SignIn
Kerala Kaumudi Online
Friday, 26 April 2024 8.41 AM IST

ക്ലിഫ്ഹൗസിലെ കല്ലിടൽ...!

cliff

അനുമതിയില്ലാതെ ഈച്ച പോലും കടക്കാത്ത, അതീവ സുരക്ഷാ മേഖല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ക്ലിഫ്ഹൗസ് . ഇവിടെയാണ് പൊലീസ് ഉയർത്തിയ സുരക്ഷാകോട്ട പൊളിച്ചടുക്കി യുവമോർച്ചക്കാർ മതിൽ ചാടിക്കയറി മൺവെട്ടി കൊണ്ട് കുഴിയെടുത്ത് സിൽവർലൈനിന്റെ അതിരടയാളക്കല്ല് കുഴിച്ചിട്ടത് . സംഭവം വൻ സുരക്ഷാ വീഴ്ചയും പൊലീസിന് നാണക്കേടുമായിരിക്കുകയാണ്. 24മണിക്കൂറും കാമറാ നിരീക്ഷണ വലയത്തിലുള്ള ക്ലിഫ്ഹൗസിൽ, കാമറക്കണ്ണുകൾ പതിയാത്ത ഒരിടം കണ്ടെത്തി അതുവഴിയാണ് യുവമോർച്ചക്കാർ കടന്നുകയറിയത്. മൺവെട്ടിയും കുഴിച്ചിടാനുള്ള കല്ലും രാത്രിയിൽ ക്ലിഫ്ഹൗസ് വളപ്പിൽ ഒളിപ്പിച്ചു. ക്ലിഫ്ഹൗസിന് പിൻഭാഗത്ത് കാമറാ നിരീക്ഷണമില്ലാത്ത ചെറിയ ഭാഗമുണ്ട്. അവിടുത്തെ മതിലിന് തൊട്ടടുത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഒളിച്ചിരുന്ന്, പൊലീസിന്റെ കണ്ണിൽപ്പെടാതെ ക്ലിഫ്ഹൗസിന്റെ മതിൽ ചാടിക്കടന്നാണ് പ്രതിഷേധക്കാർ അകത്തു കയറിയത്. ഇതൊന്നും പൊലീസ് അറിഞ്ഞതേയില്ല. ക്ലിഫ്ഹൗസിന്റെ മുൻവശത്ത് പ്രതിഷേധക്കാരെ നേരിടാൻ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കെ, പിൻവശത്തെ മതിൽ വഴി ക്ലിഫ്ഹൗസ് വളപ്പിൽ കടന്ന ആറംഗസംഘം മൺവെട്ടികൊണ്ട് കുഴിയെടുത്ത് കല്ല് കുഴിച്ചിടുകയായിരുന്നു.

ഐ.ജി ജി.സ്പർജ്ജൻകുമാറിന്റെ നേതൃത്വത്തിൽ വമ്പൻ സുരക്ഷയാണ് ക്ലിഫ്ഹൗസിന്. നൂറുകണക്കിന് പൊലീസുകാർ കാവൽ നിൽക്കുന്നു. കാമറകളുടെ നിരീക്ഷണ വലയം. എന്നിട്ടും ആരോരുമറിയാതെ യുവമോർച്ചക്കാർ മൺവെട്ടിയും അതിർത്തിക്കല്ലുമായി ക്ലിഫ്ഹൗസിൽ കയറി കല്ല് കുഴിച്ചിട്ടു. മുഖം രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ക്ലിഫ്ഹൗസിലല്ല, നാലു വീട് അപ്പുറത്തുള്ള കൃഷിമന്ത്രി പി.പ്രസാദിനായി അനുവദിച്ചിട്ടുള്ള മന്ത്രിഭവനമായ ലിൻഡ റസ്റ്റിലാണ് കല്ല് കുഴിച്ചിട്ടതെന്നാണ് പൊലീസ് ഭാഷ്യം. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അവിടെ താമസമില്ല. പൊലീസ് സുരക്ഷയുമില്ല. ജോലിക്കാരെന്ന വ്യാജേന യുവമോർച്ചക്കാർ അകത്തുകയറിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കല്ല് കുഴിച്ചിടുന്നത് ക്ലിഫ്ഹൗസിന് പിൻവശത്താണെന്ന് യുവമോർച്ച പുറത്തുവിട്ട വീഡിയോദൃശ്യങ്ങളിൽ വ്യക്തമാണ്. മാത്രമല്ല, അറസ്റ്റിലായ ആറുപേരെ ക്ലിഫ്ഹൗസിന് പിന്നിലെ ഭൂസംരക്ഷണവിഭാഗം സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിനടുത്താണ് എത്തിച്ചത്. ക്ലിഫ്ഹൗസിന്റെ പിൻഭാഗത്ത് കല്ല് കുഴിച്ചിടുന്ന വീഡിയോ യുവമോർച്ച പുറത്തുവിട്ടതോടെ പൊലീസ് ഭാഷ്യം പൊളിഞ്ഞു. കല്ല് കുഴിച്ചിട്ടതിനു പിന്നാലെ പൊലീസെത്തി കല്ല് എടുത്തുമാറ്റി, കുഴി നികത്തി അവിടെ കരിയില ഇട്ട് മൂടുകയായിരുന്നെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞത്. സിൽവർലൈനിന്റെ അതിരടയാള കല്ലുകൾ ക്ലിഫ് ഹൗസ് വളപ്പിൽ സ്ഥാപിക്കുമന്ന് ബി.ജെ.പി നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കല്ലുകൾ പിഴുത് അതുമായി തലസ്ഥാനത്ത് എത്തിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ സമരപ്രഖ്യാപനവും നടത്തി. എന്നിട്ടും പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഒന്നുമറിഞ്ഞില്ലെന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

തലസ്ഥാനത്തെ പ്രത്യേക സുരക്ഷാമേഖലയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ കടന്നുകയറി യുവമോർച്ചക്കാർ സിൽവർലൈൻ അതിരടയാളക്കല്ല് സ്ഥാപിച്ചതോടെ പൊലീസിന്റെ സുരക്ഷാ സംവിധാനത്തിന്റെ പാളിച്ചയാണ് പുറത്തായത്. ഇസ‍ഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. സുരക്ഷാഭീതി ചൂണ്ടിക്കാട്ടി , ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ക്ലിഫ്ഹൗസ് മേഖലയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. സുരക്ഷ കൂട്ടാനായി എസ്.പി റാങ്കിലുള്ള ഒരു ഡെപ്യൂട്ടി കമ്മിഷണറെ ക്ലിഫ്ഹൗസിൽ നിയോഗിക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയിയിരുന്നതാണ്. ക്ലിഫ് ഹൗസിന് സമീപത്തെ ഇടറോഡുകളിലൂടെ സ്വകാര്യ വ്യക്തികളുടെ വീടുകൾ വഴി പ്രതിഷേധക്കാർ ക്ലിഫ് ഹൗസ് പരിസരത്തെത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്ലിഫ്ഹൗസിലെ സുരക്ഷാ പഴുതുകൾ പ്രതിഷേധക്കാർ മുതലെടുക്കുന്നത് ഇതാദ്യമല്ല. മുഖ്യമന്ത്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ അറസ്​റ്റിനു പിന്നാലെ മുഖ്യമന്ത്റി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസുകാർ നോക്കിനിൽക്കെ ക്ലിഫ് ഹൗസിന്റെ മുഖ്യ ഗേ​റ്റിന് അടുത്ത് വരെയെത്തി. ഗാർഡ് റൂമിലെ പൊലീസുകാരുമായി പ്രവർത്തകർ ഉന്തും തള്ളുമായി. തുടർന്ന് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വിന്യസിച്ചിരുന്ന പൊലീസുകാരെത്തിയാണ് ഇവരെ അറസ്​റ്റ് ചെയ്ത് നീക്കിയത്.

സാധാരണ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള സമരങ്ങൾ അര കിലോമീ​റ്ററോളം അകലെയുള്ള ദേവസ്വം ബോർഡ് ജംഗ്ഷനിൽ തടയുകയാണ് പതിവ്. ഇതിൽ അന്ന് വീഴ്ചയുണ്ടായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും സെക്രട്ടേറിയ​റ്റിലും സമരങ്ങളുണ്ടാകാനും പ്രതിഷേധക്കാർ തള്ളിക്കയറാനും സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ മ്യൂസിയം പൊലീസിന് വീഴ്ചയുണ്ടായി. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ബൽറാംകുമാർ ഉപാദ്ധ്യായ അന്ന് രാത്രി ക്ലിഫ് ഹൗസിലെത്തി വീഴ്ചയുടെ കാരണം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ല. പിറ്റേന്ന് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും ക്ലിഫ് ഹൗസിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രി കടുത്ത അതൃപ്തി ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നാലെ സുരക്ഷാചുമതലുണ്ടായിരുന്ന മ്യൂസിയം സിഐ അടക്കമുള്ളവരെ സ്ഥലംമാ​റ്റി. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

ഈ സംഭവത്തെതുടർന്ന് ആർക്കും ചാടിക്കടക്കാൻ കഴിയാത്ത വിധത്തിൽ ചുറ്റുമതിലിന്റെ ഉയരം കൂട്ടി മുകളിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ക്ലിഫ്ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടി. ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസ്‌ റോഡിലേക്ക് യാത്രക്കാരെ കർശന പരിശോധനയ്ക്ക്‌ ശേഷമേ കടത്തിവിടൂ. ക്ലിഫ് ഹൗസിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളിലൂടെ മുഖ്യമന്ത്റിയുടെ വസതിയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയുമെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് ശിഖരങ്ങൾ മുറിച്ചുമാറ്റി. ക്ലിഫ് ഹൗസിന് മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വാച്ച് ടവറിന്റേതിനു തുല്യമാക്കി. നിലവിലുണ്ടായിരുന്നതിന് പുറമേ ഒരു സി.സി.ടിവി കാമറ കൂടി ദേവസ്വം ബോർഡ് ജംഗ്ഷനിൽ സ്ഥാപിച്ചു. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് ഒരു ജനറേ​റ്റർ കൂടി സ്ഥാപിച്ചു. ക്ലിഫ്ഹൗസ് വളപ്പാകെ കാമറാ നിരീക്ഷണത്തിലാണെങ്കിലും പിന്നിൽ കാമറാനിരീക്ഷണമില്ലാത്ത ഭാഗത്തുകൂടിയാണ് പ്രതിഷേധക്കാർ ചാടിക്കയറിയത്.

പാളുന്ന അതിസുരക്ഷ

ദേവസ്വം ബോർഡ് ജംഗ്ഷൻ മുതൽ ക്ലിഫ്ഹൗസ് പരിസരമാകെ അതീവ സുരക്ഷാ മേഖലയാണ്. പൊലീസ് ആക്ടിലെ 83(2)വകുപ്പ് പ്രകാരം ഇവിടങ്ങളിൽ ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്കും വാഹനങ്ങൾക്കും നിയന്ത്രണവും പാർക്കിംഗ് നിരോധനവുമുണ്ട്. നന്ദൻകോട് ജംഗ്ഷനപ്പുറം പ്രകടനമോ പ്രതിഷേധമോ പാടില്ല. 100മീറ്ററിൽ ഉച്ചഭാഷണിയും 500മീറ്ററിൽ ഡ്രോണും പാടില്ല. നാലുചുറ്റുമുള്ള റോഡുകളിൽ സ്പീഡ് ബ്രേക്കറുകളുണ്ടാക്കി. വൈ.എം.ആർ- ദേവസ്വംബോർഡ് റോഡിലും നിയന്ത്രണമുണ്ട്. ധർണകൾക്കും നിരോധനമുണ്ട്. ഒരുതരത്തിലുള്ള ഒത്തുകൂടലുകളും വഴിതടയലും പ്രതിഷേധങ്ങളും അനധികൃത പൊതുപരിപാടികളും പാടില്ല. പൊലീസിനൊഴികെ തോക്ക്, മാരകായുധങ്ങൾ എന്നിവ കൈവശം വയ്ക്കാനാവില്ല. ലൈസൻസുള്ള തോക്ക് കരുതിയാലും അക്രമം ലക്ഷ്യമിട്ടാണെന്ന് കണക്കാക്കി നടപടിയെടുക്കും. പ്രദേശത്തൊരിടത്തും വെടിക്കെട്ടോ കരിമരുന്ന് പ്രയോഗമോ പാടില്ല. ഇത്രയേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് യുവമോർച്ചക്കാർ പുല്ലുപോലെ മതിൽ ചാടിക്കടന്ന് ക്ലിഫ്ഹൗസ് വളപ്പിൽ കുഴിയെടുത്ത് കല്ലിട്ടത്.

എസ്.പി റാങ്കിലുള്ള ഒരു ഡെപ്യൂട്ടി കമ്മിഷണറെ സുരക്ഷാ ചുമതലയിൽ വിന്യസിച്ച് മുഖ്യമന്ത്റിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷ വർദ്ധിപ്പിക്കാനുള്ള ശുപാർശ കഴിഞ്ഞ ഡിസംബറിൽ ആഭ്യന്തരവകുപ്പ് അംഗീകരിച്ചിരുന്നു. സുരക്ഷ വർദ്ധിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ നിർദേശങ്ങളാണ് ആഭ്യന്തരവകുപ്പ് അംഗീകരിച്ചത്. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ സെക്യൂരിറ്റി വിഭാഗം ഡി.ഐ.ജിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു പൊലീസ് മേധാവിയുടെ പ്രധാന നിർദേശം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ മേൽനോട്ടം ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന ശുപാർശയും ആഭ്യന്തരവകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കും. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇസ‍ഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്.

മന്ത്രിമന്ദിരങ്ങൾ ഇരുപത്

മന്ത്രിമാർക്കായി ഇരുപത് ഔദ്യോഗിക വസതികളാണുള്ളത്. വാടകവീട്ടിൽ കഴിയുന്ന മന്ത്രി വി.അബ്ദുറഹിമാനു വേണ്ടിയാണ് പുതിയ മന്ദിരം പണിയുന്നത്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ വസതിയായ റോസ്ഹൗസ് വളപ്പിലാണ് പുതിയ ഭവനം പണിയുക. മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിലെ വളപ്പിൽ ഏഴു മന്ത്രി മന്ദിരങ്ങൾ കൂടിയുണ്ട്. പ്രശാന്ത്, പെരിയാർ, പൗർണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെൻ ഡെൻ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് വളപ്പിലുള്ളത് നാല് മന്ത്രിമന്ദിരങ്ങളാണ്. കാവേരി, ഗംഗ, നിള, ഗ്രെയ്സ്. രാജ്ഭവനു സമീപം മൻമോഹൻ ബംഗ്ലാവും അജന്തയും കവടിയാർ ഹൗസുമുണ്ട്. കൃഷിമന്ത്രിക്ക് അനുവദിച്ച ദേവസ്വംബോർഡ് ജംഗ്ഷനിലെ ലിൻഡ റസ്റ്റിൽ അറ്റകുറ്റപ്പണി നടക്കുകയാണിപ്പോൾ. മന്ത്രി വഴുതക്കാട് വാടക ഫ്ലാറ്റിലാണ് താമസിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CLIFF HOUSE, K - RAIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.