്ങളുടെയും കുറവ്, വേണ്ടത്ര വെള്ളം കിട്ടാനില്ല, പാടത്ത് പുല്ലിന് തീപിടിച്ചാൽ പോലും നിലയ്ക്കാത്ത വിളികൾ... വേനൽ കൊടുമ്പിരി കൊള്ളുമ്പോഴെല്ലാം ഫയർഫോഴ്സും അഗ്‌നിപരീക്ഷയിലാകും. തൃശൂർ ഫയർസ്റ്റേഷൻ പരിധിയിൽ ഈ വർഷം രണ്ടരമാസത്തിനിടെ മുന്നൂറോളം തീപിടിത്തമാണുണ്ടായത്. പാലക്കാട് പാതയിൽ കുതിരാൻ വരെയും എറണാകുളം പാതയിൽ തലോർ വരെയും പടിഞ്ഞാറൻ മേഖലയിൽ മുല്ലശ്ശേരി, കേച്ചേരി, വാടാനപ്പള്ളി വരെയും തെക്ക് ഊരകം വരെയുമുണ്ട് സ്റ്റേഷന്റെ സേവനപരിധി. സേനയുടെ ടോൾ ഫ്രീ നമ്പറായ 101ലേക്ക് ഈ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, വിളികൾ അതിനപ്പുറവുമുണ്ടാകും. നാട്ടുകാർക്ക് കെടുത്താവുന്ന, പാടത്തും പറമ്പിലും ഉണ്ടാവുന്ന ചെറിയ തീപിടിത്തത്തിന് വരെ സേനയെ വിളിക്കും. ദിവസം പത്തും പതിനഞ്ചും സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടാകാറുള്ളതായി അധികൃതർ പറയുന്നു. ജനുവരിയിൽ ഇത് നാലോ അഞ്ചോ മാത്രമായിരുന്നു. വാട്ടർ അതോറിറ്റിയുടെ ശക്തൻ നഗറിലെ പൈപ്പിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഇവിടെ നിന്ന് തന്നെയാണ് നഗരത്തിലേക്കുള്ള കുടിവെള്ളവും എടുക്കുന്നത്. സേനയ്ക്ക് മാത്രമായി വെള്ളം നൽകുന്നതിന് ഫയർ ഹൈഡ്രന്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പീച്ചിയിൽ നിന്ന് സേനയ്ക്കായി പ്രത്യേകം വെള്ളം ലഭിക്കുന്നതിന് ഈ സംവിധാനം ഉപകരിക്കും. എന്നാൽ അപേക്ഷകൾ ഉന്നത അധികൃതർ ചെവികൊണ്ടില്ല.

തീയിടരുതേ

ഉണക്കപ്പുല്ലും കരിയിലകളും ജൈവാവരണങ്ങളാണ്. അതുകത്തിച്ചാൽ മണ്ണിന്റെ വളക്കൂറ് നശിക്കും. വേനലിൽ മണ്ണ് ഉണങ്ങും. നനവില്ലാതാകും. അന്തരീക്ഷത്തിൽ പൊടി പടരും. വേനൽമഴയിൽ ജലം ഭൂമിയിൽ ശേഖരിക്കാനാവില്ല. ബോധവത്കരണവും മുൻകരുതലും സ്വീകരിക്കാറുണ്ടെങ്കിലും വേനൽക്കാലമായാൽ വനമേഖലകളിൽ കാട്ടുതീ പടരുന്നതിന് പ്രധാന കാരണം തീയിടുന്നതാണ്. ഉൾക്കാടുകളിലേക്ക് തീ വ്യാപിക്കുന്നതോടെ ജൈവ വൈവിദ്ധ്യമാണ് നശിക്കുന്നത്. കാടുകളിൽ മാത്രമല്ല, ആൾത്തിരക്കുള്ള മാർക്കറ്റുകളിലും നഗരപാതകൾക്ക് സമീപവും മറ്റും ഉണങ്ങിയ പുല്ലുകളും കാടുകളും വെട്ടിയൊതുക്കി തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്. എന്തായാലും പ്രളയത്തിനെന്ന പോലെ വരൾച്ചയ്ക്കും തീപിടിത്തത്തിനും മതിയായ മുന്നൊരുക്കങ്ങൾ നമുക്ക് വേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILDFIRE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.