തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ അക്ഷരമാല അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും. പാഠപുസ്തകത്തിന്റെ ഒന്നാം വാല്യം വിതരണത്തിനായി സ്കൂളുകളിൽ എത്തിച്ചതിനാൽ രണ്ട് വഴി മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനു മുന്നിലുള്ളത്. രണ്ടാം വാല്യത്തിൽ അക്ഷരമാല ഉൾപ്പെടുത്തുക, കൈപ്പുസ്തകമായി പ്രത്യേകം അച്ചടിച്ച് നൽകുക. രണ്ടാം വാല്യത്തിനുള്ള പുസ്തകത്തിന്റെ മാറ്റർ അച്ചടിക്കാനായി പ്രസിൽ പോയതിനാൽ അക്ഷരമാല ഉൾപ്പെടുത്തണമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം. പ്രിന്റിംഗ് വൈകിയാൽ പാഠപുസ്തകങ്ങളുടെ വിതരണവും വൈകുമെന്നതിനാൽ അക്ഷരമാല പ്രത്യേകം പ്രിന്റ് ചെയ്ത് കുട്ടികളിൽ എത്തിക്കാനുള്ള നിർദ്ദേശമാണുള്ളത്. അന്തിമ തീരുമാനം ആയിട്ടില്ല.
ലിപി പരിഷ്കരണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് എൽ.പി പാഠപുസ്തകങ്ങളിൽ അക്ഷരമാല അച്ചടിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഈ വർഷം തന്നെ അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉണ്ടാകണമെന്നത് തന്റെ ആഗ്രഹമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |