ആലപ്പുഴ: സർക്കാരിനെയും പൊലീസിനെയും അറിയിച്ചിട്ടല്ല ഇരട്ട കൊലപാതകം നടത്തിയവർ അക്രമം നടത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ആലപ്പുഴയിൽ എത്തിയതായിരുന്നു അദ്ദേഹം.
എല്ലാ വിഷയങ്ങളിലും സർക്കാരിനെ വിമർശിക്കുന്ന നയമാണ് പ്രതിപക്ഷ നേതാവിന്റേത്. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുകയുമാണ് യു.ഡി.എഫ് ചെയ്യുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ല അടിച്ചമർത്തുകയാണ് സർക്കാർ നയം. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിൽ അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. വർഗീയ സംഘടനകളെ ഒറ്റപ്പെടുത്താൻ പൊതുസമൂഹവും മാദ്ധ്യമങ്ങളും തയ്യാറാകണം.
പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലാളികൾ നടത്തുന്ന സമരങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ല. ചർച്ചയിലൂടെ തെറ്റും ശരിയും വേർതിരിച്ച് സർക്കാർ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |