ബ്രസൽസ് : അലങ്കാര മത്സ്യങ്ങളെ വളർത്താൻ ഉപയോഗിക്കുന്ന ഉരുണ്ട ഗ്ലാസ് പാത്രങ്ങൾ നിരോധിക്കാനുള്ള ആലോചനയിൽ ബെൽജിയം. ഇത്തരം പാത്രങ്ങൾ മത്സ്യങ്ങളിൽ സമ്മർദ്ദത്തിന് കാരണമാകുമെന്നും അതിനാൽ നിരോധിക്കണമെന്നും അധികൃതരെ ഉദ്ധരിച്ച് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ മൃഗസംരക്ഷണ നിയമങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് സൂചന. ചതുരാകൃതിയിലുള്ള പാത്രങ്ങളെ അപേക്ഷിച്ച് ഉരുണ്ട പാത്രങ്ങൾക്കുള്ളിലെ ഉപരിതലം പരിമിതപ്പെട്ടതാണ്. ജലത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഓക്സിജന്റെ അളവിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
തലസ്ഥാനമായ ബ്രസൽസിലായിരിക്കും നിരോധനം ആദ്യം ഏർപ്പെടുത്തുക. മീനുകൾക്കുള്ള ഇത്തരം പാത്രങ്ങളുടെ വില്പനയാണ് തടയുക. കരിമരുന്ന് പ്രയോഗം, ഇലക്ട്രിക് ഡോഗ് കോളർ എന്നിവയേയും മൃഗങ്ങൾക്ക് ഹാനികരമാകുന്ന വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തയാൻ കർശന നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് ബെൽജിയം. 15 വർഷം വരെ ജയിൽ ശിക്ഷയും 10 ദശലക്ഷം യൂറോ വരെ പിഴയും ചുമത്താവുന്ന കുറ്റങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.
മത്സ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നുവെന്നും ഇത് വേഗത്തിൽ അവയുടെ മരണത്തിന് കാരണമാകുന്നെന്നും കാട്ടി കഴിഞ്ഞ ജനുവരിയിൽ ഫ്രാൻസിലെ ഒരു പ്രമുഖ അക്വേറിയം അലങ്കാര മത്സ്യങ്ങളെ വളർത്തുന്ന ഉരുണ്ട പാത്രങ്ങളുടെ വില്പന നിറുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |