SignIn
Kerala Kaumudi Online
Saturday, 27 April 2024 1.52 AM IST

ഫോട്ടോ ഷൂട്ടും അപകടങ്ങളും

kk

സെൽഫിയും ഫോട്ടോ ഷൂട്ടും എടുക്കുന്നതിനിടയിൽ ഉണ്ടാകുന്ന അപകടങ്ങൾ സാധാരണമായിരിക്കുന്നു. ഫോട്ടോ വ്യത്യസ്തമാക്കാൻ അപകടകരമായ സ്ഥലങ്ങളും സാഹചര്യങ്ങളുമാണ് പലരും തിരഞ്ഞെടുക്കുന്നത്. ഇതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്നും മറ്റും സെൽഫി എടുക്കാനുള്ള സാഹസികതകളും നിരോധിക്കപ്പെടേണ്ടതാണ്. അപകടകരമായ രീതിയിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മരണം സംഭവിച്ച ചെറുപ്പക്കാരുടെ എണ്ണവും കുറവല്ല.

വിവാഹാനന്തരമുള്ള ഫോട്ടോ ഷൂട്ടുകൾ ഫേസ്‌‌ബുക്കിൽ പരിശോധിച്ചാൽ ഭൂരിപക്ഷം ചിത്രങ്ങളുടെയും പശ്ചാത്തലം ജലാശയങ്ങളാണെന്ന് മനസിലാക്കാം. നീന്തലറിയാത്ത വധൂവരന്മാരെ ജലാശയങ്ങളിൽ തോണികളിലും ബോട്ടിൽ കയറ്റി കടലിലും കൊണ്ടുപോയി ഫോട്ടോഷൂട്ട് നടത്താറുണ്ട്. കുന്നും മലയും കയറിയുള്ള ഫോട്ടോ ഷൂട്ടുകളും കുറവല്ല. വിവാഹ ഫോട്ടോഷൂട്ട് വൻ ബിസിനസായി രൂപപ്പെട്ടു വരുന്നത് നല്ലതുതന്നെ. എന്നാൽ അതിന്റെ പേരിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ തടയുക തന്നെ വേണം. കുറ്റ്യാടി ജാനകിക്കാട് ചവറംമൂഴി പുഴയിൽ ഫോട്ടോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തിങ്കളാഴ്ച നവവരൻ ഒഴുക്കിൽപ്പെട്ടു മരണമടഞ്ഞു. രജിൻലാൽ എന്ന ഇരുപത്തിയെട്ടുകാരനാണ് ജീവൻ നഷ്ടപ്പെട്ടമായത്. ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീണ ഭാര്യയെ രക്ഷിക്കാനായി പുഴയിൽ ചാടിയ നവവരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭാര്യയെ നാട്ടുകാർ രക്ഷിച്ചു. ആഹ്ളാദ നിമിഷങ്ങൾക്കിടയിലുണ്ടാകുന്ന ഇത്തരം ദുരന്തസംഭവങ്ങൾ ബന്ധുകുടുംബങ്ങളെയും സുഹൃത്ത് സംഘങ്ങളെയും എത്രമാത്രം ദുഃഖത്തിലാഴ്‌ത്തുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ഞായറാഴ്ച മീന്തുള്ളിപ്പാറയിൽ ഫോട്ടോഷൂട്ട് നടത്തി മടങ്ങിയ നവദമ്പതികളെ പ്രദേശത്തിന്റെ മനോഹാരിതയാണ് ഇരുവീട്ടുകാരുടെയും കുടുംബങ്ങളോടൊപ്പം വീണ്ടും ഇവിടേക്ക് മടക്കിവിളിച്ചത്.

അപകടകരമായ സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ഫോട്ടോഷൂട്ടും മറ്റും നിയന്ത്രിക്കുകയും അത്യന്തം അപകടകരമായ സ്ഥലത്ത് അവ നിരോധിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അപകടങ്ങൾ വിരൽചൂണ്ടുന്നത്. അപകടരഹിതമായ സ്ഥലങ്ങളിലും പാർക്കുകളിലും ഫോട്ടോഷൂട്ട് അനുവദിക്കാവുന്നതാണ്. ഫോട്ടോ വ്യത്യസ്തമാക്കുന്നതിന്റെ പേരിൽ അപകടം ക്ഷണിച്ചുവരുത്താതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ നവദമ്പതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിക്കുകയും വേണം. മലമുകളിലും മറ്റുമുള്ള അപകടകരമായ ചരിവുകളിൽ പോസ് ചെയ്യാൻ നിർദ്ദേശം നൽകാതിരിക്കാനുള്ള വകതിരിവ് ഫോട്ടോഗ്രാഫർമാരും പുലർത്തേണ്ടത് ആവശ്യമാണ്.

രജിൻലാലിന്റെ ജീവൻ നഷ്ടപ്പെട്ട ജാനകിക്കാട്ടിലെ പുഴയിൽ മുൻപും അപകടങ്ങളുണ്ടായിട്ടുണ്ട്. പെട്ടെന്ന് ഒഴുക്ക് കൂടുന്ന പുഴയാണിത്. ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഇവിടെ അപകടസൂചന നൽകുന്ന ബോർഡുകളുടെ അഭാവമുണ്ട്.

വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടിൽ പ്രതിശ്രുത വരനും വധുവും മരണമടഞ്ഞ സംഭവം കഴിഞ്ഞ നവംബറിൽ മൈസൂറിൽ ഉണ്ടായി. ബോട്ട് കിട്ടാത്തതിനാൽ വട്ടത്തോണിയിൽ ഫോട്ടോഷൂട്ടിന് പോയ ഇവരോട് ജലാശയത്തിന് നടുവിൽ ടൈറ്റാനിക് സിനിമയിലെ നായികാ നായകന്മാരുടെ പോസ് അനുകരിക്കാൻ കരയിൽ നിന്നുകൊണ്ട് ഫോട്ടോഗ്രാഫർ ആവശ്യപ്പെടുകയായിരുന്നു. അതിന് ശ്രമിക്കവേ വട്ടത്തോണി മറിഞ്ഞ് ജലാശയത്തിൽ വീണ രണ്ടുപേരും മുങ്ങിമരിക്കുകയായിരുന്നു. ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കാതെ ജലാശയങ്ങളിലെ ഫോട്ടോഷൂട്ടും മറ്റും അനുവദിക്കാൻ പാടില്ല. ഇത്തരം അപകടങ്ങൾ തടയാൻ വേണ്ട നടപടികളെക്കുറിച്ച് സർക്കാരും ആലോചിക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.