ആലുവ: എടയാറിലെ ശുദ്ധീകരണശാലയിലേക്ക് ജീപ്പിൽ കൊണ്ടുവന്ന ആറു കോടിയുടെ സ്വർണം ബൈക്കിലെത്തിയ സംഘം തട്ടിയെടുത്ത കേസിൽ ദുരൂഹത തുടരുന്നു. ജീപ്പിലുണ്ടായിരുന്നവരുടെ മൊഴിയിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ഇതേത്തുടർന്ന് സ്വർണം ശുദ്ധീകരിക്കുന്ന എടയാർ സി.ജി.ആർ മെറ്റലോയിസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരായ പള്ളുരുത്തി സ്വദേശി നോയൽ ജോയി, ഡ്രൈവർ പനമ്പള്ളി നഗർ സ്വദേശി കെ.വി. സജി, പുതുവൈപ്പ് സ്വദേശി പീറ്റർ തോമസ്, ഫോർട്ടുകൊച്ചി മൂലംങ്കുഴി സ്വദേശി വി.ജെ. ജെസ്റ്റിൻ എന്നിവർ പൊലീസ് നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിനു ശേഷം ഇവരെ വെള്ളിയാഴ്ച രാത്രി വിട്ടു. എടയാറിലെ സ്ഥാപനത്തിലും എറണാകുളം സദനം റോഡിലെ ഹെഡ് ഓഫീസിലുമുള്ള ജീവനക്കാരെയും ഇന്നലെ ചോദ്യം ചെയ്‌തു. സ്ഥാപന ഉടമ എറണാകുളം പനമ്പള്ളി നഗർ സ്വദേശി ജെയിംസ് ജോസിന്റെയും മൊഴിയെടുത്തു.
നിശ്ചിതസമയത്ത് സ്വർണമെത്തുമെന്ന് ജീവനക്കാർക്ക് മാത്രമേ അറിയാവൂ. എന്നാൽ രണ്ട് പേർ ബൈക്കിലെത്തി സ്ഥാപനത്തിന് മുമ്പിൽ ഒളിച്ചിരുന്നത് മുൻകൂട്ടി വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന് കളമൊരുക്കിയത് ജീവനക്കാരിൽ ആരെങ്കിലുമായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കാർ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുന്നതിന് രണ്ട് മിനിറ്റ് പോലും വേണ്ടിവന്നില്ല. ഇതിന്റെ സി.സി ടി.വി ദൃശ്യം ലഭിച്ചെങ്കിലും അവ്യക്തമാണ്. 20 കിലോ സ്വർണമാണ് നഷ്ടമായത്. റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായരുടെ മേൽനോട്ടത്തിൽ എ.എസ്.പി സോജനാണ് കേസ് അന്വേഷിക്കുന്നത്.
ദുരൂഹതയുടെ വഴികൾ ഇങ്ങനെ
സി.ജി.ആർ മെറ്റലോയിസിലെ നാല് ജീവനക്കാർ ജീപ്പിലാണ് സ്വർണം കൊണ്ടുവന്നത്. സി.ജി.ആറിന് സമീപം വെളിച്ചമൊന്നുമില്ല. ജീപ്പ് ഇവിടെ നിറുത്തിയ ഉടൻ പിന്നിലൂടെ വരുന്ന രണ്ടുപേർ ചില്ലുകൾ ഇടിച്ചുടയ്‌ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതോടെ ജീപ്പിന്റെ ഹെഡ് ലൈറ്റും മങ്ങി. ഈ സമയം ഇതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രക്കാരൻ ഇത് കാഴ്ച കണ്ടിട്ട് നിറുത്താതെ പോയതും ദുരൂഹമാണ്.
നിമിഷങ്ങൾക്കകം കാറിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി കമ്പനിയിലേക്ക് നടക്കുന്നുണ്ട്. കാറിലുണ്ടായിരുന്നവർ കവർച്ച പ്രതിരോധിക്കാൻ ശ്രമിക്കുന്നതൊന്നും സി.സി ടി.വി ദൃശ്യങ്ങളിലില്ല. ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇവർക്കാർക്കും ഒരു പോറൽ പോലുമേറ്റിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |