ലോസ് ആഞ്ചൽസ്: മികച്ച നടിക്കുള്ള ഓസ്കർ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ച ഹോളിവുഡ് നടി ക്രിസ്റ്റിൻ സ്റ്റിവർട്ട് ഓസ്കർ വേദിയിൽ എത്തിയത് ബട്ടണുകൾ ഒഴിവാക്കിയ ഷർട്ടും കുഞ്ഞൻ ഷോർട്സും അണിഞ്ഞ്. സ്വവർഗപ്രേമിയായ താരം തന്റെ പ്രതിശ്രുത വധുവും നടിയുമായ ഡൈലൻ മേയറിനൊപ്പമാണ് ഓസ്കർ വേദിയിൽ എത്തിയത്.
ഓസ്കർ പുരസ്കാര ചടങ്ങിന്റെ ചരിത്രത്തിൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത വസ്ത്രധാരണരീതി ആയിരുന്നു ക്രിസ്റ്റിൻ സ്റ്റിവർട്ടിന്റേത്. ഓസ്കർ പുരസ്കാര ചടങ്ങിന് എത്തുന്ന നടിമാർ സാധാരണ ഷോർട്സ് അണിയാറില്ല. ഇതിനു മുമ്പ് വിനോണ റൈഡർ, ഫാരെൽ, ഡെമി മൂർ എന്നിവർ മാത്രമാണ് ഓസ്കർ വേദിയിൽ ഷോർട്സ് അണിയാൻ ധൈര്യപ്പെട്ടിട്ടുള്ളത്.
ട്വൈലൈറ്റ് സീരീസിലൂടെ സിനിമാപ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച ക്രിസ്റ്റിൻ സ്റ്റിവർട്ടിന് സ്പെൻസറിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചത്. ബ്രിട്ടീഷ് രാജകുടുംബാംഗമായിരുന്ന ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് സ്പെൻസർ. ചിത്രത്തിൽ ഡയാന രാജകുമാരിയുടെ കഥാപാത്രമായാണ് ക്രിസ്റ്റിൻ എത്തുന്നത്. ഇത് ആദ്യമായാണ് ക്രിസ്റ്റിൻ സ്റ്റിവർട്ടിന് ഓസ്കർ നോമിനേഷൻ ലഭിക്കുന്നത്. നിക്കോൾ കിഡ്മാൻ, ഒളിവിയ കോൾമാൻ, ജെസ്സിക്ക ചസ്റ്റയിൻ, പെനെലോപ് ക്രൂസ് എന്നിവർക്കായിരുന്നു മികച്ച അഭിനേത്രിക്കുള്ള മറ്റ് നോമിനേഷനുകൾ ലഭിച്ചത്. ജെസ്സിക്ക ചസ്റ്റയിനെ ആണ് മികച്ച നടിയായി തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |