SignIn
Kerala Kaumudi Online
Friday, 26 April 2024 4.17 PM IST

സെമിനാറിന്റെ നാനാവിധ ഗുണങ്ങൾ

seminar

സെമിനാർ എന്ന സൂത്രം കണ്ടുപിടിച്ച വിദ്വാനെ സമ്മതിക്കണം. ഭാവിയിൽ ഇത്രയേറെ സാദ്ധ്യതകൾ പൊട്ടിവിരിയും എന്നറിഞ്ഞിട്ടാണോ പാവം ഈ വിദ്യ ആവിഷ്കരിച്ചത്? സെമിനാർ നടത്തി ലോകസമാധാനം കൊണ്ടുവരാമെന്ന് ഈയിടെ മനസിലായി. സെമിനാർ കൊണ്ട് ഉപജീവനത്തിന് വഴിയുണ്ടാക്കാമെന്നും ബോധവൽക്കരണത്തിന്റെ പേരുപറഞ്ഞ് വേണ്ടത്ര ഫണ്ട് പുട്ടടിച്ച് തീർക്കാമെന്നും പണ്ടേ നമ്മൾ കണ്ടെത്തിയതാണ്. തോമസ് ഐസക്കിന്റെ കാഞ്ഞബുദ്ധിയിൽ വിരിഞ്ഞ ജനാകീയാസൂത്രണം നാടുനാടാന്തരം പൂത്തു തഴച്ചത് സെമിനാറുകളിലൂടെയാണല്ലോ?

സകലമാന കടുക്കാ സിറ്റികളിലും റോഡുവക്കിലും ബാനറും ഫ്ളക്‌സും വയ്‌ക്കാം. നോട്ടീസടിക്കാം. മൈക്ക് അനൗൺസ്‌മെന്റ് നടത്താം. കുറച്ച് കലാകാരന്മാർക്ക് തൊഴിൽ കിട്ടും. നാടൻ ബുദ്ധിജീവി രാഷ്ടീയക്കാർക്ക് കവലകളിൽ വികസന സെമിനാർ നടത്തി അഹോരാത്രം പ്രസംഗിക്കാം. എൽ.പി സ്കൂൾ ഹാൾ, പാരിഷ് ഹാൾ, മദ്രസ, ദേവസ്വം ഹാൾ - എവിടെയും സെമിനാർ നടത്താം. വേദിയിൽ പ്രസംഗങ്ങളുടെ റിലേ മത്സരം കൊഴുക്കുമ്പോൾ ചായയുടെയും പരിപ്പുവടയുടെയും പ്രത്യാശയിൽ സദസ്യർ അക്ഷമരാകുന്നുണ്ടാകാം. സദസ്യർ ന്യൂനപക്ഷമായാലും സെമിനാർ പരാജയപ്പെടില്ല.

ബ്രാഞ്ചു സമ്മേളനമോ, മണ്ഡലം കൺവെഷൻനോ എന്തായാലും മേൽമുണ്ടു പോലെ ഒരു സെമിനാർ കൂടിയുണ്ടെങ്കിൽ കേമമായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സെമിനാറിന്റെ പ്രസക്തി എന്നൊരു വിഷയം തന്നെ കൊണ്ടുവരാം. അത്രയ്‌ക്ക് അനന്തമാണ് സെമിനാർ സാദ്ധ്യതകൾ. യു.ജി.സി ഫണ്ടുകൾ ഒഴുകിത്തുടങ്ങിയതോടെ കലാലയ - യൂണിവേഴ്സിറ്റി സെമിനാറുകൾക്ക് പഞ്ഞമില്ലാതായി. എല്ലാം അന്താരാഷ്ട്ര സെമിനാറുകൾ. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഗവേഷണങ്ങൾ പോലെ സെമിനാർ കമ്പവും റിട്ടയർ ചെയ്ത പ്രൊഫസർമാർക്ക് പരസ്പര സഹായ സഹകരണം നേരമ്പോക്ക്. ലക്ഷങ്ങളും കോടികളും പൂത്തിരി കത്തിക്കാവുന്ന ഒരിനം. കശുഅണ്ടിപ്പരിപ്പ് കൊറിച്ച് വിദഗ്ദ്ധരും ബിരിയാണിയെ ധ്യാനിച്ച് ഗവേഷക വിദ്യാത്ഥികളും! അടച്ചിട്ട് ശീതീകരിച്ച മുറിയിൽ ചർച്ചചെയ്ത് ക്ഷീണിക്കുന്നത് പതിവുകാഴ്ച. നഷ്ടം യു.ജി.സിയ്ക്കും വിദ്യാർത്ഥികൾക്കും മാത്രം. പിറ്റേന്ന് പത്രത്തിൽ വാർത്ത വായിച്ച് പൊതുജനം കോരിത്തരിച്ചോളും.

കോടികൾ പൂത്തിരി കത്തിക്കുന്ന ഫൈവ് സ്റ്റാർ സെമിനാറുകളിൽ സാധാരണ പൗരന്മാർക്ക് പ്രവേശനമുണ്ടായെന്നു വരില്ല. പൗരമുഖ്യന്മാർക്കാണ് സ്വാഗതം. ലോക കേരള സഭ, നിക്ഷേപ സംഗമം എന്നൊക്കെപ്പറഞ്ഞാൽ അത് ലെവലൊന്നു വേറെ. നടത്തുന്നവർക്കും വേദിയൊരുക്കുന്നവർക്കും ഡെലിഗേറ്റുകൾക്കും വിദഗ്ദ്ധർക്കും കോളടിക്കും. എന്തു ഫലം എന്നുമാത്രം ചോദിക്കരുത്.

ഒറ്റ സെമിനാർ കൊണ്ട് കോളടിച്ച കെ.വി. തോമസ് മാഷെ നോക്കൂ. കുമ്പളങ്ങിക്കാരുടെ നർമ്മബോധത്തെ പുസ്തകമാക്കിയ രസതന്ത്രം തോമസ് മാഷ്‌ടെ ഇഷ്ടവിനോദങ്ങളിൽ ഒന്നുമാത്രം. കണ്ണുകാണിച്ചാൽ ചാടിപ്പോരുന്ന മീനാണ് എന്നൊക്കെ ഉപമിക്കുന്നത് അസൂയക്കാർ മാത്രം. പണ്ട് സേവ്യർ അറയ്‌‌ക്കലിനെ സി.പി.എം സ്വതന്ത്രനാക്കി കളത്തിലിറക്കി തോമസ് മാഷെ മലർത്തിയടിച്ച ചരിത്രമൊക്കെ പോട്ടെ. തിരുതയ്‌ക്ക് കോൺഗ്രസ് രാഷ്ട്രീയത്തിലെ സ്വാധീനമുണ്ടെന്ന് പ്രചാരപ്പെട്ടത് ഒരു സെമിനാറിലൂടെയാണല്ലോ‌? രണ്ടുദിവസം മാദ്ധ്യമങ്ങൾക്ക് വിഭവമൊരുക്കിയ സെമിനാറിൽ എന്താണ് സംഭവിച്ചതെന്നു മാത്രം പുറം ലോകം അറിഞ്ഞില്ല.

ഒരു സെമിനാറിലൂടെ വന്ന് മറ്റൊരു സെമിനാറിലൂടെ പുറത്തായ ചെറിയാൻ ഫിലിപ്പിന്റെ ചരിത്രം ആവർത്തിക്കാതിരിക്കട്ടെ. ക്യാബിനറ്റ് റാങ്കിൽ വിലസാൻ പറ്റിയ ചില കസേരകൾ ഒഴിവുണ്ട്. മധുവിധുകാലം അല്ലലില്ലാതെ കഴിയാനാവട്ടെ. കാലാകാലങ്ങളായി തോമസ് മാഷ്‌‌ക്കെതിരെ സി.പി.എം ആരോപിച്ചു പോരുന്ന സകലമാന ആക്ഷേപങ്ങളും ഈ സെമിനാറോടെ റദ്ദാക്കിയിരിക്കുന്നു. ഫ്രഞ്ച് ചാരക്കേസ്, ഏറിയൽ ഷാരോണിന് ഉപഹാരവുമായിപ്പോയത്, അവിഹിത സ്വത്തുസമ്പാദനം - എല്ലാം ആവിയായിപ്പോയി!

കോൺഗ്രസ് പാർട്ടിയെ കുറേശ്ശേ പാർട്ടി കോൺഗ്രസായി മതം മാറ്റുന്ന അടവുനയത്തിൽ ആറാടിയതോടെ, ഒറ്റസെമിനാറിൽ മുങ്ങിനിവർന്നപ്പോഴേക്കും സകലമാന പാപങ്ങളും കളങ്കങ്ങളും വിട്ടകന്ന് മാഷ് പുരോഗമന കുട്ടപ്പനായി തരപ്പെട്ടാൽ ഭാവിയിൽ പാർട്ടി ഓഫീസിൽ ചില്ലിട്ടുതൂക്കുന്ന പുണ്യാളന്മാരുടെ നിരയിലേക്കും ഉയർത്തപ്പെട്ടുകൂടെന്നില്ല. ഒരു സെമിനാർ കൊണ്ട് ഇത്രയൊക്കെ ഗുണമുണ്ടായാൽ പോരേ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SEMINAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.