SignIn
Kerala Kaumudi Online
Friday, 26 April 2024 7.13 PM IST

കൊല്ലരുത്, ഈ സർക്കാർ ആതുരാലയത്തെ ...

pariyaram
പരിയാരം മെഡിക്കൽ കോളേജ്

കോഴിക്കോടിന് ഇപ്പുറം കോരപ്പുഴയ്ക്ക് വടക്ക് സർക്കാർ മേഖലയിൽ ഒരു മെഡിക്കൽ കോളേജ് വേണമെന്ന അരനൂറ്റാണ്ടിലേറെ നീണ്ട കണ്ണൂരിന്റെ ആവശ്യം രണ്ടുവർഷം മുമ്പ് മാത്രമാണ് സാക്ഷാത്കരിച്ചത്. സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്താണ് സാധാരണക്കാർക്ക് ചെറിയ തോതിലെങ്കിലും വിദഗ്ധ ചികിത്സ നൽകാൻ കഴിഞ്ഞത്. മാറിമാറി വരുന്ന സർക്കാരുകൾ പരിയാരത്തിന്റെ പേരിൽ നടത്തിയ പ്രഖ്യാപനത്തിൽ തോരാമഴ പോലും തോറ്റുപോകും. പ്രഖ്യാപന പെരുമഴയല്ലാതെ ലക്ഷ്യത്തിലെത്താൻ ഈ ആശുപത്രിക്ക് കഴിഞ്ഞിരുന്നില്ല.

സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ അതല്ല സഹകരണ മേഖലയിൽ നിലനിറുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പരിയാരം സഹകരണ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനും നിലനിറുത്താനും വേണ്ടിയുള്ള പോരാട്ടങ്ങൾ കണ്ണൂരിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ സമാധാനം കെടുത്തിയ ചരിത്ര സംഭവങ്ങളായിരുന്നു.

സി. എം.പി നേതാവും മുൻമന്ത്രിയുമായ എം.വി. രാഘവന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിയാരം മെഡിക്കൽ കോളേജിനെ ചൊല്ലി ചോരവീണ സമരങ്ങൾ നിരവധി. കൂത്തുപറമ്പിൽ അഞ്ച് യുവാക്കൾ വെടിയേറ്റു മരിച്ചതും പരിയാരം മെഡിക്കൽ കോളേജിന്റെ വിവാദ സമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ കോളേജ് ഉദ്ഘാടനം അനുവദിക്കില്ലെന്ന വാശിയുമായി ഒരു സംഘം രംഗത്തുവന്നു. കേന്ദ്ര,​ സംസ്ഥാനമന്ത്രിമാരെ നിലം തൊടീക്കില്ലെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ 1995 ൽ ഉദ്ഘാടനത്തിന് അന്നത്തെ കേന്ദ്രആരോഗ്യമന്ത്രി എ. ആർ. ആന്തുലെയെ ഹെലികോപ്റ്ററിൽ കോളേജിന്റെ മുകളിലെത്തിക്കുകയായിരുന്നു . അങ്ങനെ നിരവധി പോരാട്ടങ്ങൾക്ക് മുകളിൽ കെട്ടിപ്പൊക്കിയ ആശുപത്രി സർക്കാർ ഏറ്റെടുത്തതോടെ കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. രോഗിക്കാണോ,​ അതോ ആശുപത്രി ജീവനക്കാർക്കോ ആർക്കാണ് വിദഗ്ധ ചികിത്സ വേണ്ടതെന്നാണ് ഇപ്പോൾ ഈ നാട് ചോദിക്കുന്നത്.

സ്വകാര്യ ആശുപത്രി ഉടമകളിൽനിന്ന് വൻതുക വാങ്ങി മെഡിക്കൽ കോളേജിനെ കുളിപ്പിച്ചു കിടത്താനാണ് അവിടുത്തെ ജീവനക്കാർ തന്നെ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കാത്ത് ലാബിനെ മുതൽ മോർച്ചറിയിലെ ഫ്രീസറിനെ വരെ ജീവനക്കാർ കഴുത്ത് ഞെരിച്ച് കൊന്നിരിക്കുകയാണ്.

കാത്ത് ലാബ് കേടുവരുത്തിയ സംഭവത്തിൽ ഒടുവിൽ പൊലീസിന് കേസെടുക്കേണ്ടി വന്നതും ജനത്തെ അത്ഭുതപ്പെടുത്തുന്നു !മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി.

ഏഴരക്കോടിയോളം രൂപ ചെലവിൽ സ്ഥാപിച്ച യന്ത്രത്തിന് കേടുവരുത്തിയതായും ഇതുകാരണം 10 ലക്ഷത്തോളം നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു. അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

യന്ത്രം കേടുവരുത്തിയ സംഭവത്തിൽ സ്ഥാപനം അന്വേഷണ കമ്മിഷനെ നിശ്ചയിച്ചിരുന്നു. കോളജുതല അന്വേഷണകമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച പ്രിൻസിപ്പൽ ഡോ:കെ.അജയകുമാറിന് സമർപ്പിച്ചിരുന്നു. അന്വേഷണത്തിൽ കാത്ത് ലാബിന് കേടുപാടുകൾ കണ്ടെത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല. പൊലീസിൽ പരാതി നൽകി തുടരന്വേഷണം വേണമെന്ന കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.

മെഡിക്കൽ കോളജ് അധികൃതർ നിയോഗിച്ച ആറ് ഡിപ്പാർട്ട്‌മെന്റ് തലവന്മാർ അടങ്ങുന്ന അന്വേഷണ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഫൈബർ ഉപയോഗിച്ച് നിർമ്മിച്ച കാത്ത്‌ലാബിന്റെ പുറംകവറിന് നാശം വന്നിട്ടുള്ളതായി അധികൃതർക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. 9,76,000 രൂപയുടെ നഷ്ടം വന്നതായി പ്രാഥമികമായി കണക്കാക്കിയെന്നാണ് സൂചന.

വലിയ ഭാരമുള്ളവസ്തു ഉപയോഗിച്ച് അടിച്ചാണ് കാത്ത് ലാബ് തകർത്തതെന്ന് അധികൃതർക്ക് ബോദ്ധ്യപ്പെട്ടെങ്കിലും ഇതിനു പിന്നിൽ ആരാണെന്ന് ഇപ്പോഴും തിരിച്ചറിഞ്ഞില്ല. സി.സി.ടി. വി ഉൾപ്പടെയുള്ള സംവിധാനങ്ങളുണ്ടായിട്ടും കപ്പലിലെ കള്ളനെ കണ്ടെത്താനായില്ല. ഹൃദയ പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും വേണ്ടി സ്ഥാപിച്ച അത്യാധുനിക കാത്ത് ലാബിന്റെ പുറം കവറിലെ ഗാൻഡറി ഭാഗമാണ് അടിച്ചു തകർത്തത്. പരിയാരത്തെ കാർഡിയോളജി വിഭാഗത്തിൽ മൂന്ന് കാത്ത് ലാബ് പ്രവർത്തിക്കുന്നുണ്ട്. അമിത റേഡിയേഷനുണ്ടെന്ന് വ്യാജതെളിവുണ്ടാക്കി കാത്ത്ലാബ് അടച്ചുപൂട്ടാൻ നേരത്തെ തന്നെ ഉന്നതതല ഗൂഢാലോചന നടന്നിരുന്നു.

സർക്കാർ ഏറ്റെടുത്ത ശേഷമാണ് സ്വന്തം സ്ഥാപനത്തെ തകർക്കാൻ വൻഗൂഢാലോചന ശക്തമായത്. ആശുപത്രി വികസന സൊസൈറ്റി പർച്ചേസ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരും ഇതിന് പിന്നിലുണ്ടത്രേ. കാർഡിയോളജി, ഓർത്തോപീഡിക് വിഭാഗങ്ങളിലേക്കാവശ്യമായ സ്റ്റെന്റ്, ഇംപ്ളാന്റ് തുടങ്ങിയവ ചില കമ്പനികളിൽ നിന്നു കൂടുതലായി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനു ഇവർക്ക് വൻതുക മാസപ്പടിയായി കിട്ടിയിരുന്നു. നടപടികൾ കർശനമാക്കിയതോടെ ആശുപത്രി വികസന സമിതിയുടെ വരുമാനത്തിൽ വർദ്ധനവുണ്ടായി. സ്റ്റെന്റ്, ഇംപ്ളാന്റ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചില ഡോക്ടർമാർക്കു വേണ്ടി രോഗികളെ പിടിച്ചുകൊടുക്കുന്ന നഴ്സുമാരും സാങ്കേതിക വിഭാഗം ജീവനക്കാരും ഇവിടെയുണ്ട്.

ആംബുലൻസിനു വേണ്ടി വിളിച്ചാൽ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസുകാരുടെ നമ്പർ കൊടുത്തിരുന്ന ജീവക്കാരനും പരിയാരത്തുണ്ടായിരുന്നു. ആംബുലൻസിന്റെ നിരക്ക് കുറച്ച് സർവീസ് നടത്തിയതോടെ ഈ രോഗം ഭേദമായി.

കാർഡിയോളജി വിഭാഗത്തിൽ നിന്ന് ചില നഴ്സുമാരെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചവരിൽ ഈ വിഭാഗത്തിലെ ഡോക്ടർമാരും ഉണ്ട്. ഡോക്ടർമാരുടെ തണലിൽ വർഷങ്ങളായി ഒരേവിഭാഗത്തിൽ ജോലി ചെയ്യുന്ന ചില നഴ്സുമാർക്കും മറ്റും കിട്ടിയിരുന്ന ഇൻസെന്റീവ് ഇല്ലാതാകുന്നതോടെ ഇവർ കടുത്ത പ്രതിഷേധത്തിലായി. മറ്റൊരു സർക്കാർ മെഡിക്കൽ കോളേജിലും ഇത്തരമൊരു ആനുകൂല്യം നൽകിയിരുന്നില്ല. മാത്രവുമല്ല, പരിയാരത്തെ മറ്റു ഡിപ്പാർട്ട്മെന്റുകളിലും ഇത്തരമൊരു കീഴ് വഴക്കമില്ല. അതുകൊണ്ടു തന്നെ കാത്ത് ലാബിലേക്കും കാർഡിയോളിയിലേക്കും സേവനത്തിനായി നഴ്സുമാരുടെയും ജീവനക്കാരുടെയും ഒഴുക്കാണ്. കമ്മിഷൻ വാങ്ങുന്നത് രോഗികളുടെ ജീവന് വില പറഞ്ഞാകരുതെന്ന കാര്യം ഇവർ ഓർമ്മിക്കുന്നത് നല്ലതായിരിക്കും. ആതുരാലയങ്ങളെ അറവുശാലകളാക്കുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പുകച്ച് പുറത്തുചാടിച്ച് മെഡിക്കൽ കോളേജിൽ ഒരു ശുദ്ധികലശം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ നമ്മോട് പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.