SignIn
Kerala Kaumudi Online
Friday, 26 April 2024 11.23 PM IST

ഡോ. ജെ. ഗൗരിക്കുട്ടിയമ്മ വിടപറയുമ്പോൾ

gourikutty

ഗൗരിക്കുട്ടി ടീച്ചറെ പരിചയപ്പെടുന്നത് ഗവൺമെന്റ് ട്രെയിനിംഗ് കോളേജിൽ ഞാൻ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുമ്പോഴാണ്. ടീച്ചറിന്റെ ഏക സഹോദരൻ എസ്. നടരാജനെയും സഹോദരി ജെ. ലളിതാംബികയെയും അറിയാമായിരുന്നു.

സ്റ്റാഫ് റൂമിൽ എനിക്കു ഒരു കൂട്ടുകാരി ഉണ്ടായത് ഗൗരിക്കുട്ടി ടീച്ചർ വന്നതിനുശേഷമാണ്. (അന്നത്തെ സംസ്കൃതം അദ്ധ്യാപിക പ്രൊഫ. സി. പദ്‌മാവതിഅമ്മ, ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി ചന്ദ്രികാനാരായണൻ തുടങ്ങിയവർ ക്രമേണ ഉറ്റ സുഹൃത്തുക്കളായത് മറന്നിട്ടില്ല).

മാതൃകാദ്ധ്യാപിക. മര്യാദാസരളമായ സംഭാഷണം. ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെ മുന്നോടിയായ രൂപരേഖകളും ബ്ളൂ പ്രിന്റും ചോദ്യങ്ങളും എല്ലാ ഓപ്‌ഷണൽ അദ്ധ്യാപകർക്കും മനസിലാക്കി കൊടുത്തിരുന്നത് ഞാനോർക്കുന്നു.

കവിതയും സംഗീതവും നൃത്തവും നാടകവും ടീച്ചർക്കു വീട്ടിൽ നിന്നേ ലഭിച്ചതായിരുന്നു. രംഗോത്സവ് എന്ന പേരിൽ ഇന്റർ കൊളീജിയറ്റ് യൂത്ത് ഫെസ്റ്റിവൽ സംസ്ഥാനത്തെ ട്രെയിനിംഗ് കോളേജുകൾ സംഘടിപ്പിച്ചപ്പോൾ തൈക്കാട് ട്രെയിനിംഗ് കോളേജിലെ ആൺകുട്ടികൾ ഗ്രൂപ്പ് ഡാൻസിനു സമ്മാനം നേടിയതും സംഘഗാനത്തിനും കവിതാലാപനത്തിനും മുൻപന്തിയിലെത്തിയതും പ്രധാനമായും ഗൗരിക്കുട്ടി ടീച്ചറിന്റെ നേതൃത്വത്തിലായിരുന്നു. വിനോദയാത്രകൾ നടത്തുമ്പോൾ കുട്ടികൾക്ക് പാടാനായി എത്രയോ പാട്ടുകൾ ടീച്ചർ എഴുതി കൊടുക്കുമായിരുന്നു.

കേരളത്തിലെ എല്ലാ ട്രെയിനിംഗ് കോളേജുകളിലും ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീതസഭയുടെ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കുള്ള ഇൻ സർവീസ് കോഴ്സുകളിലെ ഒഴിവാക്കാനാവാത്ത ട്രെയ്‌നർ ആയിരുന്നു.

വായനയുടെ കാര്യത്തിലും ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഇംഗ്ളീഷും മലയാളവും ടീച്ചർ നന്നായി വായിക്കുമായിരുന്നു. ഞാൻ വായിച്ചിട്ടുള്ള മിക്ക പുസ്തകങ്ങളും ഞങ്ങൾ പരസ്പരം ചർച്ചചെയ്തു രസിച്ചു.

വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നല്ല മാർഗത്തിലേക്ക് സ്വാധീനിച്ച ഉത്തമസുഹൃത്താണ് എനിക്ക് ഗൗരിക്കുട്ടി ടീച്ചർ. ഭർത്താവ് ഡോ. രാമചന്ദ്രൻനായർ എനിക്കു ജ്യേഷ്ഠ സഹോദരൻ - ചിത്രലേഖ ടീച്ചർ (രാമചന്ദ്രൻനായരുടെ സഹോദരി ) എനിക്കു സഹോദരി. ലളിതാംബിക ഐ. എ.എസ് സഹോദരീ തുല്യ. ടീച്ചറിന്റെ രണ്ടുമക്കളും കുടുംബവും എന്റെ ബന്ധുക്കൾ.

ഞങ്ങളുടെ വളരെയധികം അദ്ധ്യാപക വിദ്യാർത്ഥികൾ എനിക്ക് അയച്ചുതന്ന സ്മരണാഞ്ജലികൾ പരേതയുടെ ചുറ്റും പ്രാർത്ഥനകളായി ഭവിക്കട്ടെ. അഭിജാതമായ വ്യക്തിത്വം, കുലീനമായ സമീപനങ്ങൾ സ്നേഹമസൃണമായ പെരുമാറ്റം, ആത്മാർത്ഥമായ പഠനചര്യകൾ, എന്നും നീട്ടിയ സഹായഹസ്തങ്ങൾ, ഞങ്ങളുടെ അദ്ധ്യാപിക എന്ന മുദ്ര, നല്ല പേരോടെ ഗൗരിക്കുട്ടി ടീച്ചർ അരങ്ങൊഴിയുന്നു.

ഞങ്ങളുടെ വിദ്യാർത്ഥികളോടൊപ്പം ഞാനും എന്റെ അഭിവന്ദ്യ സുഹൃത്തിന് വിടപറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR J GAURI KUTTIYAMMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.