കോഴിക്കോട്: കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഡിസൈൻ ചെയ്ത ആർകിടെക്ട് നിമിഷ ഹക്കീമിന് ദേശീയ പുരസ്കാരം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസൈൻ ആശ്രം കൺസൽട്ടൻസിലെ പ്രിൻസിപ്പൽ ആർകിടെക്ടാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ആർകിടെക്ടിന്റെ സാമുഹിക പ്രതിബദ്ധതയുള്ള ആർകിടെക്ചർ വിഭാഗത്തിൽ മികച്ച രൂപകൽപ്പനയ്ക്കുള്ള അവാർഡിനാണ് നിമിഷ അർഹയായത്. ഗോവയിലെ പഞ്ചിമിൽ നടന്ന ഗാല അവാർഡ് ദാന ചടങ്ങിൽ നിമിഷ അവാർഡ് ഏറ്റുവാങ്ങി. പ്രമുഖ ആർകിടെക്ട് ബ്രിജേഷ് ഷൈജലിന്റെ ഭാര്യയാണ്. കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുനഃരുജ്ജീവനത്തിനും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയതിനും നിമിഷ ഹക്കീമിന്റെ മികച്ച രൂപകല്പന ഗുണപ്രദമായെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി.
കുട്ടികളില്ലാതെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിയതായിരുന്നു കാരപ്പറമ്പ് സ്കൂൾ. മുൻ എം.എൽ.എ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രിസം പദ്ധതിയിലുൾപ്പെടുത്തിയാണ് സ്കൂൾ പുനഃരുദ്ധരിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ ഈ പദ്ധതി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ആർകിടെക്ട് കോഴിക്കോട് ഘടകം ഏറ്റെടുക്കുകയും ഡിസൈൻ ചുമതലകൾ ഡിസൈൻ ആശ്രം കൺസൽട്ടൻസിയെ ഏൽപ്പിക്കുകയുമായിരുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള മികച്ച ക്ലാസ് മുറികൾ, ലാബോറട്ടറി, കളിസ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ, ലൈബ്രറി, കഫെറ്റീരിയ എന്നിവയോടെ നിർമ്മിച്ച കാരപ്പറമ്പ് സ്കൂൾ ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളോട് കിടപിടിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |