SignIn
Kerala Kaumudi Online
Saturday, 27 April 2024 4.52 AM IST

യുവജനരംഗത്ത് നിന്നാരംഭിച്ച അടുപ്പം

cherunniyoor-p-sasidharan

1968ൽ കെ.എസ്.വൈ.എഫ് രൂപീകരിച്ച കാലത്ത് ജില്ലയിലെ ആദ്യത്തെ സെക്രട്ടറിയായിരുന്നു ചെറുന്നിയൂർ പി. ശശിധരൻ നായർ. വി.ജി. ഗോവിന്ദൻ നായർ ആയിരുന്നു അതിന്റെ പ്രസിഡന്റ്. ഞാൻ അന്ന് ജോയിന്റ് സെക്രട്ടറിയായിരുന്നു. യുവജന രംഗത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. 1970ൽ തൃശൂരിൽ വച്ച് കെ.എസ്.വൈ.എഫിന്റെ സമ്മേളനം കൂടിയപ്പോൾ കുറച്ചുകൂടി മുതിർന്നവരായതിനാൽ അവർ സ്ഥാനമൊഴിഞ്ഞു. ഞാൻ സംഘടനാരംഗത്ത് തുടർന്നു.

എ.കെ.ജിയുടെ ഏറ്റവും അടുത്ത ആളായിരുന്നു ചെറുന്നിയൂർ. എ.കെ.ജിയുടെ മുടവൻമുഗൾ സമരകാലത്തൊക്കെ ഒപ്പം നടന്നു. കോടതി വരാന്തയിലും ഒപ്പം ഉണ്ടായിരുന്ന ആളായിരുന്നു ചെറുന്നിയൂർ. എ.കെ.ജിയുടെ മിച്ചഭൂമി സമരകാലത്ത് അദ്ദേഹം അഭിഭാഷകനായി ഉയർന്നുവന്നിട്ടില്ല. അന്ന് പിരപ്പൻകോട് ശ്രീധരൻ നായരൊക്കെയുണ്ടല്ലോ. അവരുടെയൊക്കെ കൂടെനിൽക്കുമായിരുന്നു. ഇപ്പോൾ വി.എസ്. അച്യുതാനന്ദന്റെ കേസുകൾ മുഴുവൻ നോക്കുന്നതും ചെറുന്നിയൂരാണ്. വി.എസിന്റെ മിക്കവാറും എല്ലാ കേസുകളും വി.എസിന്റെ നിയമോപദേഷ്ടകനായി പ്രവർത്തിച്ചുവന്നതും ചെറുന്നിയൂർ ആയിരുന്നു. എന്നോട് വൈകാരികമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് അദ്ദേഹം.

പിരപ്പൻകോട് ശ്രീധരൻ നായരുടെ പേരിൽ പിരപ്പൻകോടൻ ഫൗണ്ടേഷൻ എന്ന പേരിൽ ഞങ്ങൾ ഒരു സംഘടന ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് ഞാനും വൈസ് പ്രസിഡന്റ് ചെറുന്നിയൂരും ആണ്. അതിന്റെ സെക്രട്ടറി എം.എസ്. മധു എന്നൊരാളാണ്. ഞങ്ങൾ അവിടെ ഒരു കാർഷികോത്‌പാദന കമ്പനിയുണ്ടാക്കിയിട്ടുണ്ട്. പിരപ്പൻകോടൻ മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന പേരിൽ ചാരിറ്റി ആശുപത്രി പ്രവർത്തിച്ചുവരുന്നുണ്ട്. അതിന്റെ രക്ഷാധികാരിയാണ് ചെറുന്നിയൂർ. കിടപ്പുരോഗികളെ പോയി ചികിത്സിക്കാനായി രണ്ട് എം.ബി.ബി.എസ് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും നിയമിച്ചുകൊണ്ട് പിരപ്പൻകോട് ശ്രീധരൻനായരുടെ ജന്മസ്ഥലമായ വേളാവൂരിലാണ് ഈ ക്ലിനിക്ക് സ്ഥാപിച്ചത്. അതിന്റെ സജീവപ്രവർത്തനത്തിൽ ഏർപ്പെട്ട് വരികയായിരുന്നു ചെറുന്നിയൂർ. ചെറുന്നിയൂരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഞങ്ങളൊക്കെ ഇതുസംബന്ധിച്ച കാര്യങ്ങൾ ചെയ്യുന്നത്.

പിരപ്പൻകോടൻ ഫൗണ്ടേഷന്റെ പേരിൽ ഒരു നിയമസഹായ സമിതി ഉണ്ടാക്കാനും ഞങ്ങൾ തീരുമാനിച്ചു. അതിന്റെ ചെയർമാനും ചെറുന്നിയൂരാണ്. കെ.പി. രണദിവെ തുടങ്ങിയ ചെറുപ്പക്കാരൊക്കെയാണ് അതിനകത്ത്. എന്റെ എല്ലാ നാടകങ്ങൾക്കും അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും സഹായവും ഉണ്ടായിട്ടുണ്ട്. പിരപ്പൻകോട് ശ്രീധരൻ നായരുടെ ഏറ്റവും വിശ്വസ്തനായ അനുയായി ആയിരുന്നു ചെറുന്നിയൂർ. അഭിഭാഷകരെന്ന നിലയ്ക്കുള്ള ബന്ധം കൂടിയുണ്ട് അവർ തമ്മിൽ. രാഷ്ട്രീയഗുരു എന്ന നിലയ്ക്കാണ് പിരപ്പൻകോട് ശ്രീധരൻനായരോട് ഞാൻ അടുപ്പം പുലർത്തിപ്പോന്നത്. ഞങ്ങൾ രണ്ടുപേരും അങ്ങനെ പിരപ്പൻകോടന്റെ അനുയായികളായി. സത്യസന്ധനായ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനായിരുന്നു ചെറുന്നിയൂർ പി. ശശിധരൻ നായർ. അദ്ദേഹം നിയമകാര്യങ്ങളിൽ വ്യാപൃതനായി നീങ്ങിയതുകൊണ്ടുതന്നെ യുവജനസംഘടനാ കാലത്തിന് ശേഷം രാഷ്ട്രീയസംഘടനാരംഗത്ത് ഞങ്ങൾക്ക് അധികം ഒരുമിച്ച് പ്രവർത്തിക്കാനായിട്ടില്ല. പക്ഷേ മറ്റ് പല നിലയ്ക്കുമുള്ള ഇഴയടുപ്പം ഞങ്ങളെ ഒരുമിച്ച് നടത്തി.

(കവിയും നാടകകൃത്തും മുതിർന്ന സി.പി.എം നേതാവുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERUNNIYOOR P SASIDHARAN NAIR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.