പെരിയ: കേഡറ്റുകളുടെ വ്യക്തിത്വവികാസത്തിനും നേതൃശേഷി വർദ്ധിപ്പിക്കുന്നതിനും എൻ.സി.സിയുമായി കൈകോർത്ത് കേരള കേന്ദ്ര സർവ്വകലാശാല. പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.സി 32 കേരള ബറ്റാലിയനിലെ കേഡറ്റുകൾക്ക് വാർഷിക പരിശീലന ക്യാമ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ സർവ്വകലാശാലയിൽ പരിശീലനം ആരംഭിച്ചു. ദിവസേന നാൽപ്പത് കേഡറ്റുകളാണ് പെരിയ കേരള കേന്ദ്ര സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്.
സാമൂഹ്യ പ്രവർത്തനം, ജീവൻരക്ഷാ മാർഗ്ഗങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, തൊഴിൽ അവസരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ധ്യാപകരും വിദഗ്ദ്ധരുമാണ് ക്ലാസ്സുകൾ നൽകുന്നത്. ഇതിനുപുറമെ അദ്ധ്യാപകരുമായുള്ള സംവാദവുമുണ്ട്. സയൻസ് ലാബുകൾ സന്ദർശിച്ച് പ്രവർത്തനം മനസിലാക്കുകയും ചെയ്യും. കോഴിക്കോട് എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഇ. ഗോവിന്ദ്, 32 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ വൈ. വിജയകുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്. വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലുവുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 30ന് ആരംഭിച്ച പരിശീലനം മേയ് 9നാണ് സമാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |