SignIn
Kerala Kaumudi Online
Friday, 26 April 2024 8.34 AM IST

ന്യായവില മരുന്നു കടകൾ വ്യാപകമാക്കണം

photo

ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിൽ നിക്ഷിപ്തമാണ്. ആരോഗ്യം നിലനിറുത്താനാവശ്യമായ ഔഷധങ്ങളുടെ ഉയർന്നവില സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വലിയ ഭാരമായി മാറുകയാണ്. ജീവൻരക്ഷാ മരുന്നുകളുൾപ്പെടെ എണ്ണൂറിലധികം ഔഷധങ്ങൾക്ക് 10.8 ശതമാനം വില ഉയർത്താൻ കേന്ദ്ര സർക്കാർ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അനുമതി നൽകിക്കഴിഞ്ഞു. വിഡ്ഢിദിനമായ ഏപ്രിൽ ഒന്നിനു തന്നെ വിലവർദ്ധന നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. പാരസെറ്റമോൾ മുതൽ ശസ്ത്രക്രിയാ സാമഗ്രികൾ വരെ സകലതിനും വിലകൂടുന്നതോടെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണം വലിയ വെല്ലുവിളിയാകും. ഔഷധ നിർമ്മാണത്തിനാവശ്യമായ ചേരുവകൾക്കുണ്ടായ വില വർദ്ധനയുൾപ്പെടെ പലതും വിലക്കയറ്റത്തിനു കാരണമായി പറയുന്നുണ്ട്. എന്നാൽ കഴുത്തറുപ്പൻ ലാഭം കൊയ്യുന്ന ഔഷധ നിർമ്മാതാക്കളുടെ വാദങ്ങൾക്ക് യാതൊരടിസ്ഥാനവുമില്ലെന്നു മനസിലാക്കാൻ ഔഷധങ്ങളുടെ വില്പനയ്ക്ക് ഇവർ നൽകിവരുന്ന ഭീമമായ കമ്മിഷൻ നോക്കിയാൽ അറിയാം. മെഡിക്കൽ ഷോപ്പുകാർക്കു മാത്രമല്ല മരുന്നു കുറിച്ചുകൊടുക്കുന്ന ഡോക്ടർമാർക്കുമുണ്ട് കമ്മിഷൻ. സർക്കാർ ആശുപത്രികളിൽ കഴിയുന്നതും ജനറിക് മരുന്നുകൾ എഴുതണമെന്നാണു നിബന്ധനയെങ്കിലും ഒരിടത്തും അതു പാലിക്കാറില്ല. ബ്രാൻഡ് പേരുള്ള മരുന്നുകൾ തന്നെ എഴുതിക്കൊടുക്കും.

ഔഷധ നിർമ്മാണവും വില്പനയും രാജ്യത്ത് ഭീമമായ ബിസിനസാണ്. ഔഷധ നിർമ്മാണ രംഗത്ത് വിദേശനിക്ഷേപം കൂടി അനുവദിച്ചതോടെ ലോകത്തെ കുത്തക ഫാർമ കമ്പനികൾക്കെല്ലാം ഇന്ത്യ ഏറ്റവുമധികം വളക്കൂറുള്ള മണ്ണാണ്.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ നിത്യജീവിതം പ്രയാസകരമാക്കുന്ന അനവധി നടപടികളെടുത്തു മുന്നേറുകയാണ്. അതിനിടയിൽ ചികിത്സയും സ്ഥിരമായ ഔഷധസേവയും ദുഷ്കരമാക്കുന്ന നടപടി കൂടി ഉണ്ടാകുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. പൊതുജനാരോഗ്യ രംഗത്തുനിന്നുപോലും പതിയെ സർക്കാരുകൾ പിൻവാങ്ങിത്തുടങ്ങുന്ന ഇക്കാലത്ത് ഔഷധവില കൂടുതൽ ദുർവഹമാകുന്നത് മദ്ധ്യവർഗത്തെയും അതിനു താഴെയുള്ള ജനങ്ങളെയാണു ബാധിക്കുക. ജീവിതശൈലീരോഗങ്ങളുൾപ്പെടെ സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർ കോടിക്കണക്കിനുണ്ട്. പ്രമേഹരോഗത്തിന്റെ ലോക തലസ്ഥാനം തന്നെ ഇന്ത്യയാണെന്നാണു പറയുന്നത്. പ്രമേഹത്തിനു പുറമേ ഹൃദ്രോഗം, വൃക്കരോഗം, നാഡീരോഗങ്ങൾ തുടങ്ങി പലതിനും ആജീവനാന്ത മരുന്നുസേവ ആവശ്യമാണ്. ഇതിനുള്ള ഔഷധങ്ങൾക്കാകട്ടെ ഇപ്പോൾത്തന്നെ വില അധികവുമാണ്. ഔഷധങ്ങൾക്കു പുറമേ ശസ്ത്രക്രിയകൾക്കാവശ്യമായ സാമഗ്രികൾക്കും വില കൂടുന്നത് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് പാവപ്പെട്ടവരെയാണ്. മരുന്നുകൾ വാങ്ങാൻ പണമില്ലാതെ ചികിത്സ മുടക്കേണ്ടിവരുന്നവർ ധാരാളമുണ്ട്. കൂടുതൽ പേരെ ഈ ഗതികേടിലേക്ക് തള്ളിയിടുന്നതാണ് ഇപ്പോഴത്തെ വിലവർദ്ധന.

ജന ഔഷധി കേന്ദ്രങ്ങൾ രാജ്യവ്യാപകമായി തുറന്നും കാരുണ്യ പോലുള്ള സർക്കാർ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയും സാധാരണക്കാരെ സഹായിക്കാൻ സാധിക്കും. പതിനഞ്ചു മുതൽ മുപ്പതു ശതമാനം വരെ വിലകുറച്ചാണ് കാരുണ്യയിലും ജനസേവാകേന്ദ്രങ്ങളിലും മരുന്നുകൾ വിൽക്കുന്നത്. ജനങ്ങൾക്കു ഗുണകരമായ ഇത്തരം സംവിധാനങ്ങൾ രാജ്യമൊട്ടുക്കും നിലവിൽ വരണം. ഒന്നരലക്ഷത്തിൽപ്പരം കോടി രൂപയുടെ മരുന്നുകളാണ് രാജ്യത്ത് ഒരുവർഷം വിറ്റഴിയുന്നത്. വിലയിൽ പത്തുശതമാനം വർദ്ധന ഉണ്ടായാൽത്തന്നെ കമ്പനികളുടെ ലാഭം എത്ര ഉയരുമെന്ന് ഉൗഹിക്കാം. ഇന്ധനങ്ങൾ ഉൾപ്പെടെ സകല സാധനങ്ങൾക്കും വില കുതിച്ചുകയറിക്കൊണ്ടിരിക്കെ മരുന്നിനും നല്ലതോതിൽ വില കൂട്ടുന്ന നടപടി വലിയ ക്രൂരതയാണ്. ഇതിന്റെ ആഘാതത്തിൽ നിന്ന് സാധാരണക്കാരെ എങ്ങനെ രക്ഷിക്കാനാകുമെന്ന് സർക്കാരുകൾ ചിന്തിക്കണം. ക്രിയാത്മക നടപടികളെടുക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.