കോട്ടയം . 80 രൂപ മുടക്കാമോ...കായലിന്റെ ഓളപ്പരപ്പിലൂടെ പാതിരാമണലിലേക്ക് ഒരു യാത്ര പോകാം. ജല ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് മുഹമ്മയിൽ നിന്ന് പാതിരാമണൽ സന്ദർശിക്കുന്നതിനായി ബോട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത്. വേമ്പനാട്ട് കായലിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പാതിരാമണൽ ദ്വീപ് സഞ്ചാരികളുടെ മനംകവരും. വിവിധ ഇനം ദേശാടന പക്ഷികളും, പച്ചപ്പ് നിറഞ്ഞതുമായ ദ്വീപ് കാണാൻ നിരവധി ടൂറിസ്റ്റുകളാണ് ദിനംപ്രതി എത്തുന്നത്. എന്നാൽ 1000 രൂപ മുടക്കി സ്വകാര്യ ബോട്ടുകളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. നിരക്ക് കൂടുതലായിതിനാൽ പലരും നിരാശരായി മടങ്ങുന്നതും നിത്യകാഴ്ചയായിരുന്നു. ഇവർക്കായി സുവാർണാവസരമാണ് ജലഗതാഗത വകുപ്പ് ഒരുക്കുന്നത്. മുഹമ്മയിൽ നിന്ന് രാവിലെ 10 30നും 11 45 നും , കുമരകത്ത് നിന്ന് രാവിലെ 11 നുമാണ് ബോട്ടുകൾ സർവീസ് ആരംഭിക്കുന്നത്. രണ്ട് മണിക്കൂറോളം യാത്രക്കാർക്ക് ദ്വീപിൽ ചെലവഴിക്കുന്നതിനുള്ള അവസരമുണ്ട്. തിരികെ മുഹമ്മ, കുമരകം എന്നിവിടങ്ങളിൽ എത്തിക്കും. അവധിക്കാലമായതിനാൽ നിരവധിപ്പേർ എത്തുന്നുണ്ടെന്ന് സ്രാങ്ക് അസോസിയേഷൻ രക്ഷാധികാരി ആദർശ് കുപ്പപ്പുറം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |