SignIn
Kerala Kaumudi Online
Friday, 26 April 2024 3.24 PM IST

പാകിസ്ഥാനിലെ ജനാധിപത്യ ദുരന്തം

imran-khan

ഇതെഴുതുമ്പോൾ പാകിസ്ഥാനിലെ ഭരണപ്രതിസന്ധി അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രി ഇമ്രാൻ ഖാന് 342 അംഗ ദേശീയ അസംബ്ളിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് 24 അംഗങ്ങൾ കൂറുമാറി. വിമതരെ അയോഗ്യരാക്കാൻ ഇമ്രാൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പുറമേ സഖ്യകക്ഷികൾ തള്ളിപ്പറഞ്ഞു. പ്രതിപക്ഷകക്ഷികളും വിമതരും ഒറ്റക്കെട്ടായി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു. സൈന്യവും അദ്ദേഹത്തെ കൈവെടിഞ്ഞു. രാജിയല്ലാതെ വഴിയില്ല.

74 വർഷത്തെ ചരിത്രത്തിൽ ഇതുവരെ പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിയും അഞ്ചുവർഷം പൂർത്തിയാക്കിയിട്ടില്ല. ഇമ്രാൻഖാനും അതിന് അപവാദമല്ലെന്ന് തെളിഞ്ഞു. ആഗോളസാമ്പത്തിക മാന്ദ്യവും കൊവിഡ് -19 സൃഷ്ടിച്ച ദുഷ്‌കര സാഹചര്യങ്ങളും അദ്ദേഹത്തിന്റെ പതനം ത്വരിതപ്പെടുത്തി. രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായി. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ പാകിസ്ഥാനിൽ തീവ്രവാദശല്യം രൂക്ഷമായി. മതനേതാക്കളും സർക്കാരിനെതിരെ തിരിഞ്ഞു. പൊതുജനമദ്ധ്യത്തിൽ പ്രധാനമന്ത്രിയുടെ പ്രതിഛായ ഇടിഞ്ഞു. അതോടെ പ്രതിപക്ഷ കക്ഷികൾ ഉഷാറായി. സഖ്യകക്ഷികൾക്ക് പ്രധാനമന്ത്രിയോടുണ്ടായിരുന്ന മതിപ്പ് ഇല്ലാതായി. പട്ടാളവും കൈവിട്ടതോടെ പതനം ഉറപ്പായി.

1947 ൽ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചാണ് സ്വതന്ത്രമായത്. നമ്മുടെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15, അവരുടേത് ആഗസ്റ്റ് 14. അത്രേയുള്ളൂ വ്യത്യാസം. ഇന്ത്യ രണ്ടു വർഷത്തിനകം ഭരണഘടന തയ്യാറാക്കുകയും 1950 ജനുവരി 26 ന് സ്വതന്ത്ര പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ളിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടെ ജവഹർലാൽ നെഹ്റുവിനെപ്പോലെ ക്രാന്തദർശിയായ പ്രധാനമന്ത്രിയും അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകിയ സഹപ്രവർത്തകരും ഉണ്ടായിരുന്നു. ഇന്ത്യൻ ജനത നെഹ്റുവിൽ പരിപൂർണ വിശ്വാസം രേഖപ്പെടുത്തുകയും രാഷ്ട്ര പുന:നിർമ്മാണത്തിന് നിരുപാധിക പിന്തുണ ഉറപ്പുനൽകുകയും ചെയ്തു. കുറഞ്ഞ സമയത്തിനുള്ളിൽ നാട്ടുരാജാക്കന്മാരെ വരുതിക്കു കൊണ്ടുവരാനും സംസ്ഥാന പുന:നിർണയം നടത്താനും രാജ്യത്തിനകത്തും പുറത്തുമുള്ള വെല്ലുവിളികളെ ജനാധിപത്യ മാർഗത്തിലൂടെ നേരിടാനും ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥിതിയും വെല്ലുവിളികളെ അതിജീവിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. മറിച്ചായിരുന്നു പാകിസ്ഥാന്റെ അനുഭവം. രാഷ്ട്രപിതാവും ആദ്യ ഗവർണർ ജനറലുമായിരുന്ന മുഹമ്മദാലി ജിന്ന സ്വാതന്ത്ര്യം നേടി അധികം വൈകാതെ രോഗാതുരനായി. 1948 സെപ്തംബർ 11 ന് അന്തരിച്ചു. ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാൻ 1951 ഒക്ടോബർ 16 ന് വെടിയേറ്റു മരിച്ചു. പിന്നീട് ഖ്വാജ നാസിമുദ്ദീനും മുഹമ്മദ് അലി ബോഗ്രെയും ചൗധരി മുഹമ്മദലിയും എച്ച്. എസ്. സുഹ്റവർദിയും ഐ.ഐ. ചുന്ദ്രിഗറും പ്രധാനമന്ത്രിമാരായി വന്നെങ്കിലും അവർക്കാർക്കും അധികകാലം തുടരാനായില്ല. 1956 മാർച്ച് 23 ന് പാകിസ്ഥാൻ ഇസ്ളാമിക് റിപ്പബ്ളിക്കായി ഭരണഘടന നിലവിൽവന്നു. പക്ഷേ രണ്ടുവർഷം പോലും ആയുസുണ്ടായില്ല. 1958 ൽ പട്ടാളവിപ്ളവത്തിലൂടെ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അയൂബ്ഖാൻ ഭരണം പിടിച്ചെടുത്തു. 1965 ൽ ഇന്ത്യയോടു യുദ്ധം ചെയ്ത് പാകിസ്ഥാൻ വലിയ പരാജയം ഏറ്റുവാങ്ങി. അതേത്തുടർന്ന് അയൂബ് ഖാന്റെ പ്രതിഛായ മങ്ങി. പക്ഷാഘാതത്തെത്തുടർന്ന് അദ്ദേഹം പരിക്ഷീണിതനുമായി. 1967 ൽ ജനറൽ യഹ്യഖാൻ ഭരണഭാരം ഏറ്റെടുത്തു. അദ്ദേഹം മുൻഗാമിയേക്കാൾ ക്രൂരനും കഴിവുകെട്ടവനുമായിരുന്നു. കിഴക്കൻ ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തെ അവമതിക്കാനും ഉർദ്ദു ഭാഷ അടിച്ചേൽപിക്കാനുമുള്ള ശ്രമം വലിയ കലാപമായി. 1971 ലെ യുദ്ധത്തോടെ പാകിസ്ഥാൻ വിഭജിക്കപ്പെട്ടു. കിഴക്കൻ ബംഗാൾ ഒരു സ്വതന്ത്ര രാജ്യമായി മാറി. 1972 ൽ ജനാധിപത്യം പുന: സ്ഥാപിക്കപ്പെടുകയും സുൾഫിക്കർ അലി ഭൂട്ടോ പുതിയ ഭരണഘടന എഴുതിയുണ്ടാക്കുകയും ചെയ്തു. പക്ഷേ 1977 ൽ വീണ്ടും പട്ടാളവിപ്ളവമുണ്ടായി. ജനറൽ സിയാ ഉൾ ഹഖ് അധികാരം പിടിച്ചെടുത്തു. അയൂബ്ഖാന്റെ കാലത്തു തന്നെ പാകിസ്ഥാൻ അമേരിക്കയുടെ ഉപഗ്രഹ രാഷ്ട്രമായി മാറിയിരുന്നു. സിയായുടെ ഭരണകാലത്ത് അമേരിക്കയോടുള്ള ആശ്രിതത്വം കൂടുതൽ വർദ്ധിച്ചു. മാത്രമല്ല, മതമൗലിക വാദികളും തീവ്രവാദികളും ഭരണത്തിൽ പിടിമുറുക്കി. മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം നാൾക്കുനാൾ അപകടത്തിലായി. കുപ്രസിദ്ധമായ മതനിന്ദ നിയമം അടക്കം നിലവിൽ വന്നു. 1988 ൽ ജനറൽ സിയാ കൊല്ലപ്പെട്ടശേഷം പാകിസ്ഥാനിൽ ജനാധിപത്യം പുന:സ്ഥാപിതമായി. പക്ഷേ, സാഹചര്യങ്ങളിൽ വലിയമാറ്റം വന്നില്ല. ബേനസീർ ഭൂട്ടോയും നവാസ് ഷെരീഫും മാറിമാറി ഭരണം കൈയാളി. 1999 ൽ നവാസിന്റെ മന്ത്രിസഭയെ അട്ടിമറിച്ച് ജനറൽ പർവേസ് മുഷറഫ് അധികാരം പിടിച്ചെടുത്തു. 2008 വരെ സൈനികഭരണം നിലനിന്നു. അതിനുശേഷം ആസിഫ് അലി സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും നവാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ളിം ലീഗും മാറിമാറി ഭരിച്ചെങ്കിലും വ്യവസ്ഥിതിയിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല. രണ്ടു സർക്കാരുകളും വളരെ വേഗം ജനവിരുദ്ധരെന്ന് തെളിയിച്ചു. പാകിസ്ഥാനിൽ ജനാധിപത്യം വലിയൊരു ചോദ്യചിഹ്നമായി. ഏറ്റവുമൊടുവിൽ മുൻ ക്രിക്കറ്റ് താരം ഇമ്രാൻഖാന്റെ ടെഹ്‌രീക് എ ഇൻസാഫ് പാർട്ടി അധികാരത്തിൽ വന്നു. തീവ്രവാദികളുടെയും പട്ടാളത്തിന്റെയും പിന്തുണയാണ് ഇമ്രാൻഖാനെ ഇതുവരെ ഭരണത്തിൽ നിലനിറുത്തിയത്. ഇരുകൂട്ടരും കൈവിട്ടതോടെ അദ്ദേഹത്തിന്റെ പതനം സുനിശ്ചിതമായി.

പാകിസ്ഥാനിലെ ജനാധിപത്യത്തെ പ്രഹസനവും ദുരന്തവുമാക്കി മാറ്റുന്നതിനു പ്രധാനമായും മൂന്നു ഘടകങ്ങളുണ്ട്. ഒന്ന് മതം, രണ്ട് സൈന്യം, മൂന്ന് അമേരിക്കൻ സാമ്രാജ്യത്വം. മതത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട രാഷ്ട്രമാണ് പാകിസ്ഥാൻ. ഇസ്ളാമാണ് ഔദ്യോഗികമതം. മറ്റു മതവിശ്വാസികൾ രണ്ടാംതരക്കാരും മൂന്നാംതരക്കാരുമായി മുദ്ര‌യടിക്കപ്പെട്ടിരിക്കുന്നു. അവരുടെ പൗരാവകാശങ്ങൾ പരിമിതമാണ്. അതുകൊണ്ടുതന്നെ പാകിസ്ഥാനിലെ ജനാധിപത്യം ദുർബലമാണ്. പാകിസ്ഥാൻ ഭരണഘടന ജനാധിപത്യ ഭരണകൂടത്തിന് വ്യവസ്ഥ ചെയ്യുന്നു. പക്ഷേ, ജനാധിപത്യ സംസ്‌കാരം അവർക്ക് തീർത്തും അന്യമാണ്. വിഭജനത്തിനുശേഷം പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായക്കാർ വലിയ തോതിൽ വിവേചനത്തിനും പലപ്പോഴും ആക്രമണത്തിനും വിധേയരായി. ഹിന്ദുക്കളും ക്രിസ്ത്യാനികളും സിക്കുകാരും മാത്രമല്ല, മുസ്ളീങ്ങളിൽ തന്നെ ന്യൂനപക്ഷമായ ഷിയാകളും അഹമ്മദീയരും ഇത്തരം അതിക്രമങ്ങൾക്ക് വിധേയരായി. അവരിൽ വലിയൊരു വിഭാഗം രാജ്യം വിട്ടുപോകാൻ നിർബന്ധിതരായി. ശേഷിക്കുന്നവർ മൂന്നാംതരം പൗരന്മാരായി എല്ലാ വിവേചനങ്ങളും ശാരീരികമായ ഉപദ്രവങ്ങളും സഹിച്ച് രാജ്യത്ത് തുടരുന്നു. ലിയാഖത്ത് അലിഖാന്റെ കാലം മുതൽ പാകിസ്ഥാന്റെ നയപരിപാടികൾ രൂപീകരിക്കുന്നതിൽ മതപണ്ഡിതരും സമുദായ നേതാക്കളും വലിയ പങ്കുവഹിക്കുന്നു. ജമാ അത്തെ ഇസ്ളാമി പോലെയുള്ള തീവ്രവാദ സംഘടനകളാണ് പലപ്പോഴും സർക്കാർ നയം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത്. മതനിന്ദ നിയമം പാസാക്കിയതും അഹമ്മദീയ വിഭാഗക്കാരെ അനിസ്ളാമിക ന്യൂനപക്ഷത്തിൽ പെടുത്തിയതും ഇവരുടെ നിർബന്ധം നിമിത്തമാണ്. ഭരണാധികാരികൾ അധികാരം ഉറപ്പിക്കുന്നതിന് ഇത്തരം ഛിദ്രശക്തികളെ കൂട്ടുപിടിക്കും. സൈനിക വാഴ്ചക്കാലത്തു തന്നെ ഇവരുടെ പ്രാബല്യം വർദ്ധിച്ചു. ഇപ്പോഴും അതു നിലനിൽക്കുന്നു. ആസിഫ് അലി സർദാരിയേക്കാളും നവാസ് ഷെരീഫിനെക്കാളും മതമൗലിക വാദികളോടു വിധേയത്വം പുലർത്തുന്നയാളാണ് ഇമ്രാൻഖാൻ. അദ്ദേഹം പുറമേക്ക് പരിഷ്‌കാരിയായി അറിയപ്പെടുന്നയാളാണെങ്കിലും താലിബാൻ അടക്കമുള്ള വിധ്വംസക ശക്തികളോടു വിധേയത്വം പുലർത്തുന്നയാളാണ്. താലിബാൻ ഖാൻ എന്നൊരു അപരനാമധേയം പോലും അദ്ദേഹത്തിനുണ്ട്.

സൈന്യത്തിന്റെ നിർണായകമായ സ്വാധീനമാണ് പാകിസ്ഥാനിൽ ജനാധിപത്യത്തെ കോമാളിത്തമാക്കി മാറ്റുന്ന അടുത്ത ഘടകം. അമ്പതുകളുടെ മദ്ധ്യത്തിൽ ചൗധരി മുഹമ്മദലിയും ഐ.ഐ. ചുന്ദ്രിഗറും സർ ഫിറോസ്ഖാൻ നൂണും തങ്ങളുടെ അധികാരം നിലനിറുത്താൻ പട്ടാളമേധാവികളെ പ്രീണിപ്പിച്ചു. അടുത്ത ഘട്ടത്തിൽ സൈന്യം അധികാരം പിടിച്ചെടുക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിമാരെ പുറത്താക്കുകയും ചെയ്തു. അങ്ങനെ ഭരണഘടന തന്നെ അപ്രസക്തമായി. എട്ടുവർഷം ചർച്ചചെയ്ത് പാസാക്കിയ പാകിസ്ഥാന്റെ ഭരണഘടനയ്ക്ക് രണ്ടു വർഷംപോലും ആയുസുണ്ടായില്ല. ആദ്യം ജനറൽ അയൂബ് ഖാനും തുടർന്ന് യഹ്യഖാനും പിന്നീട് സിയാ ഉൾ ഹഖും ഏറ്റവും ഒടുവിൽ പർവേസ് മുഷറഫും പാകിസ്ഥാനിലെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തു. മുഷറഫ് അധികാരം ഉപേക്ഷിച്ചു പോയ ശേഷവും ജനാധിപത്യ വ്യവസ്ഥ പട്ടാളത്തിന് കപ്പം കൊടുത്താണ് കഴിയുന്നത്. സൈന്യത്തെ വെറുപ്പിച്ചുകൊണ്ടു ഒരു സർക്കാരിനും പാകിസ്ഥാനിൽ നിലനിൽക്കാനാവില്ല. പ്രധാനമന്ത്രിയേക്കാളും പ്രസിഡന്റിനെക്കാളും ശക്തനാണ് കരസേന മേധാവി. സൈനിക പിന്തുണ ഉള്ളിടത്തോളം കാലം പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും തുടരാം. പിന്തുണ നഷ്ടപ്പെട്ടാലുടൻ സ്ഥാനം ഒഴിയുന്നതാണ് ബുദ്ധി. മതമൗലികവാദികളും സൈന്യവും ആളിക്കത്തിക്കുന്ന ഇന്ത്യാ വിരോധമാണ് പാകിസ്ഥാൻ രാഷ്ട്രീയത്തിന്റെ ആധാരശില. ഇന്ത്യ ഉടനെ പാകിസ്ഥാനെ ആക്രമിക്കുമെന്ന ഭയം അവിടെ നിലനിൽക്കുന്നു. പോരാത്തതിന് വൈകാരിക വിഷയമായി കാശ്മീർ പ്രശ്നവുമുണ്ട്. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനെ രക്ഷിക്കാനും കാശ്മീർ വീണ്ടെടുക്കാനും പ്രതിജ്ഞാബദ്ധമായ നിരവധി തീവ്രവാദ സംഘടനകൾ പാകിസ്ഥാനിലുണ്ട്. പാകിസ്ഥാൻ ശക്തമായ സൈന്യത്തെ നിലനിറുത്തുന്നതും അമേരിക്കയിൽ നിന്ന് യുദ്ധായുധങ്ങൾ വാങ്ങുന്നതും പ്രതിരോധത്തിന് ബഡ്‌ജറ്റിൽ വലിയൊരു തുക മാറ്റിവെക്കുന്നതും ആണവായുധം ഉണ്ടാക്കുന്നതുമൊക്കെ ഇന്ത്യയെ പ്രതിരോധിക്കാനാണ്. പൊതുസമൂഹത്തിൽ ഇന്ത്യാവിരുദ്ധ വികാരം നിലനിൽക്കുന്നിടത്തോളം കാലം രാഷ്ട്രീയത്തിൽ സൈന്യത്തിന്റെ പ്രാധാന്യം കുറയുകയില്ല. ബാരക്കിലേക്ക് മടങ്ങാൻ സൈനിക മേധാവികൾ ഒരുക്കവുമല്ല.

ജനറൽ അയൂബ്ഖാന്റെ കാലം മുതൽക്കെങ്കിലും അമേരിക്കയുടെ സഖ്യരാഷ്ട്രമാണ് പാകിസ്ഥാൻ. നാറ്റോ മാതൃകയിലുള്ള സൈനിക ഉടമ്പടിയിലും പാകിസ്ഥാൻ കക്ഷിയാണ്. പാകിസ്ഥാനിൽ അമേരിക്ക സൈനികത്താവളങ്ങൾ നിർമ്മിച്ചു. അവർക്ക് വലിയ തോതിൽ യുദ്ധവിമാനങ്ങളും ടാങ്കുകളും സമ്മാനിക്കുകയും ചെയ്തു. എന്നാൽ 1965 ലെയോ 1971 ലെയോ യുദ്ധകാലത്ത് അമേരിക്കയിൽ നിന്ന് പ്രത്യേകിച്ച് ഒരാനുകൂല്യവും പാകിസ്ഥാന് കിട്ടിയതുമില്ല. പാകിസ്ഥാന്റെ വിദേശനയം പൂർണമായും അമേരിക്കയാണ് തീരുമാനിച്ചിരുന്നത്. 1980 കളുടെ തുടക്കത്തിൽ അഫ്‌ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയൻ ഇടപെട്ടതോടെ പാകിസ്ഥാനിലെ അമേരിക്കൻ ശക്തി വർദ്ധിച്ചു. താലിബാനെ വളർത്തിയെടുത്തത് അമേരിക്കയുടെ പിന്തുണയോടെ പാക് സൈന്യമായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പാർലമെന്റിലെ ഭൂരിപക്ഷത്തേക്കാൾ പ്രധാനമാണ് അമേരിക്കയുടെ പിന്തുണ. വാഷിംഗ്‌ടണിന്റെ നല്ല പുസ്തകത്തിൽ നിന്ന് പോയാൽ പിന്നെ അധികാരത്തിൽ തുടരാൻ കഴിയില്ല. ചിലപ്പോൾ ജീവൻ നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. സുൾഫിക്കർ അലി ഭൂട്ടോയുടെയും സിയാ ഉൾ ഹഖിന്റെയും അകാലമരണങ്ങൾ അമേരിക്കൻ ചാരസംഘടനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. രാജ്യത്ത് പ്രകൃതിദുരന്തമോ വിലക്കയറ്റമോ ഉണ്ടാകുന്നതു മൂലം ഭരണാധികാരികളുടെ ജനപ്രീതി നഷ്ടപ്പെടുമ്പോൾ അമേരിക്കൻ ഗവൺമെന്റും അവരെ കൈവിടും. പകരം പുതിയൊരു പാവയെ കണ്ടെത്തും. കുറേക്കഴിയുമ്പോൾ അയാളെയും കൈവിടും. അങ്ങനെ അവരുടെ സൈനികവും സാമ്പത്തികവുമായ താത്പര്യങ്ങൾ കാത്തുസൂക്ഷിക്കും. പാകിസ്ഥാനിൽ പ്രധാനമന്ത്രിമാർ വരികയും പോവുകയും ചെയ്യും. പക്ഷേ സൈന്യത്തിന്റെയും മതതീവ്രവാദികളുടെയും അമേരിക്കയുടെയും താത്പര്യങ്ങൾ മാത്രം മാറ്റം കൂടാതെ തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.