SignIn
Kerala Kaumudi Online
Friday, 26 April 2024 6.19 AM IST

സഹന സൂര്യന്റെ ഓർമ്മയിലാണ് കഥയുടെ കുലപതി

t-padmnabhan
ടി.പത്മനാഭൻ

കണ്ണൂർ: സഹനസൂര്യൻ സഖാവ് പി കൃഷ്ണപിള്ളയുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ സാക്ഷി കൂടിയാണ് കഥയുടെ കുലപതി ടി. പദ്മനാഭൻ. എഴുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് കണ്ണൂർ ബസ്‌സ്റ്റാൻഡിനു മുന്നിലൂടെ രക്തത്തിൽ കുളിച്ച കൃഷ്ണപിള്ളയെ നാലഞ്ചുപേർ ചേർന്ന് താങ്ങിപ്പിടിച്ച് കൊണ്ടുവരുന്ന ദൃശ്യം ഇന്നലെയെന്ന പോലെ അയവിറക്കുകയാണ് കഥാകൃത്ത്. മനുഷ്യവിമോചന പോരാട്ടത്തിന്റെ ജീവിതഗാഥയായ കൃഷ്ണപിള്ള കഥാകൃത്തിന്റെ ആവേശവും ആരാധ്യനുമായതും ഈ സംഭവത്തോടെയാണ്.
1948 ൽ കണ്ണൂർ മുനീശ്വരൻ കോവിലിനടുത്തുണ്ടായിരുന്ന സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു പദ്മനാഭൻ. ഉച്ചകഴിഞ്ഞ് മൂന്നു മണിയായിക്കാണും . സ്റ്റാൻഡിൽ ആൾക്കാരെക്കെ കുറവാണ്. നാലഞ്ച് ബസുകളേ ആകെ അന്ന് കണ്ണൂരിലുള്ളൂ. ''വളപട്ടണം ഭാഗത്തേക്കുള്ള ബസ് കാത്താണ് എന്റെ നിൽപ്പ്. അപ്പോഴാണ് സർവ്വാംഗം ചോരയിൽ കുളിച്ച ഒരാളെ നാലഞ്ചു ചെറുപ്പക്കാർ താങ്ങിപ്പിടിച്ച് കൊണ്ടുവരുന്നത് കാണാൻ ഇടയായത്. തലയിൽ ഇട്ട തോർത്തിൽ നിന്നും പോലും ചോരയിറ്റുന്നു. ഭീകരമായിരുന്നു രംഗം . താങ്ങി പിടിച്ചവർ അയാളെയും കൊണ്ട് മുനീശ്വരൻ കോവിലിനടുത്തുള്ള ആയുർവേദകടയുടെ വശത്തെ ഇടറോഡിലൂടെ ഉള്ളിലേക്ക് പോയി. ആ രംഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. കണ്ടുനിന്നവരാരും അതിനെക്കുറിച്ച് ചോദിച്ചില്ല. എന്നാൽ, അറിയാനുള്ള ജിജ്ഞാസയാൽ ഞാൻ അന്വേഷിച്ചു. അപ്പോഴാണ് ചോരയിൽ കുതിർന്ന് മറ്റുള്ളവരുടെ സഹായത്തോടെ വേച്ചുവേച്ച് നടന്ന മനുഷ്യൻ കൃഷ്ണപിള്ളയാണെന്നറിഞ്ഞത്''.
''കൽക്കത്താ തീസിസിനെ തുടർന്നാണ് സഖാവിന് മർദ്ദനമേറ്റത്. നാട്ടിലാകെ അക്കാലത്ത് മർദ്ദനങ്ങളായിരുന്നു. സഖാവ് കൃഷ്ണ പിള്ളക്ക് ഹൃദയത്തിൽ പ്രഥമസ്ഥാനമാണുള്ളത്''– സഖാവിന്റെ ത്യാഗ സുരഭിലമായ ജീവിതത്തിന്റെ ഏടുകൾ അഴിച്ച പദ്മനാഭൻ അഭിമാനത്തോടെ പറഞ്ഞു.

കണ്ണൂരിൽ നിന്നും വെല്ലൂരിലേക്ക്
ജയിലുകളിൽ നിന്നു ജയിലുകളിലേക്കാണ് കൃഷ്ണപിള്ളയെ കൊണ്ടുപോയിരുന്നത്. വെല്ലൂർ ജയിലിൽ കണ്ണൂരിലേതിനേക്കാൾ മെച്ചപ്പെട്ട അന്തരീക്ഷമായിരുന്നു. പുറത്തിറങ്ങിയാൽ തങ്ങൾക്ക് തലവേദനയാകുമെന്ന് ഒറ്റുകാരും പൊലീസും കരുതിയിരുന്ന കാലം.ജയിൽ മോചിതനായ പി.കൃഷ്ണപിള്ള നേരെ പോയത് ഗുരുവായൂർ സത്യാഗ്രഹത്തിലേക്ക്. എല്ലാവർക്കും ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കണമെന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ആവശ്യം. സവർണ്ണമേധാവിത്വത്തെ പ്രകോപിപ്പിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി. സവർണ്ണമേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് സഖാവിനെ മർദ്ദിച്ചു.

'ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും' എന്ന് കാവൽക്കാരെ പരിഹസിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു കൃഷ്ണപിള്ള. അത് നവോത്ഥാന സമരചരിത്രത്തിലെ അണയാതെ കത്തുന്ന വാക്കുകളാണ്.1930 ജനുവരിയിൽ ഉപ്പു സത്യഗ്രഹം നടത്താൻ വടകര നിന്നും പയ്യന്നൂരിലേയ്ക്കുപോയ ജാഥയുടെ പതാക വാഹകനായതോടെ പി.കൃഷ്ണപിള്ളയുടെ ജീവിതം ആധുനിക കേരള ചരിത്രത്തിന്റെ ഭാഗമായി തീരുക ആയിരുന്നു .

ഉപ്പു സത്യാഗ്രഹത്തിൽ നിയമലംഘനകേസിൽ കുറ്റം ചാർത്തപ്പെട്ട ആറു പ്രതികളിൽ ഒരാളായിരുന്നു കൃഷ്ണപിള്ള. ജയിലിൽ ബി ക്ലാസ്സ് തടവുകാരായിരുന്നെങ്കിലും, ജയിലധികൃതർ വളരെ മോശമായാണ് ഈ തടവുകാരോട് പെരുമാറിയിരുന്നത്. കൃഷ്ണപിള്ള വളരെയധികം പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം ജയിലിലുണ്ടായിരുന്ന കെ.പി.ഗോപാലൻ തന്നെ രേഖപ്പെടുത്തിയിരുന്നു. തടവുകാരെ സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും മേലധികാരികളുമായി മല്ലിടാൻ തന്റേടത്തോടെ തയ്യാറായത് അന്ന് കൃഷ്ണപിള്ള മാത്രമായിരുന്നു.

തടവുകാർക്കെതിരേ നടക്കുന്ന അക്രമങ്ങളെ ചോദ്യം ചെയ്തതിനെ തുടർന്ന് ജയിലധികൃതർ അദ്ദേഹത്തെ കോൽചങ്ങലയിൽ ബന്ധിച്ചിടുകയുണ്ടായി. ഇതിനെതുടർന്ന് നിരാഹാരം ആരംഭിച്ച കൃഷ്ണപിള്ളയെ വെല്ലൂർ ജയിലിലേക്കു മാറ്റാൻ തീരുമാനിച്ചു.വെല്ലൂരിൽ നിന്നും പിന്നീട് സേലം ജയിലിലേക്കും മാറ്റി. സേലം ജയിലിൽ വെച്ച് കൃഷ്ണപിള്ള ലാഹോർ ഗൂഢാലോചനകേസിൽ ഭഗത് സിംഗിന്റെ സഹപ്രവർത്തകനായ ബദ്‌കേശ്വർ ദത്തിനെ അടുത്തു പരിചയപ്പെടാൻ ഇടയായി. സേലം ജയിലിലും അന്യായങ്ങൾക്കെതിരേ കൃഷ്ണപിള്ളയും ദത്തും കടുത്ത സമരങ്ങൾ നടത്തുകയും വീണ്ടും കോൽച്ചങ്ങലകളിൽ തളയ്ക്കപ്പെടുകയും ചെയ്തു. ഇവിടെവച്ച് പല വിപ്ലവകാരികളുമായി അടുത്തു ബന്ധപ്പെടാൻ കൃഷ്ണപിള്ളയ്ക്ക് കഴിഞ്ഞു .അത് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിച്ചുവെന്ന് സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.