SignIn
Kerala Kaumudi Online
Friday, 26 April 2024 8.48 PM IST

കുടിയേറ്റ തൊഴിലാളികളുടെ വേതനമോഷണം യു.എൻ ചർച്ച ചെയ്യുമ്പോൾ

stealing

ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ലംഘനങ്ങളോടൊപ്പം കുടിയേറ്റ തൊഴിലാളികൾ (പ്രവാസി) നേരിടുന്ന വേതന മോഷണവും ചർച്ച ചെയ്യാൻ തയ്യാറെടുക്കുകയാണ്. ന്യൂയോർക്കിൽ മെയ് 17 നും 20 നും ഇടയ്ക്ക് ചേരുന്ന ഐക്യരാഷ്ട്രസഭയാണ് വേതനമോഷണം ചർച്ച ചെയ്യുന്നത്. അതിന് മുന്നോടിയായി നടത്തിവരുന്ന ഇന്റർനാഷണൽ മൈഗ്രേഷൻ റിവ്യൂ ഫോറത്തിന്റെ പുരോഗതി പ്രഖ്യാപന രേഖയിൽ (Progress Declaration) വേതനമോഷണം ഇടംപിടിച്ചിട്ടുമുണ്ട്.

എന്താണ് വേതനമോഷണം ?

ഒരു കുടിയേറ്റ തൊഴിലാളിക്ക് താൻ തൊഴിലെടുത്ത രാജ്യത്തുനിന്നും മടങ്ങേണ്ടി വരുമ്പോൾ അത്രയും കാലം ജോലി ചെയ്‌തതിന്റെ പ്രതിഫലവും തൊഴിൽ ആനുകൂല്യങ്ങളും പൂർണമായും ലഭിക്കാതെ വരുന്ന അവസ്ഥയാണ് വേതന മോഷണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അമേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും വേതനമോഷണം തൊഴിലുടമയ്‌ക്കെതിരെ ക്രിമിനൽ കേസെടുക്കാവുന്ന കുറ്രമാണ്. എന്നാൽ ഏഷ്യൻ - മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ( ഇന്ത്യയിൽ ഉൾപ്പെടെ) വേതനമോഷണത്തെ നിസാരവത്കരിക്കുന്ന സാഹചര്യമാണ് നിലനില്‌ക്കുന്നത്.

വേതനമോഷണവും ഇന്ത്യക്കാരും
വേതന മോഷണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. കാരണം ലോകത്ത് കുടിയേറ്റത്തൊഴിലാളികളുടെ എണ്ണത്തിൽ മുൻപന്തിയിൽ ഇന്ത്യൻ വംശജരാണ്.
ആറ് ഗൾഫ് രാജ്യങ്ങളിലും ജോർദാനിലും ലെബനനിലും ആയി 90 ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. അവരിൽ കൂടുതലും മലയാളികളുമാണ്. ഏകദശം 1.3 കോടി ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നത്.
അന്യദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ലഭിക്കേണ്ട കൂലി ലഭിക്കാതിരുന്നാൽ അയാളുടെ ജീവിതം ദുരിതപൂർണമാകും. ഒപ്പം ഈ അവസ്ഥ രാജ്യത്തെ സമ്പദ്ഘടനയെയും ദോഷകരമായി ബാധിക്കുന്നു. ഇന്ത്യയിലേക്ക് കുടിയേറ്റ തൊഴിലാളികൾ ഒരു വർഷം അയയ്‌ക്കുന്ന പണം ആറുലക്ഷം കോടിക്ക് മേൽ വരും. (ഇതിന്റെ മൂന്നിലൊന്ന് മലയാളിയാണ് അയയ്‌ക്കുന്നതെന്നും ഓർക്കണം. ) ഇന്ത്യയുടെ വിദേശനിക്ഷേപം പോലും 5.6 ലക്ഷം കോടി മാത്രമാണ് ! ആറ് ലക്ഷം കോടി കൊണ്ട് നാല് ബുർജ് ഖലീഫ പണിയാം !

ലോകത്തു തന്നെ ഏറ്റവും കൂടുതൽ റെമിറ്റൻസ് ( കുടിയേറ്റ തൊഴിലാളികൾ അയയ്‌ക്കുന്ന പണം) ലഭിക്കുന്ന രാജ്യവും ഇന്ത്യയാണ്.

എൽ.എൽ.ആറും കേരളവും
ഇന്ത്യയെ സംബന്ധിച്ച് ആറുലക്ഷം കോടി ഒരു വലിയ തുക അല്ല. എന്നാൽ കേരളത്തെ സംബന്ധിച്ച് കുടിയേറ്റ തൊഴിലാളികൾ അയയ്‌ക്കുന്ന 2.2 ലക്ഷം കോടി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയിൽ വലിയ പങ്കാണ് വഹിക്കുന്നത്. സംസ്ഥാന സമ്പദ് ഘടന അറിയപ്പെടുന്നത് എൽ.എൽ.ആർ ( LLR) എന്നാണ്. ആദ്യത്തെ 'എൽ' എന്നത് ലിക്വർ ( മദ്യം ), രണ്ടാമത്തെ 'എൽ' ലോട്ടറിയും മൂന്നാമത്തെ 'ആർ' റെമിറ്റൻസ് അഥവാ പ്രവാസി അയയ്‌ക്കുന്ന പണവുമാണ്. ഇതിൽ ഏതെങ്കിലും ഒന്നിൽ കുറവ് വന്നാൽ സംസ്ഥാന സമ്പദ് ഘടന തകിടം മറിയും. ഇവിടെയാണ് വേതന മോഷണം റെമിറ്റൻസിനെ തകിടം മറിക്കുന്നത്. ഇത് സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്നു.

1960 കൾ മുതൽ റെമിറ്റൻസ് കേരളത്തിന്റെ അവിഭാജ്യഘടകമാണ്. റെമിറ്റൻസിൽ സംഭവിക്കുന്ന കുറവ് 2030 ൽ കൈവരിക്കേണ്ട ദാരിദ്ര്യമില്ലായ്മ, മികച്ച ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, തുടങ്ങിയ 17 ലക്ഷ്യങ്ങൾ കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യത്തിന് തടസമാകും.
മലയാളികൾ കൂടുതൽ ജോലിചെയ്യുന്ന അറബ് ഗൾഫിൽ വേതന മോഷണം മുൻപും ഉണ്ടായിരുന്നു. എന്നാൽ കൊവിഡിന്റെ സമയത്ത് ഇത് വർദ്ധിച്ചു. തൊഴിലുടമകൾ കൊവിഡ് മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം ചൂണ്ടിക്കാട്ടി കുടിയേറ്റ തൊഴിലാളികൾക്ക് വേതനവും പിരിഞ്ഞുപോകുമ്പോൾ നല്കേണ്ട ആനുകൂല്യവും നല്‌കാതെ പറഞ്ഞുവിട്ടു.
ദുഃഖകരമായ അവസ്ഥ അറബ് ഗൾഫിലെ ഇന്ത്യൻ മിഷനുകൾ വേതന മോഷണം രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു എന്നതാണ്. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന കുടിയേറ്റ തൊഴിലാളികളോട് ഇന്ത്യൻ എംബസികൾ അവർക്ക് വേതനമോ ആനുകൂല്യമോ ലഭിക്കാനുണ്ടോ എന്ന് ചോദിച്ചില്ല. കൗതുകകരമെന്നു പറയട്ടെ, നേപ്പാൾ പോലെയുള്ള ചില ഏഷ്യൻ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് സംഭവിച്ച വേതന മോഷണം രേഖപ്പെടുത്തി. ഇപ്പോൾ ആ രാജ്യങ്ങൾ അവരുടെ തൊഴിലാളികളുടെ മോഷ്ടിക്കപ്പെട്ട വേതനം തിരിച്ചുപിടിക്കാനുള്ള പ്രക്രിയയിലാണ്. പശ്ചിമേഷ്യയിൽ നിന്ന് മടങ്ങിയ കേരളത്തിലെ 3,345 കുടിയേറ്റ തൊഴിലാളികൾക്കിടയിൽ സെന്റർ ഫോർ ഇന്ത്യൻ മൈഗ്രേഷൻ സ്റ്റഡീസ് ഒരു സർവേ നടത്തി.
വേതന മോഷണത്തിൽ മാത്രം 1,200 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണ്ടെത്തി.
ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ അയയ്‌ക്കുന്ന രാജ്യവും ലോകത്തിലേറ്റവും കൂടുതൽ വിദേശപണം സ്വീകരിക്കുന്ന രാജ്യവും ആയതിനാൽ, വിദേശത്തുള്ള ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതനം ഇനി മോഷ്ടിക്കപ്പെടില്ലെന്ന് ഉറപ്പാക്കേണ്ടത് ഇന്ത്യാ ഗവൺമെന്റിന്റെ ഉത്തരവാദിത്വവും കടമയുമാണ്. കാരണം നഷ്ടം കുടിയേറ്റതൊഴിലാളിയുടേതു മാത്രമല്ല, ഇന്ത്യയുടേത് കൂടിയാണ് . അതുകൊണ്ട് യു.എന്നിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ മേയ് മാസത്തിലെ മീറ്റിങ്ങിൽ പങ്കെടുക്കുകയും വേതന മോഷണത്തിന് പരിഹാരമുണ്ടാക്കുന്ന പ്രക്രിയകൾ തുടങ്ങാൻ ശ്രമിക്കുകയും ചെയ്യണം.


(ലേഖകൻ കുടിയേറ്റത്തൊഴിലാളി അവകാശ പ്രവർത്തകനും റോയിട്ടേഴ്‌സ്,​ ലോകതൊഴിലാളി സംഘടന എന്നിവയുടെ ഫെലോയും ആണ്. രേഖകളില്ലാത്ത കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ലേഖകന്റെ പുതിയ പുസ്തകം അൻഡോക്യൂമെന്റഡ് പെൻഗ്വിനാണ് വിപണിയിലെത്തിച്ചത്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WAGE THEFT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.