SignIn
Kerala Kaumudi Online
Friday, 26 April 2024 1.12 PM IST

യുക്രെയിനിൽ റഷ്യയ്ക്ക് പുതിയ സൈനിക കമാൻഡർ

ukraine

കീവ് : യുക്രെയിന്റെ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ കഴിയാതെ വന്നതോടെ കിഴക്കൻ മേഖലകളിലേക്ക് പിന്മാറ്റം നടത്തിയ റഷ്യൻ സൈന്യത്തെ ശക്തിപ്പെടുത്താൻ സൈന്യത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ അഴിച്ചുപണി നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയിൻ അധിനിവേശത്തിന്റെ മേൽനോട്ട ചുമതല റഷ്യൻ സതേൺ മിലിട്ടറി ഡിസ്ട്രിക്റ്റ് കമാൻഡർ ആയ അലക്സാണ്ടർ വൊർനിക്കോവിന് കൈമാറിയെന്നാണ് റിപ്പോർട്ട്.

യുക്രെയിനിൽ റഷ്യയുടെ സൈനിക നടപടിയുടെ തിയേറ്റർ കമാൻഡറായി വൊർനിക്കോവിനെ നിയമിച്ചു. റഷ്യയിൽ വിക്ടറി ഡേ ആചരിക്കുന്ന മേയ് 9ന് മുന്നേ യുക്രെയിനിൽ നിർണായക പുരോഗതി കൈവരിക്കണമെന്ന ടാർജറ്റ് പുട്ടിൻ വൊർനിക്കോവിന് നൽകിയിട്ടുണ്ടെന്നാണ് അഭ്യൂഹം. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയ്ക്ക് മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയം ആഘോഷിക്കുന്ന വിക്ടറി ഡേ റഷ്യയിൽ ഏറെ പ്രാധാന്യമുള്ളതാണ്. 2015ൽ സിറിയയിലെ റഷ്യൻ ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകിയ വൊർനിക്കോവ് ' സിറിയയിലെ കശാപ്പുകാരൻ " എന്നാണ് അറിയപ്പെടുന്നത്.

ഇതോടെ വരും ദിനങ്ങളിൽ കിഴക്കൻ യുക്രെയിനിൽ ശക്തമായ റഷ്യൻ ആക്രമണം പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പ് വിവിധ ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ തമ്പടിച്ചിരിക്കുന്ന റഷ്യൻ സേനയുമായി കടുത്ത പോരാട്ടത്തിന് തങ്ങൾ തയാറാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.

അതേ സമയം, മദ്ധ്യ യുക്രെയിൻ നഗരമായ നിപ്രോയിലെ വിമാനത്താവളം റഷ്യൻ ഷെല്ലാക്രമണത്തിൽ പൂർണമായി തകർന്നെന്ന് പ്രാദേശിക ഭരണകൂടം ആരോപിച്ചു. യുക്രെയിനിൽ നിന്ന് ഇതുവരെ പാലായനം ചെയ്തവരുടെ എണ്ണം 45 ലക്ഷം കടന്നതായി യു.എൻ അറിയിച്ചു.

ഖാർക്കീവിലെ ഡെറാചി പട്ടണത്തിൽ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കീവിന് സമീപം ബുസോവയിൽ ഡസൻകണക്കിന് മൃതദേഹങ്ങൾ സംസ്കാരിച്ച കൂട്ട കുഴിമാടം കണ്ടെത്തി. എത്ര പേരെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

ലുഹാൻസ്കിൽ ഒരു സ്കൂൾ ഉൾപ്പെടെ മൂന്ന് കെട്ടിടങ്ങൾക്ക് നേരെ ഷെല്ലാക്രമണം നടന്നു. ആളപായമില്ല. തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ഷെല്ലാക്രമണത്തെ തുടർന്ന് സിവിലിയൻമാരുടെ ഒഴിപ്പിക്കൽ ഇന്നലെ തടസപ്പെട്ടു. ഡൊണെസ്ക് മേഖലയിൽ അഞ്ച് സിവിലിയൻമാർ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ പാർലമെന്റിന്റെ ചാനലായ ഡ്യൂമാ ടി.വിയെ യൂട്യൂബ് ബ്ലോക്ക് ചെയ്തു.

 പിന്തുണയുമായി ബോറിസ്

ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ യുക്രെയിന് കൂടുതൽ സാമ്പത്തിക, സൈനിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കവചിത വാഹനങ്ങൾ, ആന്റി - ഷിപ്പ് മിസൈൽ സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം ലോക ബാങ്ക് വായ്പകൾക്കുള്ള സഹായവും ബോറിസ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയ്ക്ക് ഉറപ്പ് ൻൽകി. കീവിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന മേഖലകളിൽ ബോറിസും സെലെൻസ്കിയും സന്ദർശനം നടത്തി.


 ജനറൽ അലക്സാണ്ടർ വൊർനിക്കോവ്

 വയസ് - 60  ലക്ഷ്യം - യുക്രെയിനിലെ ഡോൺബാസിനെ പിടിച്ചെടുക്കുക  ' സിറിയയിലെ കശാപ്പുകാരൻ " എന്ന് അറിയപ്പെടുന്നു  2015 ൽ സിറിയയിലെ റഷ്യൻ ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകിയ വൊർനിക്കോവിന്റെ ക്രൂരമായ യുദ്ധ തന്ത്രങ്ങളാണ് ഇത്തരമൊരു അപരനാമത്തിന് കാരണം. സിറിയയിലെ രാസായുധ പ്രയോഗത്തിന്റെ സൂത്രധാരനെന്ന് ആരോപണം  വിമതരെ അടിച്ചമർത്താൻ അന്ന് സിറിയൻ പ്രസിഡന്റ് ബാഷർ അൽ - അസദിനെ സഹായിച്ചത് റഷ്യ ആയിരുന്നു  നേരത്തെ ടാങ്ക്, മോട്ടോർ റൈഫിൾ ഡിവിഷനുകളുടെ കമാൻഡർ  1982ൽ സോവിയറ്റ് കാലത്ത് സൈന്യത്തിന്റെ ഭാഗമായി  2016ൽ ഹീറോ ഒഫ് റഷ്യ ബഹുമതി ലഭിച്ചു  2020ൽ പുട്ടിന്റെ ഉത്തരവ് പ്രകാരം ജനറൽ പദവിയിലേക്ക്  പുട്ടിന്റെ വിശ്വസ്തൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.