SignIn
Kerala Kaumudi Online
Friday, 26 April 2024 8.39 AM IST

പരിശോധന സ്ക്വാഡുകൾ വേറെയും വേണ്ടിവരും

v

റവന്യൂ വകുപ്പിൽ നിന്നുള്ള സേവനങ്ങൾ വൈകുന്നതിനെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികൾ പരിശോധിക്കാൻ സംസ്ഥാനതല ഇൻസ്‌പെക്‌ഷൻ സ്ക്വാഡുകൾ രൂപീകരിച്ചിരിക്കുകയാണ്. വില്ലേജ്, താലൂക്ക്, ആർ.ഡി ഓഫീസുകളിൽ തീരുമാനമാകാതെ കിടക്കുന്ന അപേക്ഷകൾ സംബന്ധിച്ച് ജനങ്ങളിൽ നിന്നുണ്ടാകുന്ന പരാതികളാവും സ്ക്വാഡ് പരിശോധിക്കുക. കാലതാമസത്തിനുള്ള കാരണം കണ്ടെത്തി എത്രയും വേഗം നീതി ലഭിക്കാനാവശ്യമായ തുടർനടപടികളും ഉണ്ടാകും. റവന്യൂ ഓഫീസുകളിൽ നിന്ന് സേവനങ്ങൾ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും അഡിഷണൽ ചീഫ് സെക്രട്ടറിക്കും ലഭിക്കുന്ന പരാതികളാകും സ്ക്വാഡ് പ്രധാനമായും പരിശോധിക്കുക.

സർട്ടിഫിക്കറ്റുകളിൽ പലതും ഇപ്പോൾ ഓൺലൈൻ വഴിയായിട്ടും പരാതികൾ ഒഴിയുന്നില്ല. സർക്കാരിന്റെ ജനക്ഷേമകരമായ പല പരിപാടികളുടെയും നടത്തിപ്പ് റവന്യൂ വകുപ്പ് വഴിയായതിനാൽ വില്ലേജ് തലം മുതൽ കളക്ടറേറ്റ് വരെയുള്ള ഓഫീസുകൾ ഉൗർജ്ജസ്വലമാകേണ്ടതുണ്ട്. നിർഭാഗ്യവശാൽ അലസതയും കാര്യക്ഷമതാരാഹിത്യവും കാരണം സർക്കാർ ഉദ്ദേശിക്കുന്ന വേഗത്തിൽ അവിടെ കാര്യങ്ങൾ നീങ്ങാറില്ല. വിവിധ സഹായ വിതരണങ്ങൾ, പട്ടയവിതരണം തുടങ്ങി സർക്കാരിന്റെ അഭിമാന പരിപാടികളിൽ പലതും ഔദ്യോഗിക മെഷീനറിക്കു വേഗം പോരാത്തതിനാൽ മന്ദഗതിയിലാകാറുണ്ട്. ഇടുക്കി, വയനാട്, കാസർകോട് തുടങ്ങിയ പിന്നാക്ക ജില്ലകളിൽ ദുർബല വിഭാഗങ്ങളെ ഉദ്ദേശിച്ച് സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാറുണ്ട്. അർഹരായ ആളുകളിൽ അതൊക്കെ സമയത്തും കാലത്തും എത്താൻ ഉദ്യോഗസ്ഥർ മനസുവയ്ക്കണം. .

റവന്യൂ ഓഫീസുകൾ മാത്രം നിർവഹിക്കേണ്ട ഒട്ടേറെ നടപടികളുണ്ട്. വില്ലേജ് ഓഫീസും താലൂക്കാഫീസും ആർ.ഡി ഓഫീസും കനിഞ്ഞാൽ മാത്രമേ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനാകൂ. പോക്കുവരവ് കടലാസ് ഉൾപ്പെടെയുള്ളവ ശരിയാക്കി കിട്ടാൻ സാധാരണക്കാർ നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ നിരന്തരം വാർത്തകളാകാറുണ്ട്. നടന്നുനടന്നു മടുത്ത് വില്ലേജ് ഓഫീസിന് തീവച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഇത്തരം അസാധാരണ സംഭവങ്ങളുണ്ടാകുമ്പോൾ റവന്യൂ ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാകേണ്ടതിനെക്കുറിച്ച് ഗിരിപ്രഭാഷണങ്ങൾ ഉണ്ടാകും. ആരവം അടങ്ങുന്നതോടെ എല്ലാം പഴയ പടിയാവുകയും ചെയ്യും. അപേക്ഷകളിൽ നിശ്ചിത ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സമാധാനം പറയേണ്ടിവരുന്ന തരത്തിൽ സംവിധാനമുണ്ടാകണം.

സേവനാവകാശ നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനമാണിത്. പ്രധാന സർക്കാർ ഓഫീസുകളുടെയെല്ലാം മുൻവശത്തു തന്നെ അത് എഴുതിവച്ചിരിക്കുന്നതും കാണാം. ചുവരിൽ ബോർഡ് ഇരിക്കുമ്പോൾത്തന്നെയാണ് ഒരേ കാര്യത്തിനായി അനേക ദിവസങ്ങൾ ആളുകൾ പടികയറേണ്ടിവരുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർപ്പായി കിട്ടാൻ സാധാരണക്കാർ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ പ്രയാസം. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ആർ.ഡി ഓഫീസുകളിൽ ലക്ഷത്തിലേറെ അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്. ഇതിനായി താത്‌കാലികാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടിവന്നിരിക്കുന്നു. കമ്പ്യൂട്ടറുകളും വാഹനങ്ങളുമൊക്കെ പുതുതായി വാങ്ങേണ്ടിവന്നു. അപേക്ഷകൾ കിട്ടിയ മുറയ്ക്ക് ആവശ്യമായ പരിശോധന നടത്തി തീരുമാനമെടുത്തിരുന്നെങ്കിൽ കോടിക്കണക്കിനു രൂപയുടെ പാഴ്‌ച്ചെലവ് ഒഴിവാക്കാമായിരുന്നു. ഒരു അപേക്ഷ ലഭിച്ചാൽ അത് എങ്ങനെ നിവർത്തിച്ചുകൊടുക്കാമെന്നല്ല, എങ്ങനെ അനുവദിക്കാതിരിക്കാം എന്നാവും ചിന്ത.

റവന്യൂ ഓഫീസുകളിൽ മാത്രമല്ല, മറ്റ് ഓഫീസുകളിലും ഈ പ്രവണത കാണാം. ഫയൽ തീർപ്പാക്കൽ യജ്ഞങ്ങളും ഇൻസ്‌പെക്‌ഷൻ സ്ക്വാഡ് രൂപീകരണവും മറ്റും വേണ്ടിവരുന്നത് അതുകൊണ്ടാണ്. കെട്ടിവയ്ക്കുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർഭം കിട്ടുമ്പോഴെല്ലാം ജീവനക്കാരെ ഓർമ്മിപ്പിക്കാറുണ്ട്. ആരു കേൾക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REVENUE INSPECTION SQUAD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.