SignIn
Kerala Kaumudi Online
Friday, 26 April 2024 6.30 PM IST

ചിറാപ്പുഞ്ചിയാകുമോ പത്തനംതിട്ട?

p

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം മേഘാലയയിലെ ചിറാപ്പുഞ്ചിയാണ്. കേരളത്തിന്റെ ചിറാപ്പുഞ്ചി എന്ന് വിശേഷിപ്പിക്കുന്നത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടാണ്. കാലാവസ്ഥ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ മഴ കൂടുതലായി ലഭിക്കുന്ന സ്ഥലങ്ങൾക്കും മാറ്റം സംഭവിച്ചേക്കാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ സാധാരണ കാലവർഷത്തിനും വേനൽമഴ ലഭിക്കുന്ന സമയങ്ങളിലുമെല്ലാം മാറ്റം വന്നിരിക്കുകയാണ്. കാലംതെറ്റി വരുന്ന മഴ അധികമഴയായും പ്രളയമായും മാറുന്നു. വേനൽമഴ നേരത്തേയെത്തി അളവിൽ പതിന്മടങ്ങ് വർദ്ധനയുണ്ടാകുന്നു.

വ്യതിയാനത്തിൽ

പത്തനംതിട്ട

പ്രകൃതിയുടെ പിടിതരാത്ത ഇൗ പ്രതിഭാസങ്ങൾ കൂടുതലായി സംഭവിക്കുന്ന നാടായി മാറിയിരിക്കുകയാണ് പത്തനംതിട്ട. മറ്റ് ജില്ലകളെ അപേക്ഷിച്ച് മഴയുടെ ശക്തിയും തോതും സമയവും വർദ്ധിച്ച് വലിയ വിനാശം തീർക്കുന്നു. വേനൽമഴയുടെ പഴയ സ്വഭാവമല്ല ഇപ്പോൾ. ഇടിമിന്നലും കാറ്റും അപകടം വിതച്ചാണ് അവസാനിക്കുന്നത്. ഓരാേ മഴയും മണിക്കൂറുകൾ പെയ്താണ് തോരുന്നത്. വേനൽമഴ ജില്ലയിൽ അതിതീവ്രമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. അവിചാരിതമായ മണ്ണിടിച്ചിലും പ്രളയത്തിനും ഇത് കാരണമായേക്കാമെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. വേനൽമഴയിലും പ്രളയം എന്ന പ്രകൃതിയുടെ പ്രതിഭാസത്തെ അതിശയത്തോടെ നാം വരവേൽക്കേണ്ടിയിരിക്കുന്നു.

അടുത്തിടെ വേനൽമഴ ജില്ലയിൽ ശക്തമായി പെയ്തത് ഇക്കഴിഞ്ഞ ഒൻപതിനാണ്. അയിരൂരിൽ അന്ന് മൂന്ന് മണിക്കൂറിനുള്ളിൽ 15 സെന്റിമീറ്റർ മഴയാണ് മഴമാപിനിയിൽ രേഖപ്പെടുത്തിയത്. എട്ടിന് ജില്ലയിൽ ഒൻപത് സെന്റിമീറ്റർ മഴ പെയ്തതിനു പിന്നാലെയാണ് പിറ്റേന്നും തകർത്തു പെയ്തത്. ഏപ്രിൽ മാസത്തിൽ വേനൽമഴ ലഭ്യമാണെങ്കിലും ഇത്രയും ശക്തമായത് അപൂർവമാണെന്ന് കാലാവസ്ഥാ വിഭാഗം വിലയിരുത്തുന്നു. ജില്ലയിലൊട്ടാകെ 156 ശതമാനം അധികമഴ രേഖപ്പെടുത്തിയിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന വേനൽമഴ ശക്തി പ്രാപിച്ച് രാത്രിയോടെ അവസാനിക്കുന്നു. ഇൗ കാലാവസ്ഥാ വ്യതിയാനം തുടർന്നു പോയാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയായി പത്തനംതിട്ട മാറിയേക്കാം.

തകർന്ന് കാർഷിക മേഖല

വേനൽമഴ പതിവിലും ശക്തമാവുകയും ഒഴിയാതെ തുടരുകയും ചെയ്യുന്നത് കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ കാലങ്ങളിലും പ്രളയവും വെള്ളംപ്പൊക്കം സൃഷ്ടിച്ച പ്രതിസന്ധികളെയും അതിജീവിച്ച കർഷകർ കാർഷിക മേഖലയിൽ വീണ്ടും സജീവമായപ്പോഴാണ് വേനൽ മഴ ഒഴിയാതെ നിന്ന് ചതിച്ചത്. ജില്ലയിലെ പുഞ്ചപ്പാടങ്ങളിൽ കൊയ്യാൻ പാകമായ നെൽക്കതിരുകൾ മുങ്ങിനശിച്ചു. പച്ചക്കറി കൃഷി മേഖലയിൽ വിളവെടുപ്പിന്റെയും പുതിയ വിത്ത് പാകലിന്റെയും കാലമാണിത്. മൂന്നുദിവസം തുടർച്ചയായി വേനൽമഴ പെയ്തതോടെ നെൽകൃഷി രംഗത്ത് മാത്രം 36ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. പച്ചക്കറി, റബർ, മറ്റ് നാണ്യവിളകൾ എന്നിവയിലെ നഷ്ടം കൂടി ചേരുമ്പോൾ 1.30കോടിയോളം വരും. ആയിരത്തിലേറെ കുലവാഴകൾ കാറ്റിലും മഴയിലും മറിഞ്ഞ് കൂമ്പുകുത്തി. ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ ജില്ലയിൽ വേനൽമഴ കെട‌ുതി വിതച്ചതുമൂലം 3.86കോടി രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്.

തോരാമഴ അപ്പർകുട്ടനാട്ടിലെ ജനജീവിതം കൂടി ദു:സഹമാക്കി. ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴ എല്ലാക്കാലത്തും അപ്പർകുട്ടനാട്ടുകാരുടെ ജീവിതം താറുമാറാക്കിയിട്ടുണ്ട്. പരിഹാരമില്ലാത്ത പ്രശ്നമായി അത് അവശേഷിക്കുകയാണ്. മഴയിലും കാറ്റിലും വൈദ്യുതി, റോഡ് ബന്ധം കൂടി ഇല്ലാകുന്നതോടെ ഒറ്റപ്പെട്ട തുരുത്തുകളിൽ ജനജീവിതം കുടുങ്ങിപ്പോകുന്നു. മലയോര മേഖലയിലെ വെള്ളം കൂടി ഒഴുകിച്ചേരുന്ന അപ്പർ കുട്ടനാട് കഴിഞ്ഞ മഴക്കാലത്തിന് ശേഷമുള്ള ദുരിതത്തിൽ നിന്ന് സാധാരണ നില കൈവരിച്ചിട്ട് അധികനാളായില്ല.

കാലാവസ്ഥ മാറിയിട്ടും

മാറ്റമില്ലാ കൃഷിരീതികൾ

കേരളത്തിന്റെ കാലാവസ്ഥയിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിട്ട് അഞ്ച് വർഷത്തിലേറെയായി. 2018 ലെയും 19 ലെയും പ്രളയങ്ങളും വേനൽ മഴയിലെ മാറ്റവും പുതിയ കൃഷിരീതികൾ ആവിഷ്കരിക്കേണ്ട സമയം എത്തിയെന്ന് ഒാർമ്മിപ്പിക്കുന്നതാണ്. അതിവേഗം മാറുന്ന പ്രകൃതി പ്രതിഭാസങ്ങൾക്കനുസരിച്ച് കാർഷിക മേഖലയെ പുതുക്കുന്നതിന് സർക്കാർ ക്രിയാത്മക നട‌പടികളിലേക്ക് കടക്കേണ്ടതുണ്ട്. നെൽകൃഷിയിൽ കുറഞ്ഞകാലം കൊണ്ട് വിളയുന്ന മണിരത്ന വിത്ത് പരീക്ഷണ അടിസ്ഥാനത്തിൽ മാത്രമാണ് ഇപ്പോഴും പുഞ്ചപ്പാടങ്ങളിൽ വിതയ്ക്കുന്നത്. ഇത് കൂടുതൽ പാട‌ങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. പച്ചക്കറി മേഖലയിൽ സ്വയംപര്യാപ്തതയ്ക്ക് ശ്രമിക്കുന്ന സർക്കാർ കാലാവസ്ഥാ മാറ്റത്തിനൊത്ത് പുതിയ കൃഷിരീതി വികസിപ്പിച്ചെടുക്കുകയും കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യണം. കാലവർഷക്കെടുതിയിൽ കൃഷി നശിക്കുമ്പോൾ കണക്കെടുത്ത് നഷ്ടപരിഹാരം നൽകാൻ കോടികൾ ചെലവഴിക്കുന്ന സർക്കാർ കാർഷിക മേഖലയിലെ പുതിയ പരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകണം. ഇല്ലെങ്കിൽ പാടത്തും പറമ്പിലും കൃഷി ചെയ്യാനാളുണ്ടാവില്ല. വേനലിൽ വെള്ളമില്ലാതെയും മഴക്കാലത്ത് വെള്ളം പൊങ്ങിയും കൃഷി തുടർച്ചയായി നശിച്ചുകൊണ്ടിരുന്നാൽ നാടിന്റെ കാർഷികസംസ്കാരം അപ്രത്യക്ഷമാകും. പുതിയ തലമുറയ്ക്ക് കൃഷി കൗതുകകാഴ്ചയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMHITTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.