SignIn
Kerala Kaumudi Online
Friday, 26 April 2024 10.18 AM IST

വൺ, ടു, ത്രീ ആശാന് ആശ്വാസം

m-m-mani

ലോക മാദ്ധ്യമങ്ങളിൽ ഇടംപിടിച്ച ഒരു പ്രസംഗം, അതിന്റെ പേരിലെടുത്ത ഒരുപിടി കേസ്, പുനരന്വേഷണം, ഒരു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം... കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചേരി ബേബി വധക്കേസിലെ പ്രതികളെ വെറുതേ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതോടെ എല്ലാത്തിനും പര്യവസാനമായി. പത്തുവർഷം മുമ്പ് തൊടുപുഴയ്ക്കടുത്ത് മണക്കാട് സി.പി.എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ അന്നത്തെ പാർട്ടി ജില്ലാസെക്രട്ടറിയായിരുന്ന എം.എം. മണി നടത്തിയ വിവാദ പ്രസംഗമാണ് അഞ്ചേരി ബേബിവധക്കേസിന്റെ പുനരന്വേഷണത്തിലേക്കും പത്തുവർഷം നീണ്ട നിയമപോരാട്ടത്തിലേക്കും നയിച്ചത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടാക്കിയ പ്രതിഷേധം സി.പി.എമ്മിനെയാകെ പ്രതിരോധത്തിലാക്കിയ സമയത്തായിരുന്നു അപ്രതീക്ഷിതമായി എം.എം. മണിയുടെ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ അക്കമിട്ട് വകയിരുത്തിയിട്ടുണ്ടെന്ന മണിയുടെ പരാമർശം ബി.ബി.സിയടക്കമുള്ള മാദ്ധ്യമങ്ങളിൽ വാർത്തയായി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനും അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷിക്കാനും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിന് നിർദേശം നൽകി. എം.എം. മണി, മുൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി. മദനൻ, കൈനകരി കുട്ടൻ എന്നിവരെ പ്രതിപട്ടികയിൽ ചേർത്ത് അന്വേഷണം ആരംഭിച്ചു. ഗൂഢാലോചന കുറ്റമാണ് എം.എം. മണിയ്‌ക്കെതിരെ ചുമത്തിയത്. അന്ന് ഐ.ജിയായിരുന്ന പത്മകുമാറിനായിരുന്നു അന്വേഷണചുമതല. 2012 നവംബർ 21ന് പുലർച്ചെ 5.30ന് എം.എം. മണിയെ കുഞ്ചിത്തണ്ണിയിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും മൂന്നും പ്രതികളായ കൈനകരി കുട്ടനും ഒ.ജി. മദനനും അറസ്റ്റിലായി. പിന്നീട് 46 ദിവസം മണി പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനവും അദ്ദേഹത്തിന് ഒഴിയേണ്ടി വന്നു. ജാമ്യത്തിലിറങ്ങിയിട്ടും ഏറെനാൾ മണിക്ക് ഇടുക്കി ജില്ലയിൽ പ്രവേശനമുണ്ടായിരുന്നില്ല. പിന്നീട് പത്തുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 77കാരനായ മണി തന്റെ നിരപരാധിത്വം തെളിയിച്ചത്.

ആ വിവാദ പ്രസംഗം

'ഞങ്ങളൊരു പ്രസ്താവനയിറക്കി, ഒരു 13 പേർ. വൺ, ടൂ, ത്രീ, ഫോർ.. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ തല്ലിക്കൊന്നു. മനസിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ രണ്ടാമത് തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു, അതോടുകൂടി ഖദർ വലിച്ചെറിഞ്ഞ് കോൺഗ്രസുകാർ അവിടെ നിന്ന് ഊളിയിട്ടു' 2012 മേയ് 25ന് മണക്കാട് എം.എം. മണി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള വാചകങ്ങളാണിത്. ഒരു ലോക്കൽ ചാനലിലെ ക്യാമറാമാനെടുത്ത ഈ ദൃശ്യങ്ങളാണ് പിന്നീട് വലിയ വാർത്തയായത്.

40 വർഷം മുമ്പുള്ള കേസ്

1982 നവംബർ 13നാണ് യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് സെക്രട്ടറിയും ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമായ അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. തോട്ടം മേഖലയിലെ തൊഴിൽതർക്കം ചർച്ച ചെയ്യാനെന്ന പേരിൽ ബേബിയെ ഉടുമ്പഞ്ചോല മണത്തോട്ടിലെ ഏലക്കാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം എതിരാളികൾ തുരുതുരെ നിറയൊഴിക്കുകയായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന മോഹൻദാസ് ഉൾപ്പടെയുള്ളവരെ പ്രതിപട്ടികയിൽ ചേർത്ത് അന്ന് വിചാരണ നടന്നിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ബേബിയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഒമ്പത് പ്രതികളും ഏഴ് ദൃക്‌സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്. എന്നാൽ കോടതിയിൽ സമർപ്പിച്ച തെളിവുകൾ ശക്തമല്ലാത്തതിനാലും ദൃക്‌സാക്ഷികൾ കൂറ് മാറിയതിനാലും വിചാരക്കോടതിയും പിന്നീട് ഹൈക്കോടതിയും കേസിലെ പ്രതികളെ വെറുതെവിട്ടു.

അനന്തരം കേരളത്തിന്റെ മണിയാശാൻ
വൺ, ടു, ത്രീ പ്രസംഗം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും രാഷട്രീയത്തിൽ എം.എം. മണിയുടെ ഗ്രാഫ് ഉയർന്നു. നേരത്തെ ഇടുക്കിയുടെ മാത്രം ആശാനായിരുന്നെങ്കിൽ പതിയെ കേരളത്തിന്റെയാകെ മണിയാശാനായി മാറി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും ഒന്നാം പിണറായി സർക്കാരിൽ വൈദ്യുതി മന്ത്രിയായും എം.എം. മണി വളർന്നു. ഗ്രാമീണ ശൈലിയിലുള്ള പ്രയോഗങ്ങൾ നിറഞ്ഞ പ്രസംഗശൈലിയിലൂടെ സി.പി.എമ്മിന്റെ സംസ്ഥാനത്തെ താര പ്രസംഗകരിൽ ഒരാളായും മണി മാറി. നിലവിൽ സംസ്ഥാന സംസ്ഥാനകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.

വാവിട്ട വാക്കിന് അറുതിയില്ല

വാവിട്ട വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലെന്ന് പലവട്ടം ബോദ്ധ്യപ്പെട്ടിട്ടും പ്രകോപനപരവും സഭ്യമല്ലാത്തതുമായ രീതിയിലുള്ള പ്രസംഗത്തിന് ഫുൾസ്റ്റോപ്പിടാൻ ഇടുക്കിയിലെ രാഷ്ട്രീയ നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് സങ്കടകരമായ കാര്യം. സ്ത്രീകളെ അധിക്ഷേപിക്കലും കൊലവിളിയും അനസ്യൂതം തുടരുകയാണ്.

രണ്ടാഴ്ച മുമ്പ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നടത്തിയ പ്രകോപനപരമായ പ്രസംഗം വൻ വിവാദമുയർത്തിയിരുന്നു. സുധാകരന്റെ ജീവൻ സി.പി.എം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ തങ്ങൾക്ക് താത്പര്യമില്ലെന്നുമായിരുന്നു വർഗീസിന്റെ പരാമർശം. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരെ സി.പി.എം ഏരിയാ കമ്മിറ്റി ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഇത്. 'സി.പി.എമ്മിന്റെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാവണം. കോൺഗ്രസുകാർ പറയുന്നത് സുധാകരൻ കണ്ണൂരിലെന്തോ വലിയത് നടത്തിയെന്നാ. സുധാകരനെന്ന ഭിക്ഷാംദേഹിക്ക് സി.പി.എം നൽകുന്ന ദാനമാണ്, ഭിക്ഷയാണ് അദ്ദേഹത്തിന്റെ ജീവനെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ ഞങ്ങൾക്ക് താത്പര്യമില്ലാത്തതുകൊണ്ടാ. ഇത്രയും നാറിയ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ...' മുൻമന്ത്രി എം.എം. മണിയടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വർഗീസിന്റെ പരാമർശം. കഴിഞ്ഞ അഞ്ചിന് ജില്ലയിലെത്തിയ കെ. സുധാകരൻ ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിക്കുകയും സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. അതിനു മറുപടിയെന്നോണമാണ് സി.പി.എം യോഗം സംഘടിപ്പിച്ചത്.

ഒരു മാസം മുമ്പ് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു കോൺഗ്രസിൽ നിന്ന് കൂറുമായി ഇടതുപക്ഷത്തെത്തിയ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗവും വിവാദമായിരുന്നു. സ്ത്രീകളടങ്ങുന്ന സദസിനോടായിരുന്നു അങ്ങേയറ്റം മ്ളേച്ഛവും സ്‌ത്രീത്വത്തെ അപമാനിക്കുന്നതുമായ പ്രസംഗം.

രാജി കൂറുമാറിയതിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു മാത്യു. പ്രകോപനപരവും സഭ്യമല്ലാത്തതുമായ പ്രസംഗങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും ഒരേ സംസ്കാരമാണെന്നുമാണ് നാം ഇതിൽ നിന്ന് മനസിലാക്കേണ്ടത്. രാഷ്‌ട്രീയ പാർട്ടി നേതൃത്വങ്ങൾ നേതാക്കളെ സംസ്കാരമുള്ള പെരുമാറ്റവും ഭാഷയും പരിശീലിപ്പിക്കുകയും അതിർവരമ്പുകൾ ലംഘിക്കുന്നവരെ കർശനമായ താക്കീതിലൂടെയും നടപടികളിലൂടെയും നേർവഴി കാണിക്കുകയും ചെയ്യണം. ഇതാണ് പാർട്ടികളുടെ അന്തസ് ഉയർത്തി നിറുത്താൻ ഉത്തമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M M MANI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.