ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ലോക വിപണിയിലേക്കെത്തുന്ന കാർഷിക, ഭക്ഷ്യോത്‌പന്നങ്ങളുടെ അളവിൽ മികച്ച വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷം ഏഴ് ശതമാനം വളർച്ച കയറ്റുമതിയിൽ ഉണ്ടായെന്ന് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്രി (എ.പി.ഇ.ഡി.എ) വ്യക്തമാക്കി. പാലുത്‌പന്നങ്ങൾ, പയർ വർഗങ്ങൾ എന്നിവയുടെ മികച്ച പ്രകടനമാണ് കഴിഞ്ഞവർഷം ഇന്ത്യയ്ക്ക് കരുത്തായത്. അതേസമയം, ഗോതമ്പ്, ബസുമതി ഇതര അരി എന്നിവയുടെ കയറ്റുമതി ഇടിഞ്ഞു.
2017-18ലെ 1.20 ലക്ഷം കോടി രൂപയിൽ നിന്ന് 1.28 ലക്ഷം കോടി രൂപയിലേക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക, ഭക്ഷ്യോത്‌പന്ന കയറ്രുമതി വരുമാനം ഉയർന്നത്. പാലുത്‌പന്നങ്ങളുടെ കയറ്റുമതി വരുമാനം 72 ശതമാനം ഉയർന്ന് 3,376 കോടി രൂപയിലെത്തി. 2017-18ൽ വരുമാനം 1,955 കോടി രൂപയായിരുന്നു. പയർ വർഗങ്ങളുടെ കയറ്റുമതി 1,470 കോടി രൂപയിൽ നിന്ന് 22 ശതമാനം ഉയർന്ന് 1,795 കോടി രൂപയായി. ബീഫ് കയറ്റുമതി 25,091 കോടി രൂപയിൽ നിന്നുയർന്ന് 26,035 കോടി രൂപയിലുമെത്തി. 32,806 കോടി രൂപയാണ് ബസുമതി അരിയുടെ വരുമാനം. 2017-18ൽ ഇത് 26,871 കോടി രൂപയായിരുന്നു. അതേസമയം, ബസുമതി ഇതര അരി കയറ്രുമതി 23,437 കോടി രൂപയിൽ നിന്ന് 20,903 കോടി രൂപയായി താഴ്‌ന്നു. 624 കോടി രൂപയിൽ നിന്ന് ഗോതമ്പ് കയറ്റുമതി 369 കോടി രൂപയിലേക്കും ഇടിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |