SignIn
Kerala Kaumudi Online
Friday, 26 April 2024 10.17 AM IST

കൂരയില്ലാത്തവർക്കും വേണം സംരക്ഷണം

photo

നിലം നികത്തി വീട് നിർമ്മിക്കാനുള്ള അനുമതി 2008-ലെ നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം വരുന്നതിനു മുമ്പ് ഇത്തരം ഭൂമി സ്വന്തമാക്കിയവർക്കു മാത്രമേ നൽകാവൂ എന്ന ഹൈക്കോടതി ഫുൾബെഞ്ച് വിധി വളരെയേറെ സാമൂഹ്യാഘാതം സൃഷ്ടിക്കുന്നതാണ്. 2008 ആഗസ്റ്റ് 12 നാണ് നെൽവയൽ സംരക്ഷണ നിയമം പ്രാബല്യത്തിലായത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത പാവപ്പെട്ടവർക്ക് ആശ്വാസമാകട്ടെ എന്നു കരുതിയാണ് വീടുവയ്ക്കാനായി അഞ്ചോ പത്തോ സെന്റ് വയലുകളും തണ്ണീർത്തടങ്ങളും നികത്താൻ സർക്കാർ അനുമതി നൽകിത്തുടങ്ങിയത്. ഇപ്പോഴത്തെ ഹൈക്കോടതി വിധിപ്രകാരം 2008നുശേഷം ഇത്തരം ഭൂമി സ്വന്തമാക്കിയവർക്ക് ഒരുവിധ ഇളവും നൽകരുതെന്നാണ് കോടതി വിധിയുടെ സാരം. സ്വന്തമായി ഒരു കൂര എന്ന സ്വപ്നവുമായി കഴിയുന്ന അനവധിയാളുകൾക്ക് വിധി തിരിച്ചടിയാകുമെന്നു തീർച്ച. നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തെ പൂർണമായും ഉയർത്തിപ്പിടിക്കേണ്ടത് കോടതിയുടെ ധർമ്മം മാത്രമാണ്. നെൽവയൽ സംരക്ഷണ ബില്ലിനു

രൂപം നൽകിയവരോ നിയമസഭയിൽ അതു പാസാക്കിയെടുത്തവരോ ഒരുപക്ഷേ അതിനു പിന്നിൽ പതിയിരുന്ന കാണാക്കുരുക്കുകൾ കണ്ടിട്ടുണ്ടാവില്ല. അരി ഉൾപ്പെടെ എല്ലാവിധ ഭക്ഷ്യാവശ്യങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിൽ അവശേഷിക്കുന്ന വയലുകളെങ്കിലും സംരക്ഷിക്കപ്പെടണമെന്ന സദുദ്ദേശത്തോടെയാണ് നിയമം കൊണ്ടുവന്നതെന്നതിൽ സംശയമില്ല.

ഭവനരഹിതർക്കായുള്ള സർക്കാരിന്റെ 'ലൈഫ്" പദ്ധതിയിൽ പത്തുലക്ഷത്തോളം പേരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. എല്ലാവർക്കും സ്വന്തമായി പാർപ്പിടമെന്ന ലക്ഷ്യത്തിലെത്താൻ ഇനിയും ഏറെനാൾ വേണ്ടിവരുമെന്നാണ് അപേക്ഷകരുടെ ബാഹുല്യം ചൂണ്ടിക്കാട്ടുന്നത്.

ഭൂരഹിതരായ പാവങ്ങൾക്ക് വീട് നിർമ്മാണത്തിനായി ചെറിയ അളവിൽ വയൽനികത്താമെന്ന സർക്കാർ തീരുമാനത്തിനു പിന്നിൽ ഉത്തമ ലക്ഷ്യം തന്നെയാണുള്ളത്. കരഭൂമിയുടെ വില താങ്ങാനാവാത്തവിധം ഉയർന്നുയർന്നു പോകുമ്പോൾ പാവങ്ങൾക്ക് ഒരുതുണ്ടു ഭൂമി സ്വന്തമാക്കാനുള്ള ആഗ്രഹം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരികയാണ്. ഉപയോഗശൂന്യമായി കിടക്കുന്ന വയൽഭൂമിക്ക് താരതമ്യേന വിലയും കുറവാണ്. ഭൂമി തരംമാറ്റുന്നതിന് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ പലരും ഇത്തരം വയൽഭൂമി വീടു നിർമ്മാണത്തിനായി വാങ്ങിയിട്ടുണ്ട്. പുതിയ ഹൈക്കോടതി വിധി വന്നതോടെ 2008 ആഗസ്റ്റിനുശേഷം ഇത്തരത്തിലുള്ള ഭൂമി വാങ്ങിയവരൊക്കെ വെട്ടിലാകുകയാണ്. നിയമത്തിലെ വ്യവസ്ഥകളും അന്തസ്സത്തയും പാലിച്ചുകൊണ്ടുള്ളതാണ് നീതിപീഠത്തിന്റെ തീർപ്പ്. അതേസമയം അതുണ്ടാക്കുന്ന സാമൂഹ്യാഘാതം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനുള്ള ചുമതല സർക്കാരിനാണ്. സമൂഹത്തോടുള്ള പ്രസ്തുത ബാദ്ധ്യത നിറവേറ്റുക തന്നെ വേണം. നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാരിനു കഴിയും.

പാർപ്പിടത്തിന് ഭൂമി കിട്ടാതെ വലയുന്ന പതിനായിരക്കണക്കിനു കുടുംബങ്ങൾ ഇവിടെയുണ്ട്. സർക്കാരിനെക്കൊണ്ടു മാത്രം നിർവഹിക്കാവുന്നതല്ല എല്ലാവർക്കും പാർപ്പിടമെന്ന മഹാസങ്കല്പം. കുറഞ്ഞവിലയ്ക്കു ഭൂമി എവിടെയെങ്കിലും ലഭിക്കുമെങ്കിൽ അതുവാങ്ങി വീടുവയ്ക്കാൻ പ്രോത്സാഹനം കൊടുക്കുകയാണു വേണ്ടത്. നിയമവും ചട്ടവുമൊക്കെ മനുഷ്യർക്കു വേണ്ടിയുള്ളതാകുമ്പോഴാണ് അതിന്റെ മഹത്വം കൂടുന്നത്. നിയമം നിർമ്മിക്കാനും ആവശ്യമനുസരിച്ച് അതിൽ മാറ്റം വരുത്താനുമുള്ള അധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ളതിനാൽ ഈ പ്രശ്നത്തിൽ യുക്തിസഹമായ തീരുമാനം എടുക്കാവുന്നതേയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONSERVATION OF PADDY LAND AND WETLAND ACT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.